രക്ഷകനായി മുഹമ്മദ് നവാസ്; നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയെ വീഴ്ത്തി പാക്കിസ്ഥാന്‍; 5 വിക്കറ്റ് തോല്‍വിയോടെ ശ്രീലങ്ക ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്ത്

ശ്രീലങ്ക ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്ത്

Update: 2025-09-23 18:57 GMT

ദുബായ്: ഏഷ്യകപ്പിലെ ജീവന്മരണ പോരാട്ടത്തില്‍ ശ്രീലങ്കയെ വീഴ്ത്തി പ്രതിക്ഷകള്‍ സജീവമാക്കി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ 5 വിക്കറ്റിനാണ് ശ്രീലങ്കയെ പാക്കിസ്ഥാന്‍ തകര്‍ത്തത്.തകര്‍ച്ചയില്‍ നിന്നും തിരിച്ചുവന്നാണ് പാക്കിസ്ഥാന്റെ വിജയം. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 133 /8. പാക്കിസ്ഥാന്‍ 18 ഓവറില്‍ 138/5. തോല്‍വിയോടെ ശ്രീലങ്ക ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് സഹിബ്സാദ ഫര്‍ഹാനും ഫഖര്‍ സമാനും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.ടീം അഞ്ചോവറില്‍ 43-ലെത്തി. എന്നാല്‍ ആറാം ഓവറില്‍ ഇരുവരും പുറത്തായതോടെ പാകിസ്താന്‍ പരുങ്ങലിലായി.ഫര്‍ഹാന്‍ 24 റണ്‍സും ഫഖര്‍ സമാന്‍ 17 റണ്‍സുമെടുത്ത് പുറത്തായി. പിന്നാലെ സയിം അയൂബും(2), നായകന്‍ സല്‍മാന്‍ ആഗയും(5) കൂടാരം കയറി. അതോടെ പാകിസ്താന്‍ 57-4 എന്ന നിലയിലായി.

മുഹമ്മദ് ഹാരിസ് 13 റണ്‍സെടുത്തു. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ഹുസ്സൈന്‍ താലത്ത് 32 റണ്‍സും മുഹമ്മദ് 38 റണ്‍സുമെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ മൂന്ന് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി, രണ്ട് പേരെ വീതം പുറത്താക്കിയ ഹുസൈന്‍ താലാത്, ഹാരിസ് റൗഫ് എന്നിവരാണ് എറിഞ്ഞിട്ടത്. 44 പന്തില്‍ 50 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

രണ്ടാം പന്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരമേറ്റു. കുശാല്‍ മെന്‍ഡിസ് (0) ഗോള്‍ഡന്‍ ഡക്ക്. മിഡ് വിക്കറ്റില്‍ ഹുസൈന്‍ താലാതിന് ക്യാച്ച് നല്‍കി മടങ്ങി. തന്റെ രണ്ടാം ഓവറില്‍ നിസ്സങ്കയേയും അഫ്രീദി തിരിച്ചയച്ചു. അഫ്രീദിക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ച നിസ്സങ്കയ്ക്ക് പിഴച്ചു.വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിന് ക്യാച്ച്. കുശാല്‍ പെരേര (15), ചരിത് അസലങ്ക (20), ദസുന്‍ ഷനക (0) എന്നിവര്‍ക്കും പാക് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ അഞ്ചിന് 58 എന്ന നിലയിലായി ലങ്ക. പിന്നാലെ വാനിന്ദു ഹസരങ്കയെ (15) അബ്രാര്‍ അഹമ്മദ് ബൗള്‍ഡാക്കി. ഇതോടെ ആറിന് 80.

പിന്നീട് ചാമിക കരുണാരത്നെ (21 പന്തില്‍ പുറത്താവാതെ 17) മെന്‍ഡിസ് സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 19-ാം ഓവറില്‍ മെന്‍ഡിസ് മടങ്ങി. അവസാന ഓവറില്‍ എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് ലങ്കയ്ക്ക് സാധിച്ചത്. മഹീഷ് തീക്ഷണ (0) പുറത്താവാതെ നിന്നു. ദുഷ്മന്ത ചമീര (1)യാണ് പുറത്തായ മറ്റൊരു താരം.

Tags:    

Similar News