പേര് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; നല്‍കിയത് ബോര്‍ഡര്‍ മാത്രം: അവഗണിച്ചെന്ന് താരം: സമ്മാനം കൊടുക്കാന്‍ വിളിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി സുനില്‍ ഗവാസ്‌കര്‍
സിഡ്നി: തന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ട്രോഫി നല്‍കാന്‍ തന്നെ ക്ഷണിക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍. സുനില്‍ ഗവാസ്‌കറിന്റെയും ഓസ്ട്രേലിയന്‍ താരമായ അലന്‍ ബോര്‍ഡറുടെയും പേരില്‍ ഏര്‍പ്പെടുത്തിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നല്‍കാന്‍ തന്നെ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് സുനില്‍ ഗവാസ്‌കര്‍ രേഖപ്പെടുത്തിയത്.
ഇത്തവണ ഓസീസ് ബാറ്റിംഗ് ഇതിഹാസം അലന്‍ ബോര്‍ഡറാണ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചത്. ഇന്ത്യയാണ് പരമ്പര നേടുന്നതെങ്കില്‍ ഗവാസ്‌കറും ഓസ്‌ട്രേലിയയാണ് നേടുന്നതെങ്കില്‍ ബോര്‍ഡറും ട്രോഫി സമ്മാനിക്കുമെന്നായിരുന്നു ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള ധാരണ എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമന്റേറ്ററായി സിഡ്‌നിയിലുണ്ടായിട്ടും തന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കാന്‍ വേദിയിലേക്കുപോലും വിളിക്കാത്തതില്‍ ഗവാസ്‌കര്‍ അതൃപ്തി പ്രകടിപ്പിച്ചു.
സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നുവെന്നും എന്തൊക്കെ പറഞ്ഞാലും ട്രോഫിയുടെ പേര് തന്നെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി എന്നല്ലെയെന്നും ഗവാസ്‌കര്‍ കോഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
ഞാന്‍ ഗ്രൗണ്ടില്‍ തന്നെയുണ്ടായിരുന്നു. പരമ്പര ആര് നേടി എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. മികച്ച കളി കാഴ്ചവെച്ചവര്‍ പരമ്പര ജയിക്കും. ഓസ്‌ട്രേലിയയാണ് ഇന്ത്യയെക്കാള്‍ മികച്ച പ്രകടനം നടത്തിയത് എന്നതിനാല്‍ അവര്‍ ട്രോഫിക്ക് അര്‍ഹരാണ്. എന്നാല്‍ ഞാനൊരു ഇന്ത്യക്കാരനായതുകൊണ്ട് കിരീടം കൈമാറേണ്ടതില്ല എന്ന് പറയുന്നത് ശരിയല്ല. എന്റെ അടുത്ത സുഹൃത്തായ അലന്‍ ബോര്‍ഡര്‍ക്കൊപ്പം നിന്ന് കിരീടം സമ്മാനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഡ്ലെയ്ഡിലും മെല്‍ബണിലും സിഡ്‌നിയിലും ജയിച്ചാണ് ഓസീസ് 3-1 പരമ്പര നേടിയത്.മഴ മുടക്കിയ ബ്രിസ്‌ബേന്‍ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു.തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ നേരിയ പ്രതീക്ഷയും അവസാനിച്ചു.