'തോൽവി സമ്മതിച്ച് പിന്മാറുന്നയാളല്ല, ശക്തമായ തിരിച്ചുവരവിനുള്ള സൂചനയാണിത്'; 2027 ലോകകപ്പിൽ വിരാട് കളിക്കുമെന്നും സുനിൽ ഗവാസ്കർ

Update: 2025-10-24 09:24 GMT

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ തുടർച്ചയായ രണ്ടാം തവണയും പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ലോകകപ്പിന് മുമ്പ് വിരമിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. പെർത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഡക്കായതിന് പിന്നാലെ അഡ്ലൈഡിൽ സേവ്യർ ബാർലെറ്റിന്റെ പന്തിലും പൂജ്യത്തിന് പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. അഡ്ലൈഡിൽ പുറത്തായതിന് പിന്നാലെ പവലിയനിലേക്ക് മടങ്ങുമ്പോൾ ഗ്ലൗസ് അഴിച്ച് കൈയുയർത്തി കാണിച്ചിരുന്നു. ഇത് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നതിന്റെ സൂചനയായിട്ടാണ് ചിലർ വിലയിരുത്തിയത്.

എന്നാൽ, ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ കോഹ്‌ലിയുടെ തിരിച്ചുവരവിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചു. കോഹ്‌ലി ഒരിക്കലും തോൽവി സമ്മതിച്ച് പിന്മാറുന്ന കളിക്കാരനല്ലെന്ന് ഗവാസ്കർ പറഞ്ഞു. തുടർച്ചയായ രണ്ട് ഡക്കുകൾ വിരമിക്കലിന്റെ സൂചനയല്ലെന്നും, മറിച്ച് ശക്തമായ തിരിച്ചുവരവിനുള്ള അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലൗസുകൾ അഴിച്ച് കാണികളോട് യാത്ര പറയുന്നതായി തോന്നിച്ച പ്രകടനം സിഡ്നിയിൽ കാണാമെന്ന സൂചന മാത്രമാണെന്നും, 2027 ലോകകപ്പ് വരെ ഇന്ത്യൻ ടീമിന് വേണ്ടി കോഹ്‌ലി കളിക്കുമെന്നും ഗവാസ്കർ പ്രവചിച്ചു.

പ്രായത്തെ വെല്ലുന്ന ഫിറ്റ്നസാണ് കോഹ്‌ലിയുടെ പ്രധാന സവിശേഷതകളിലൊന്നായി ഗവാസ്കർ എടുത്തുപറഞ്ഞു. ആക്രമണ ശൈലിയിലുള്ള കളിയാണ് കോഹ്‌ലിയുടേത്. ഇത് ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹം നൽകിയ സംഭാവനകളെ അടിവരയിടുന്നു. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും 2027 ലോകകപ്പിലും കളിക്കുമെന്നാണ് ഗവാസ്കർ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News