ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കുള്ള ആദരവ്; വാങ്കഡെയില്‍ ഇനി സുനില്‍ ഗാവസ്‌കറുടെ പ്രതിമയും; ആദരവിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് നന്ദി പറഞ്ഞ് ഇതിഹാസ താരം

Update: 2025-08-24 12:02 GMT

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം സുനിൽ ഗവാസ്കറിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെങ്കല പ്രതിമ. സ്റ്റേഡിയത്തിലെ ശരദ് പവാർ ക്രിക്കറ്റ് മ്യൂസിയത്തിൽ സ്ഥാപിച്ച പ്രതിമ ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ നിസ്തുല സംഭാവനകൾക്കുള്ള ആദരമായാണ് സമർപ്പിച്ചത്. മുൻ ബിസിസിഐ പ്രസിഡൻ്റ് ശരദ് പവാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

പ്രതിമ അനാച്ഛാദന വേളയിൽ ഗവാസ്കർ വികാരഭരിതനായി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ഒരു അമ്മയെപ്പോലെയാണ് തന്നെ പരിപാലിച്ചതെന്നും ഈ ആദരവിന് മുന്നിൽ വാക്കുകൾ കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബോംബെ സ്കൂൾ ക്രിക്കറ്റ് മുതൽ ഇന്ത്യൻ ടീം വരെയുള്ള തൻ്റെ കരിയർ രൂപപ്പെടുത്തിയതിൽ എംസിഎ വഹിച്ച പങ്ക് വളരെ വലുതാണെന്നും ഇങ്ങനെയൊരു ബഹുമതി താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ച ബാറ്ററാണ് സുനിൽ ഗവാസ്കർ. സർ ഡൊണാൾഡ് ബ്രാഡ്മാന്റെ 29 സെഞ്ചുറികളെന്ന ലോക റെക്കോർഡ് തകർത്തതും അദ്ദേഹമായിരുന്നു. പിന്നീട് സച്ചിൻ ടെണ്ടുൽക്കറാണ് ഈ റെക്കോർഡ് മറികടന്നത്. ഗവാസ്കറിൻ്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന ശരദ് പവാർ ക്രിക്കറ്റ് മ്യൂസിയം സെപ്റ്റംബർ 22 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

Tags:    

Similar News