പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ; മത്സര ശേഷമുള്ള ക്യാപ്റ്റന്റെ പഹൽഗാം പ്രസ്താവനയും, പാക്ക് ബൗളറുടെ 'ആംഗ്യ'വും അതിരുകടന്നത് തന്നെ; കുറ്റം നിഷേധിച്ചതിന് പിന്നാലെ വടിയെടുത്ത് ഐസിസി; ഹാരിസ് റൗഫിനും സൂര്യകുമാർ യാദവിനും മാച്ച് ഫീയുടെ 30 ശതമാനം പിഴ; സാഹിബ്‌സാദ ഫർഹാ 'ഗൺ സെലിബ്രേഷ'ന് ശാസന

Update: 2025-09-26 15:08 GMT

ദുബായ്: ഏഷ്യാ കപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പിഴയിട്ട് ഐസിസി.പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതോടെയാണ് സൂര്യകുമാറിന് മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയായി ചുമത്തിയത്. പാക് ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ്‌സാദ ഫർഹാനുമെതിരെ ഐസിസി മുമ്പ് നടപടി സ്വീകരിച്ചിരുന്നു. ഹാരിസിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയും സാഹിബ്‌സാദ ഫർഹാന് ശാസന നൽകുകയും ചെയ്തു.

സാഹിബ്‌സാദ ഫർഹാൻ 'ഗൺ സെലിബ്രേഷൻ' നടത്തിയതിന് പിഴ ചുമത്തിയിട്ടില്ല. സെപ്റ്റംബർ 14ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ വിജയത്തെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ഇന്ത്യൻ സൈനികർക്കും സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. ടൂർണമെന്റ് സംഘാടകർ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സൂര്യകുമാർ യാദവിന്റെ പരാമർശങ്ങൾക്കെതിരെ പാകിസ്ഥാൻ ഐസിസിക്ക് പരാതി നൽകിയിരുന്നു.

സൂര്യകുമാർ കുറ്റം നിഷേധിച്ചതായും, ടൂർണമെന്റിൽ ഉടനീളം രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള പരാമർശങ്ങൾ നടത്തരുതെന്ന് അദ്ദേഹത്തിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്സനാണ് വാദം കേട്ടത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ നിലവിലെ സംഘർഷാവസ്ഥ മത്സരത്തിന് മുൻപേ പ്രകടമായിരുന്നു.

ടോസിനും മത്സരത്തിന് ശേഷവും ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ താരങ്ങളുമായി ഹസ്തദാനം നടത്തിയിരുന്നില്ല. ഇത് പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെട്ടത്. അതിനിടെ, ദുബായിൽ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ പ്രകോപനപരമായ രീതിയിൽ പെരുമാറിയെന്ന ആരോപണത്തിൽ പാക്കിസ്ഥാൻ താരങ്ങളായ ഹാരിസ് റൗഫും, ഫർഹാനും വെള്ളിയാഴ്ച ഐസിസിക്ക് മുന്നിൽ കുറ്റം നിഷേധിച്ചിരുന്നു. താരങ്ങളുടെ കളിക്കളത്തിലെ പെരുമാറ്റത്തിനും നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ 4 റൗണ്ടിലും പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ് ടൂർണമെന്റിലെ ഫേവറൈറ്റുകൾ. തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഈ മാസം 28ന് നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനുമായി വീണ്ടും ഏറ്റുമുട്ടും.

Tags:    

Similar News