അവസാന പന്തിൽ ജയിക്കാൻ വേണ്ടത് രണ്ട് റൺസ്; സി.എസ്.കെ താരത്തെ സിക്സറിടിച്ച് ഹിമ്മത് സിംഗ്; മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം; തമിഴ്നാടിന് തുടർച്ചയായ രണ്ടാം തോൽവി
അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെതിരെ ആറ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഡൽഹി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന പന്തിൽ ഹിമ്മത് സിംഗ് നേടിയ ഉജ്ജ്വലമായ സിക്സറാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്നു. തമിഴ്നാട് ബോളർ ഗുർജപ്നീത്തിന്റെ പന്തിൽ പോയിന്റിലൂടെ സിക്സർ പറത്തിയാണ് ഹിമ്മത് സിംഗ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട്, തുഷാർ രഹേജയുടെയും അമിത് സത്‌വിക്കിന്റെയും വെടിക്കെട്ട് അർദ്ധസെഞ്ച്വറികളുടെ മികവിൽ മികച്ച സ്കോർ പടുത്തുയർത്തി. 41 പന്തിൽ 72 റൺസാണ് തുഷാർ രഹേജ നേടിയത്, അമിത് സത്‌വിക് 40 പന്തിൽ 54 റൺസും നേടി ടീമിന്റെ സ്കോർ ഉയർത്തി. തമിഴ്നാടിന്റെ സ്പിന്നർ വരുൺ ചക്രവർത്തി നിരാശപ്പെടുത്തി. 47 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി യഷ് ധുള്ളും പ്രിയാൻഷ് ആര്യയും ചേർന്ന് 5.1 ഓവറിൽ 52 റൺസ് നേടി മികച്ച തുടക്കം നൽകി. 15 പന്തിൽ 35 റൺസെടുത്ത പ്രിയാൻഷ് ആര്യയെ സോനു യാദവ് പുറത്താക്കിയെങ്കിലും, യഷ് ധുൾ സ്കോറിംഗ് വേഗം നിലനിർത്തി. നായകൻ നിതീഷ് റാണയുമായി (26 പന്തിൽ 34 റൺസ്) ചേർന്ന് ധുൾ നിർണായക കൂട്ടുകെട്ടുണ്ടാക്കി.
46 പന്തിൽ നാല് ഫോറുകളും നാല് സിക്സറുകളും സഹിതം 71 റൺസെടുത്ത് ടോപ് സ്കോററായ ധുൾ, ഡൽഹിക്ക് ജയിക്കാൻ 28 റൺസ് വേണ്ടപ്പോൾ പുറത്തായി. പിന്നാലെ ആയുഷ് ബദോനി 23 പന്തിൽ 41 റൺസ് നേടി പവലിയനിലേക്ക് മടങ്ങിയെങ്കിലും അനുജ് റാവത്തും, ഹിമ്മത് സിങ്ങും ചേർന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടൂർണമെന്റിൽ ഡൽഹിയുടെ ആദ്യ ജയമാണിത്. സീസണിലെ തമിഴ്നാടിന്റെ രണ്ടാമത്തെ തോൽവിയാണിത്.