'വല്ലാതെ ക്ഷീണിതയായിരുന്നു, ഒറ്റയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് തോന്നി, എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കണമെന്ന് അവളോട് പറഞ്ഞു'; ഔട്ടായി തിരികെ നടക്കുമ്പോൾ ദീപ്തി ജമീമ റോഡ്രിഗസിനോട് പറഞ്ഞതിങ്ങനെ

Update: 2025-11-01 11:35 GMT

മുംബൈ: ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലിൽ റെക്കോർഡ് റൺ ചേസിലൂടെ ഫൈനൽ പ്രവേശനം നടത്തിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹമാണ്. കൂറ്റൻ വിജയലക്ഷ്യമായ 339 റൺസ് പിന്തുടർന്ന ഇന്ത്യയുടെ വിജയശിൽപ്പി 25കാരിയായ ജമീമ റോഡ്രിഗസാണ്. 134 പന്തുകളിൽ നിന്ന് 127 റൺസെടുത്താണ് താരം ടീമിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയതിനു ശേഷം നാലാം വിക്കറ്റിൽ ദീപ്തി ശർമ്മയ്‌ക്കൊപ്പം 38 റൺസ് കൂട്ടിച്ചേർത്താണ് ജമീമ ടീമിനെ വിജയതീരത്തെത്തിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷ കൈവിട്ടതായി താരം വെളിപ്പെടുത്തി. 'ഏകദേശം 85 റൺസെടുത്തു നിൽക്കുമ്പോൾ ഞാൻ വല്ലാതെ ക്ഷീണിതയായിരുന്നു. അക്കാര്യം ദീപ്തിയോട് ഞാൻ പറഞ്ഞു. എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കണം. എനിക്കിത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു,' ജമീമ ഓർത്തെടുത്തു.

ഈ ഘട്ടത്തിൽ ദീപ്തി ശർമ്മ നൽകിയ പിന്തുണയാണ് വിജയത്തിൽ നിർണ്ണായകമായതെന്ന് ജമീമ പറഞ്ഞു. 'ഓരോ പന്തിലും ദീപ്തി എന്നെ പിന്തുണയ്ക്കുകയായിരുന്നു. എന്റെ ഒരു റണ്ണിന് വേണ്ടി അവൾ സ്വന്തം വിക്കറ്റ് പോലും ത്യജിച്ചു. തിരികെ നടക്കുമ്പോൾ അവൾ എന്നോട് പറഞ്ഞു, 'സാരമില്ല, നീ പോയി മാച്ച് ഫിനിഷ് ചെയ്തിട്ട് വാ',' ജമീമയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞുനിന്നു.

ദീപ്തിയുടെയും റിച്ചയുടെയും അമൻജോതിന്റെയും ഇന്നിംഗ്സുകൾ തന്റെ സമ്മർദ്ദം കുറച്ചെന്നും, ഹർമൻപ്രീതുമായുള്ള മുൻകാല കൂട്ടുകെട്ടുകളിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ ടീമിന്റെ സ്ഥിരത മെച്ചപ്പെട്ടെന്നും താരം കൂട്ടിച്ചേർത്തു. സാധാരണ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ജമീമ, സെമിയിൽ മൂന്നാം നമ്പറിലാണ് ക്രീസിലെത്തിയത്. 49ാം ഓവറിലെ മൂന്നാം പന്തിൽ അമൻജോത് കൗറിന്റെ ബൗണ്ടറിയോടെ ഇന്ത്യ വിജയത്തിലെത്തിയപ്പോൾ ജമീമയുടെ കണ്ണുകൾ കണ്ണുകള്‍ നിറഞ്ഞിരുന്നു.

Tags:    

Similar News