'ഹോങ്കോങ് സിക്സസിന് രസകരമായ തുടക്ക'മെന്ന് പോസ്റ്റ് ചെയ്ത് ദിനേശ് കാർത്തിക്; കപ്പടിച്ചതിന് പിന്നാലെ 'ഹോങ്കോങ് സിക്സസിന് രസകരമായ അന്ത്യമെന്ന് പാക്ക് താരത്തിന്റെ മറുപോസ്റ്റ്; ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ച് 'വീ ഹാവ് എ റിയൽ ട്രോഫി' എന്ന ഹാഷ്ടാഗ്; കമന്റേറ്റർമാരോടും പരിശീലകരോടും തോറ്റ ടീമെന്ന് ട്രോൾ

Update: 2025-11-10 14:37 GMT

മോങ് കോക്ക്: ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് പാക്കിസ്ഥാൻ താരം മുഹമ്മദ് ഷഹ്‌സാദ് പങ്കുവെച്ച പോസ്റ്റ് വൈറലായതോടെ ട്രോളുമായി ആരാധകർ. ടൂർണമെന്റിൽ പാക്കിസ്ഥാനെതിരായ വിജയം നേടിയതിന് പിന്നാലെ മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് പങ്കുവെച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ഷഹ്‌സാദിന്റെ പരാമർശം. എന്നാൽ, ഇതിൽ ഉപയോഗിച്ച ഒരു ഹാഷ്ടാഗാണ് ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന ഫൈനലിൽ കുവൈത്തിനെ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം നേടിയത്. ടൂർണമെന്റിൽ ഇന്ത്യ പാകിസ്താനെ രണ്ട് റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ലഭിച്ച ഈ വിജയത്തിന് പിന്നാലെ ദിനേശ് കാർത്തിക് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: "ഹോങ്കോങ് സിക്സസിന് രസകരമായ തുടക്കം. പാക്കിസ്ഥാനെതിരേ വിജയം."

ഇതിന് മറുപടിയായാണ് ഷഹ്‌സാദ് ടൂർണമെന്റ് നേടിയ ശേഷം പോസ്റ്റ് ചെയ്തത്: "ഹോങ്കോങ് സിക്സസിന് രസകരമായ അന്ത്യം. കാര്യങ്ങളെല്ലാം പതിവുപോലെ." എന്നാൽ, ഇതിനൊപ്പം കൂട്ടിച്ചേർത്ത #WeHaveARealTrophy എന്ന ഹാഷ്ടാഗാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയത്. അടുത്തിടെ നടന്ന ഏഷ്യാ കപ്പ് വിജയിച്ച ഇന്ത്യൻ ടീം, പാക്കിസ്ഥാൻ മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിക്കുകയും, ആ ട്രോഫി ഇതുവരെ ടീമിന് ലഭിച്ചിട്ടില്ലെന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തെയാണ് ഷഹ്‌സാദ് പരിഹസിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

പാക്കിസ്ഥാൻ സൂപ്പർ ലീഗ് പോലുള്ള മത്സരങ്ങളിൽ സജീവമായി കളിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാണ് പാകിസ്താൻ ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ വിജയിച്ചത്. എന്നാൽ, ഇന്ത്യ ടൂർണമെന്റിൽ അണിനിരത്തിയത് വിരമിച്ചതും മുപ്പതുകളിലും നാൽപ്പതുകളിലും പ്രായമുള്ള താരങ്ങളെയും ആയിരുന്നു. ഈ വിഷയവും പല കോണുകളിൽ നിന്ന് വിമർശനങ്ങൾക്ക് ഇടയാക്കി. "കമന്റേറ്റർമാരോടും പരിശീലകരോടും തോറ്റ ഒരു കൂട്ടം സജീവ കളിക്കാരുടെ ടീമാണ് പാക്കിസ്ഥാൻ" എന്ന് വരെ സോഷ്യൽ മീഡിയയിൽ ചിലർ വിശേഷിപ്പിക്കുന്നുണ്ട്.

ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു. മഴയെ തുടർന്ന് പാക്കിസ്ഥാനെതിരായ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മത്സരത്തിൽ രണ്ട് റൺസിന് ഇന്ത്യ വിജയിച്ചെങ്കിലും, തുടർന്ന് നടന്ന മത്സരങ്ങളിൽ വിജയം നേടാനാവാതെ സെമിഫൈനൽ കാണാതെ പുറത്താവുകയായിരുന്നു.

Tags:    

Similar News