'ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ആ പന്ത് സാക്ഷിയാകാൻ കഴിഞ്ഞത് വലിയ ഭാഗ്യം'; വൈറലായി അമ്പയർ കുമാർ ധർമ്മസേനയുടെ പോസ്റ്റ്

Update: 2025-08-12 12:56 GMT

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ച മുഹമ്മദ് സിറാജിനെ പ്രശംസിച്ച് ശ്രീലങ്കൻ അമ്പയർ കുമാർ ധർമ്മസേന. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിലെ ആ മാന്ത്രിക നിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിറാജിന്റെ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ ആറ് റൺസിന് വിജയിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിലായി.

മത്സരത്തിന്റെ അഞ്ചാം ദിവസം ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺസ് വേണ്ടിയിരുന്നപ്പോൾ ഇന്ത്യക്ക് വീഴ്ത്താനുണ്ടായിരുന്നത് നാല് വിക്കറ്റുകളായിരുന്നു. എന്നാൽ സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി. അവസാന വിക്കറ്റിൽ ജയിക്കാൻ ഏഴ് റൺസ് വേണമെന്നിരിക്കെ, ഗസ് അറ്റ്കിൻസണായിരുന്നു ക്രീസിൽ. അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ അറ്റ്കിൻസന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച് സിറാജ് ഇന്ത്യക്ക് ആവേശോജ്വലമായ വിജയം സമ്മാനിക്കുകയായിരുന്നു.

Full View

ഈ നിമിഷത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ധർമ്മസേന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത്. 'ഏറ്റവും മികച്ച സ്ഥലത്ത് നിന്ന് ഈ പന്തിന് സാക്ഷിയാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്' അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു. മത്സരത്തിൽ ഓൺ-ഫീൽഡ് അമ്പയർമാരിൽ ഒരാളായിരുന്നു ധർമ്മസേന.

ഈ പരമ്പരയിലുടനീളം സിറാജ് മികച്ച ഫോമിലായിരുന്നു. അഞ്ച് ടെസ്റ്റുകളും കളിച്ച ഏക ഇന്ത്യൻ ബൗളറായ സിറാജ്, 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി. 185-ൽ അധികം ഓവറുകളാണ് സിറാജ് എറിഞ്ഞത്. ഓവലിലെ തകർപ്പൻ പ്രകടനം ടെസ്റ്റ് ക്രിക്കറ്റിലെ സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു.

Tags:    

Similar News