വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചെ സെഞ്ച്വറികള്‍, എന്നിട്ടും ദേശീയ ടീമില്‍ സ്ഥാനമില്ല; സെലക്ഷന്‍ പ്രതീക്ഷിച്ചെങ്കിലും നിരാശനല്ലെന്ന് മലയാളി താരം

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചെ സെഞ്ച്വറികള്‍

Update: 2026-01-07 11:13 GMT

ബംഗളുരു: വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടി മിന്നുന്ന ഫോമിലാണ് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. കര്‍ണാടക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ടൂര്‍ണമെന്റില്‍ ഇതുവരെ 600ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ എന്നും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള പടിക്കലിന് പക്ഷെ ഇന്ത്യന്‍ ഏകദിന ടീമില്‍ കളിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ടീമിലേക്ക് വിളി പ്രതീക്ഷിച്ചെങ്കിലും നിരാശനല്ലെന്നാണ് താരം പറയുന്നത്.

അടുത്തതായി നടക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള ടീമിലും താരത്തിന് അവസരം ലഭിച്ചില്ലായിരുന്നു. എന്നാല്‍ അതില്‍ തനിക്ക് നിരാശയില്ലെന്നും ഒരുപാട് ബാറ്റര്‍മാര്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ടെന്നും ഏകദിന ടീമില്‍ കയറിപറ്റുന്നത് എളുപ്പമല്ലെന്നും പടിക്കല്‍ പറഞ്ഞു.

'നിരാശനാണെന്ന് ഞാന്‍ പറയില്ല. ഞാന്‍ സെലക്ഷനെ നോക്കുകയും എന്ത് നടക്കുമെന്നും നോക്കിയിരുന്നു. എന്നാല്‍ അതേസമയം, നിരയില്‍ ധാരാളം ബാറ്റര്‍മാരുണ്ടെന്നും എല്ലാവരും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും എനിക്ക് അറിയാം. ആ ഏകദിന ടീമിലേക്ക് ഇടിച്ചുകയറുന്നത് അത്ര എളുപ്പമല്ല,' പടിക്കല്‍ പറഞ്ഞു.

ഏതൊരു പ്രൊഫഷണല്‍ അത്‌ലറ്റിനും അത്യാവശ്യമായ ഒരു ഗുണമായിട്ടാണ് ഈ ക്ഷമയെ അദ്ദേഹം കാണുന്നത്. 'വീണ്ടും, ക്രിക്കറ്റ് കളിക്കാരെന്ന നിലയില്‍ നിങ്ങള്‍ സമാധാനം പാലിക്കേണ്ട ഒരു കാര്യമാണിത്. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യാന്‍ ശ്രമിക്കുകയും റണ്‍സ് നേടുകയും വേണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News