തുടർച്ചയായി മോശം പ്രകടനം; തിലക് വർമയുടെ ഫോം മുംബൈ ഇന്ത്യൻസിന് തലവേദനയാകുമോ ?; വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ-ഹൈദരാബാദ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്; ജയത്തിനായി ശ്രേയസ് അയ്യരുടെ ചെറുത്ത് നിൽപ്പ്
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി താരമായി വാഴ്ത്തപ്പെടുന്ന യുവ ബാറ്റ്‌സ്മാനാണ് തിലക് വർമ്മ. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് തിലക് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. അടുത്ത സീസണ് മുന്നോടിയായി മുംബൈ നിലനിർത്തിയ താരങ്ങളിൽ ഒരാൾ തിലക് വർമ്മയായിരുന്നു. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ താരത്തിന് ഇന്ത്യൻ ടീമിലേക്കും വിളി വന്നു. 2023 ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു തിലക് ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. ടീമിൽ സ്ഥാനം ലഭിച്ചപ്പോഴൊന്നും താരം അവസരം പാഴാക്കിയില്ല.
ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കാനും തിലകിനായി. ഏറ്റവും അവസാനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു തിലക് വര്‍മ. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ തിലക് പരമ്പരയിലെ താരവുമായി. പിന്നാലെ നടന്ന സയ്യിദ് മുഷ്താഖ് ടി20യില്‍ ഹൈദരാബാദിന് വേണ്ടിയും താരം ഗംഭീര പ്രകടനം പുറത്തെടുത്തു. റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുണ്ടായിരുന്നു ഹൈദരാബാദ് ക്യാപ്റ്റന്‍.
ഇതോടെയാണ് വിജയ് ഹസാരെ ട്രോഫിക്കുള്ള ഹൈദരാബാദ് ടീമിനെ നയിക്കാനുള്ള അവസരവും തിലകിന് ലഭിച്ചത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിൽ താരം നിരാശപ്പെടുത്തി. വൺ ഡൗണായാണ് താരം ക്രീസിലെത്തുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റണ്‍സെടുക്കാതെ തിലക് പുറത്തായത്. ദുർബലരായ നാഗാലാന്‍ഡിനെതിരെ നേരിട്ട മൂന്നാം പന്തില്‍ തന്നെ തിലക് പുറത്തായി. ഇന്ന് മുംബൈക്കെതിരായ താരത്തിന് പ്രതീക്ഷക്കൊത്ത് ബാറ്റ് വീശാൻ സാധിച്ചില്ല. മത്സരത്തിൽ തിലക് നിരാശപ്പെടുത്തിയപ്പോള്‍ 38.1 ഓവറില്‍ കേവലം 169 റണ്‍സിന് ഹൈദരാബാദ് ഓൾ ഔട്ടായി.
ഒടുവിൽ വിവരം കിട്ടുമ്പോൾ മുംബൈക്ക് ജയിക്കാൻ 31 ഓവറുകളിൽ നിന്നും 57 റണ്‍സ് മാത്രം മതി. എന്നാൽ 7 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. മുംബൈക്കായി ക്യാപ്റ്റൻ ശ്രേയസ് അയ്യരും ( 8 ), തനുഷ് കൊട്ടിയൻ ( 16 ) എന്നിവരാണ് ക്രീസിൽ. ഹൈദരാബാദിനായി നിഷാന്ത് 3 വിക്കറ്റും, മുഹമ്മദ് മുദ്ദസിർ 2 വിക്കറ്റുകളും നേടി. സൂര്യ കുമാർ യാദവ് 18 റൺസ് നേടി പുറത്തായി.
നേരത്തെ, ടോസ് നേടിയ മുംബൈ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 64 റണ്‍സെടുത്ത ഓപ്പണര്‍ തന്‍മയ് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അരവെല്ലി അവനിഷ് 52 റണ്‍സെടുത്തു. അഗര്‍വാള്‍ - അഭിരാത് റെഡ്ഡി (35) സഖ്യം മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഇരുവരും 85 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഭിരാതിനെ പുറത്താക്കി അഥര്‍വ അങ്കോളേക്കര്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടടുത്ത പന്തില്‍ തിലകും മടങ്ങി. വരുണ്‍ (1), രോഹിത് റായുഡു (1), അജയ് ദേവ് ഗൗഡ് (7), തനയ് ത്യാഗരാജന്‍ (1), മിലിന്ദ് (3), മുദാസര്‍ (1) എന്നിവര്‍ വന്നത് പോലെ മടങ്ങി. മുംബൈക്ക് വേണ്ടി അഥര്‍വ നാല് വിക്കറ്റ് വീഴ്ത്തി. ആയുഷ് മാത്രെയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.