ഇടം കൈയൻ സ്പിന്നറെ പോലെ റൺ അപ്പ്; എറിയുന്നതിന് തൊട്ട് മുൻപ് പന്ത് വലം കൈയിലേക്ക്; വണ്ടറിടിച്ച് ബാറ്റർ; ക്രിക്കറ്ററാകാൻ അച്ഛനും, നർത്തകിയാകാൻ അമ്മയും ആഗ്രഹിച്ചതിന്റെ ഫലമെന്ന് നെറ്റിസൺസ്

Update: 2025-12-27 09:17 GMT

സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി ലോക ക്രിക്കറ്റിൽ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു ബൗളിങ് ആക്ഷൻ. ഒരു സ്പിന്നറുടെ അസാധാരണമായ ഈ പന്തെറിയൽ രീതി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പന്തെറിയുന്നതിന് തൊട്ടുമുമ്പ് കൈ മാറ്റി ബാറ്ററെ ആശയക്കുഴപ്പത്തിലാക്കി വിക്കറ്റ് നേടുന്നതാണ് വീഡിയോയുടെ പ്രധാന ഉള്ളടക്കം. മുൻകാലങ്ങളിലെ പോൾ ആഡംസിനെപ്പോലുള്ള സ്പിന്നർമാരുടെ ആക്ഷനുകൾ ഓർമ്മിപ്പിക്കുന്നതാണെങ്കിലും, ഈ ബൗളറുടെ ശൈലി അതിലേറെ അമ്പരപ്പിക്കുന്നതാണെന്ന് ആരാധകർ പറയുന്നു.

ഒരു നർത്തകനെപ്പോലെ റൺ അപ്പ് ചെയ്ത് വരുന്ന ഈ താരം, ഇടംകൈയ്യൻ സ്പിന്നറെന്ന് തോന്നിപ്പിച്ച്, ഡെലിവറിക്ക് തൊട്ടുമുമ്പ് പന്ത് വലതുകൈയിലേക്ക് മാറ്റി എറിയുകയായിരുന്നു. ഈ അപ്രതീക്ഷിത നീക്കത്തിൽ ആശയക്കുഴപ്പത്തിലായ ബാറ്റർ, ക്രീസിൽ നിന്ന് ഇറങ്ങി ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. വീഡിയോ അതിവേഗം വൈറലാവുകയും ഒട്ടേറെ രസകരമായ പ്രതികരണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.

"എക്കാലത്തേയും മികച്ച ബൗളിങ് ആക്ഷൻ" എന്നാണ് ഒരു കമന്റ്. അച്ഛൻ ക്രിക്കറ്റ് താരവും അമ്മ നർത്തകിയാകണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമാണ് ഈ ബൗളർ എന്ന രസികൻ കമന്റും ശ്രദ്ധ നേടി. എവിടെ നടക്കുന്ന പോരാട്ടത്തിലാണ് ഈ ബൗളിങെന്നും ആരാണ് താരമെന്നും എന്നതു സംബന്ധിച്ചു നിലവിൽ വിവരങ്ങളൊന്നും വന്നിട്ടില്ല.

Tags:    

Similar News