'ഗില്‍ കോലിയെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു; ഐപിഎല്ലില്‍ ക്യാപ്റ്റനായത് മുതലാണ് കൂടുതലായി അഗ്രസീവ് ശൈലിയിലേക്ക് ഗില്‍ വരുന്നത്; ഈ രീതി ബാറ്റിങ്ങിനെ സഹായിക്കില്ല'; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം

'ഗില്‍ കോലിയെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു

Update: 2025-07-22 12:25 GMT

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബാറ്റര്‍ മനോജ് തിവാരി. ഗില്‍ കളിക്കളത്തിലെ അഗ്രഷനില്‍ വിരാട് കോലിയെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് തിവാരി വിമര്‍ശിച്ചത്. ഇത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ക്യാപ്റ്റന്‍ ഗില്‍ കാര്യങ്ങള്‍ ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമല്ല. കഴിഞ്ഞ തവണ വിരാട് കോലി ചെയ്തത് അനുകരിക്കാന്‍ ഗില്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഈ രീതി ഗില്ലിന്റെ ബാറ്റിങ്ങിനെ സഹായിക്കില്ല. ഐപിഎല്ലില്‍ ക്യാപ്റ്റനായത് മുതലാണ് കൂടുതലായി അഗ്രസീവ് ശൈലിയിലേക്ക് ഗില്‍ വരുന്നത്. അമ്പയര്‍മാരോടുപോലും തര്‍ക്കിക്കുകയാണ്. ഇത് ഗില്ലില്‍നിന്ന് ആരും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല. താരത്തിന് അത്തരത്തിലുള്ള അഗ്രഷന്‍ കാണിക്കേണ്ട ആവശ്യമില്ല, ഒന്നും തെളിയിക്കേണ്ടതുമില്ല' -മനോജ് തിവാരി പറഞ്ഞു.

'ഗില്ലിന് അദ്ദേഹത്തിന്റെ തന്നെ ആക്രമണോത്സുക ശൈലിയില്‍ തുടരാന്‍ കഴിയും. അതിന് വേണ്ടി ഗ്രൗണ്ടില്‍ തര്‍ക്കിക്കേണ്ട ആവശ്യമില്ല. ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചുകൊണ്ടും അഗ്രഷന്‍ കാണിക്കാം. ഇന്ത്യക്ക് പരമ്പരയില്‍ 2-1ന് എളുപ്പത്തില്‍ മുന്നിലെത്താന്‍ കഴിയുമായിരുന്നു. അത്തരം ആക്രമണോത്സുകത മത്സരത്തില്‍ നല്ലതല്ല, പ്രത്യേകിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനില്‍ നിന്ന്',തിവാരി കൂട്ടിച്ചേര്‍ത്തു.

ലോഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിവസം മത്സരം അവസാനിപ്പിക്കുന്നതിന് തൊട്ടുമുന്‍പ് ഗില്ലും സാക് ക്രൗളിയും തമ്മില്‍ വാക്കേറ്റമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ഇംഗ്ലണ്ട് ബാറ്റര്‍ വെറുതെ സമയം കളയുകയാണെന്ന് ആരോപിച്ച് ഗില്‍ ചോദ്യം ചെയ്യുകയായിരുന്നു. അതേസമയം ലോര്‍ഡ്‌സില്‍ 22 റണ്‍സിന് പൊരുതിത്തോറ്റ ഇന്ത്യ പരമ്പരയില്‍ 2-1ന് പിന്നിലാണ്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് ടീം ഇന്ത്യക്ക് നിര്‍ണായകമാണ്.

Tags:    

Similar News