ചിന്നസ്വാമിയിലെ ശ്രേയസിന്റെ പരിഹാസത്തിന് മുള്ളന്‍പൂരില്‍ കോലിയുടെ മറുപടി; ആര്‍സിബിയുടെ ജയത്തിന് പിന്നാലെ ഗ്രൗണ്ടില്‍ അമിത ആഘോഷം; കൂളായി പഞ്ചാബ് നായകന്റെ റിയാക്ഷന്‍; അപക്വമെന്ന് ആരാധകര്‍

ശ്രേയസിന്റെ പരിഹാസത്തിന് മുള്ളന്‍പൂരില്‍ കോലിയുടെ മറുപടി

Update: 2025-04-21 10:20 GMT

മുല്ലന്‍പുര്‍: പഞ്ചാബ് കിങ്‌സിനെ അവരുടെ സ്വന്തം തട്ടകത്തില്‍ തകര്‍ത്തശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ നോക്കി ആഘോഷ പ്രകടനം നടത്തി ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി. കോഹ്‌ലിയുടെ വിജയാഘോഷത്തില്‍ ശ്രേയസ് അയ്യരുടെ റിയാക്ഷനും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സരത്തിനു ശേഷം കുറച്ചു നേരം ശ്രേയസിനോടു തര്‍ക്കിച്ച ശേഷം, പഞ്ചാബ് ക്യാപ്റ്റനെ കെട്ടിപ്പിടിച്ചാണു കോലി മടങ്ങിയത്. ഗംഭീര വിജയത്തിനു ശേഷം കോലി നടത്തിയ ആഘോഷ പ്രകടനം സമൂഹമാധ്യമങ്ങളിലും വൈറലാണ്.

വിരാട് കോലി നടത്തിയ വിജയാഘോഷത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അത് ശ്രേയസ് ചിന്നസ്വാമിയില്‍ ചെയ്തതിനുള്ള പ്രതികാരമെന്ന വിശദീകരണമാണ് കോലി ഫാന്‍സ് നല്‍കുന്നത്. രണ്ട് മത്സരങ്ങളിലും കോലിയുടെയും ശ്രേയസിന്റെയും വിജയനിമിഷത്തെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ കോലിയുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നത്.

വെളള്ളിയാഴ്ച ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. മഴമൂലം 14 ഓവര്‍ വീതമാക്കിയ ചുരുക്കിയ മത്സരത്തില്‍ നെഹാല്‍ വധേരയുടെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് സമ്മര്‍ദ്ദ നിമിഷങ്ങള്‍ക്കൊടുവില്‍ 96 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പഞ്ചാബിനെ എത്തിച്ചത്. ജയിച്ചശേഷം ബംഗളൂരുവിലെ കാണികള്‍ക്ക് നേരെ തിരിഞ്ഞ് ശ്രേയസ് ചെവിയില്‍ കൈവെച്ച് ശബ്ദം കേള്‍ക്കുന്നില്ലല്ലോ എന്ന് ആര്‍സിബി ആരാധകരെ കളിയാക്കിയിരുന്നു.


ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഒരു കളി പോലും ജയിച്ചില്ലെങ്കിലും എതിരാളികളുടെ ഗ്രൗണ്ടില്‍ ആധിപത്യം പുലര്‍ത്തുന്ന ആര്‍സിബി ഒരു ദിവസത്തെ ഇടവേളയില്‍ നടന്ന മത്സരത്തില്‍ മുള്ളന്‍പൂരില്‍ പഞ്ചാബിന് മറുപടി നല്‍കി. ഏഴ് വിക്കറ്റ് വിജയവുമായി പഞ്ചാബിനെതിരെ ആര്‍സിബി ജയിച്ചു കയറിയപ്പോള്‍ 54 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്‌കോററായത് വിരാട് കോലിയായിരുന്നു. പഞ്ചാബിനെതിരെ വിജയറണ്ണെടുത്തശേഷം ഷോര്‍ട്ട് പോയന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസിന് നേരെ തിരിഞ്ഞ കോല ആവേശപ്രകടനം നടത്തുകയും ചെയ്തു.


ശ്രേയസ് അയ്യരിന് നേരെ തിരിഞ്ഞാണ് കോഹ്‌ലി അമിത ആവേശം പ്രകടിപ്പിച്ചത്. എന്നാല്‍ തലകുലുക്കി ശാന്തനായി ശ്രേയസ് കോഹ്‌ലിയുടെ അരികിലേക്ക് നടന്നു. ഇതോടെ കോഹ്‌ലിയും ശാന്തനാകുകയും ഇന്ത്യന്‍ സഹതാരത്തെ നോക്കി ചിരിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ സൗഹൃദ സംഭാഷണവും നടത്തി.

എന്നാല്‍ വിരാട് കോലിയുടെ അമിതാവേശ പ്രകടനം അദ്ദേഹത്തെ പോലെ പക്വതയും പരിചയ സമ്പന്നതയുമുള്ള ഒരു കളിക്കാരന് ചേര്‍ന്നതായിരുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. പഞ്ചാബ് ബാറ്റിംഗിനിടെ ജോഷ് ഇംഗ്ലിസിന്റെ വിക്കറ്റെടുത്തശേഷം സുയാഷ് ശര്‍മയുമായി നടത്തിയ കോലിയുടെ ആഘോഷപ്രകടനവും വിമര്‍ശിക്കപ്പെട്ടിരുന്നു.

Tags:    

Similar News