നിങ്ങള്‍ക്കൊപ്പമുള്ള യാത്രയുടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ മാച്ച് വിന്നിങ് സംഭാവനകളും സ്‌കില്‍സും പ്രധാനപ്പെട്ടതാണ്; ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമായി നിങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും: വൈകാരിക കുറിപ്പുമായി വിരാട് കോഹ്‌ലി
ഗാബ ടെസ്റ്റിന് പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അശ്വിന്‍ വിരമിക്കുന്നു എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയുള്ള വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആരാധകരും ഞെട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലി അശ്വിനുമായി സംസാരിക്കുന്നതും പിന്നീട് കെട്ടിപിടിക്കുന്നതുമായ ഫോട്ടോ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സഹ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ വളരെ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വിരാട്.
'14 വര്‍ഷമായി ഞാന്‍ നിങ്ങളോടൊപ്പം കളിക്കുന്നുണ്ട്. ഇന്ന് നിങ്ങള്‍ വിരമിക്കുകയാണെന്ന് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അല്‍പ്പം വികാരഭരിതനായി. അത്രയും വര്‍ഷങ്ങള്‍ ഒരുമിച്ച് കളിച്ചതിന്റെ ഓര്‍മകള്‍ ഫ്ളാഷ്ബാക്ക് പോലെ എന്നിലേയ്ക്ക് വന്നു. നിങ്ങള്‍ക്കൊപ്പമുള്ള യാത്രയുടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു', കോഹ്ലി എക്സില്‍ കുറിച്ചു.
'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ മാച്ച് വിന്നിങ് സംഭാവനകളും സ്‌കില്‍സും പ്രധാനപ്പെട്ടതായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമായി നിങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും. കുടുംബത്തോടൊപ്പമുള്ള നിങ്ങളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാകട്ടെ. ഒരുപാട് ബഹുമാനത്തോടെയും നിറഞ്ഞ സ്നേഹത്തോടെയും, എല്ലാത്തിനും നന്ദി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാബ ടെസ്റ്റിന്റെ അഞ്ചാം ദിനം ഡ്രെസിങ് റൂമില്‍ വെച്ച് വിരാട് കോഹ്ലിയും അശ്വിനും തമ്മിലുള്ള സംസാരത്തിനിടെ ഇരുവരും വൈകാരികമായി ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സമയത്തു തന്നെ അശ്വിന്‍ വിരമിക്കുമോ എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അതിനു ശേഷം മിനിറ്റുകള്‍ക്കുള്ളിലാണ് താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം എക്സിലൂടെ അശ്വിന്‍ പങ്കുവെച്ചത്.