മടങ്ങി വരവിൽ 'കിംഗ്' ഷോ; വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്രയ്‌ക്കെതിരെ വിരാട് കോലിക്ക് സെഞ്ച്വറി; 101 പന്തിൽ നേടിയത് 131 റൺസ്; ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് നേടുന്ന രണ്ടാമത്തെ താരം

Update: 2025-12-24 11:02 GMT

ബെംഗളൂരു: ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കി വിരാട് കോലി. വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്രപ്രദേശിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായാണ് ഡൽഹി താരം കളം നിറഞ്ഞത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടൂർണമെന്റിലേക്ക് തിരിച്ചെത്തിയ കോലി, തന്റെ ക്ലാസ് ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പുറത്തെടുത്തത്.

101 പന്തിൽ 131 റൺസ് നേടിയാണ് വിരാട് കോലി പുറത്തായത്. 14 ഫോറുകളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ സെഞ്ച്വറിക്ക് തൊട്ടുപിന്നാലെ എത്തിയ ഈ ഇന്നിംഗ്‌സ്. മത്സരത്തിലെ ആദ്യ റൺ നേടിയതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് കോലി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ലോക ക്രിക്കറ്റിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ഒൻപതാമത്തെ താരമാണ് അദ്ദേഹം.

ആന്ധ്ര ഉയർത്തിയ 299 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് വേണ്ടി കോലി നങ്കൂരമിട്ടു കളിച്ചു. രണ്ടാം വിക്കറ്റിൽ പ്രിയാൻഷ് ആര്യയ്‌ക്കൊപ്പം (74) 113 റൺസും, പിന്നീട് നിതീഷ് റാണയ്‌ക്കൊപ്പം 160 റൺസും കൂട്ടിച്ചേർത്ത് ഡൽഹിയെ വിജയത്തിന്റെ തൊട്ടടുത്തെത്തിച്ചു. 2010-ന് ശേഷം ആദ്യമായാണ് കോലി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്നത്. വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നോടിയായുള്ള മികച്ച പരിശീലനമായാണ് താരം ഈ ടൂർണമെന്റിനെ കാണുന്നത്.

Tags:    

Similar News