വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യ മത്സരം നടന്നിട്ട് 50 വര്‍ഷം; വാര്‍ഷികത്തില്‍ 14,505 ക്രിക്കറ്റ് പന്തുകള്‍ കൊണ്ട് ഒരു വാചകം; വേറിട്ട ചടങ്ങിലൂടെ ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷനും വാംഖഡെ സ്റ്റേഡിയവും

Update: 2025-01-24 10:43 GMT

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിന്റെ 50 വാര്‍ഷികത്തില്‍ വേറിട്ട ചടങ്ങിലൂടെ ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. സ്റ്റേഡിയത്തിനകത്ത് വ്യാഴാഴ്ച ക്രിക്കറ്റ് പന്തുകള്‍ ഉപയോഗിച്ചു എഴുതിയ 'ഫിഫ്റ്റി ഇയേഴ്‌സ് ഓഫ് വാംഖഡെ സ്റ്റേഡിയം' എന്ന വാചകത്തിലൂടെയാണ് റെക്കോര്‍ഡ് നേട്ടം. ക്രിക്കറ്റ് പന്ത് ഉപയോഗിച്ച് സൃഷ്ടിച്ച ഏറ്റവും വലിയ വാചകമെന്ന അപൂര്‍വ റെക്കോര്‍ഡാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്വന്തമാക്കിയത്.

14,505 ക്രിക്കറ്റ് പന്തുകള്‍ ഉപയോഗിച്ചാണ് മൈതാനത്ത് വാക്യം തയ്യാറാക്കിയത്. പരിമിത ഓവര്‍ ക്രിക്കറ്റിനു ഉപയോഗിക്കുന്ന വെളുത്ത പന്തും ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഉപയോ?ഗിക്കുന്ന ചുവന്ന പന്തും വാക്യമുണ്ടാക്കാനായി മൈതാനത്ത് നിരത്തി. ഇന്ത്യന്‍ ക്രിക്കറ്റിനു കനപ്പെട്ട സംഭാവനകള്‍ നല്‍കിയ സച്ചിനും ഗാവസ്‌കറും ഉള്‍പ്പെടെ നിരവധി ഇതിഹാസങ്ങളുടെ ഹോം ഗ്രൗണ്ട് കൂടിയാണ് വാംഖഡടെ. 2011ല്‍ ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് ഉയര്‍ത്തിയതും വാംഖഡെയിലാണ്.

1975 ജനുവരി 23നു ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പോരാട്ടമാണ് ഈ മൈതാനത്ത് അരങ്ങേറിയ ആദ്യ ക്രിക്കറ്റ് മത്സരം. വാക്യം തയ്യാറാക്കാനായി ഉപയോഗിച്ച പന്തുകള്‍ മുംബൈയിലെ ക്രിക്കറ്റ് ക്ലബുകള്‍ക്കും സ്‌കൂളുകള്‍ക്കും നല്‍കുമെന്നു അസോസിയേഷന്‍ വ്യക്തമാക്കി.

Tags:    

Similar News