അരങ്ങേറ്റ മത്സരത്തില്‍ ആറാമനായെത്തി തകർപ്പൻ ബാറ്റിംഗ്; അതിവേഗ സെഞ്ചുറിയോടെ ലോക റെക്കോര്‍ഡിട്ട് അമിര്‍ ജാങ്കോ; അവസാന മത്സരത്തിലും ബംഗ്ലാദേശിന് തോൽവി; പരമ്പര തൂത്തുവാരി വിൻഡീസ്

Update: 2024-12-13 12:23 GMT

സെന്‍റ് കിറ്റ്സ്: അരങ്ങേറ്റ മത്സരത്തില്‍ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അമിര്‍ ജാങ്കോയുടെ പ്രകടനത്തിൽ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ആധികാരിക ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസ് തൂത്തുവാരി. ആറാമനായി ക്രീസിലെത്തി അതിവേഗ സെഞ്ചുറിയോടെ ലോക റെക്കോര്‍ഡിട്ട അമിര്‍ ജാങ്കോയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയ ശിൽപി.

പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മഹ്മദുള്ളയുടെയും സൗമ്യ സര്‍ക്കാരിന്‍റെയും മെഹ്ദി ഹസന്‍ മിറാസിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 321 റൺസടിച്ചപ്പോള്‍ 45.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യത്തിലെത്തി.

83 പന്തില്‍ 104 റണ്‍സുമായി അമിര്‍ ജാങ്കോ പുറത്താകാതെ നിന്നു. കീസി കാര്‍ടിയാണ് വിൻഡീസിനായി മികച്ച ബാറ്റിംഗ് കാഴ്ചവെച്ച മറ്റൊരു താരം. 95 റണ്‍സാണ് കീസി കാര്‍ടിയുടെ സമ്പാദ്യം. എട്ടാമനായി ഇറങ്ങി 31 പന്തില്‍ 44 റണ്‍സടിച്ച ഗുഡകേഷ് മോടിയുടെ ബാറ്റിംഗ് വെടിക്കെട്ടും വിന്‍ഡീസ് വിജയം വേഗത്തിലാക്കി. 80 പന്തില്‍ സെഞ്ചുറിയിലെത്തിയ അമിര്‍ ജാങ്കോ ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ബംഗ്ലാദേശിന്‍റെ ആഫിഫ് ഹൊസൈനെ സിക്സ് പറത്തിയാണ് ജാങ്കോ സെഞ്ചുറി തികച്ചത്.

ദക്ഷിണാഫ്രിക്കന്‍ താരം റീസാ ഹെന്‍ഡ്രിക്ക്‌സിന്റെ റെക്കോർഡാണ് അമിര്‍ ജാങ്കോ തകർത്തത്. 88 പന്തിലായിരുന്നു അരാജറ്റ മത്സരത്തിൽ താരത്തിന്റെ സെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനായി ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ജാങ്കോ. ബാറ്റിംഗ് ഇതിഹാസം ഡെസ്മണ്ട് ഹെയ്ന്‍സാണ് ഈ നേട്ടം സ്വന്തമാക്കി ആദ്യ താരം. ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പതിനെട്ടാമത്തെ താരമാണ് ജാങ്കോ. ഇന്ത്യൻ താരങ്ങളില്‍ കെ എല്‍ രാഹുലാണ് ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ഏകതാരം. സിംബാബ്‌വെക്കെതിരെ 115 പന്തുകളിലാണ് രാഹുല്‍ സെഞ്ചുറി തികച്ചത്.

Tags:    

Similar News