പീഡന ആരോപണം; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം യാഷ് ദയാലിന് ഉത്തർപ്രദേശ് ടി20 ലീഗില്‍ വിലക്ക്
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ യാഷ് ദയാലിന്റെ കരിയർ പ്രതിസന്ധിയിൽ. ഉത്തർപ്രദേശ് ടി20 ലീഗിൽ നിന്ന് താരത്തെ വിലക്കിയതായി ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (യുപിസിഎ) അറിയിച്ചു. ലൈംഗിക പീഡനക്കേസുകൾ കാരണം ബോർഡ് താരത്തെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യം ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുണ്ടെന്നും യുപിസിഎ വൃത്തങ്ങൾ വ്യക്തമാക്കി. ആഗസ്റ്റ് 17നാണ് ലീഗ് ആരംഭിക്കുന്നത്.
ഏഴ് ലക്ഷം രൂപയ്ക്ക് ഗോരഖ്പൂർ ലയൺസ് ടീം സ്വന്തമാക്കിയ താരമാണ് 27-കാരനായ യാഷ് ദയാൽ. എന്നാൽ, വിലക്ക് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ടീമിന്റെ ഉടമസ്ഥരായ ഗൗർ സൺസിന്റെ വക്താവ് വിശേഷ് ഗൗർ പ്രതികരിച്ചു. ജയ്പൂരിലെ സംഗാനേർ സദർ പോലീസ് സ്റ്റേഷനിലാണ് ദയാലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിക്കറ്റിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു വർഷത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതി.
ആദ്യമായി പീഡനം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. ഈ കേസിൽ ദയാലിന്റെ അറസ്റ്റ് തടയാനാവില്ലെന്ന് വ്യക്തമാക്കിയ രാജസ്ഥാൻ ഹൈക്കോടതി, അടുത്ത വാദം ഓഗസ്റ്റ് 22-ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, വിവാഹ വാഗ്ദാനം നൽകി അഞ്ച് വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തുവെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ ഗാസിയാബാദിലും ദയാലിനെതിരെ കേസുണ്ട്. ഈ കേസിൽ അലഹബാദ് ഹൈക്കോടതി നേരത്തെ താരത്തിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുമായി 43 മത്സരങ്ങളിൽ നിന്ന് 41 വിക്കറ്റുകൾ ദയാൽ നേടിയിട്ടുണ്ട്. 2022-ൽ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ ഗുജറാത്തിനൊപ്പം കിരീട നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചു. 2024-ൽ ആർസിബിക്ക് വേണ്ടി 15 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ 2025-ലെ മെഗാ ലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം പീഡന കേസിൽ കുടുങ്ങിയത്.