'ഞങ്ങളുടെ വിവാഹം 4.5 വര്‍ഷം നീണ്ടുനിന്നു; രണ്ട് മാസത്തിനുള്ളില്‍ വഞ്ചന നടന്നുവെങ്കില്‍ ആരാണ് അത് തുടരുക? പ്രശസ്തിക്കായി ധനശ്രീ ഇപ്പോഴും എന്റെ പേര് ഉപയോഗിക്കുന്നു; ഞാന്‍ കായികതാരമാണ്, വഞ്ചിക്കില്ല, ഈ അധ്യായം അവസാനിച്ചു'; ധനശ്രീയുടെ ആരോപണങ്ങള്‍ തള്ളി യുസ്വേന്ദ്ര ചാഹല്‍

ധനശ്രീയുടെ ആരോപണങ്ങള്‍ തള്ളി യുസ്വേന്ദ്ര ചാഹല്‍

Update: 2025-10-08 09:59 GMT

മുംബൈ: റിയാലിറ്റി ഷോയില്‍ മുന്‍ഭാര്യ ധനശ്രീ വര്‍മ നടത്തിയ വഞ്ചനാ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍. താന്‍ ഇതിനോടകം ജീവിതത്തില്‍ മുന്നോട്ട് പോയി എന്നും, എന്നാല്‍ പ്രശസ്തിക്കായി ധനശ്രീ ഇപ്പോഴും തന്റെ പേര് ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും ചാഹല്‍ ആരോപിച്ചു. വിവാഹിതരായി രണ്ടാം മാസത്തില്‍ തന്നെ ചാഹല്‍ വഞ്ചിച്ചത് കൈയോടെ പിടികൂടി എന്ന ധനശ്രീയുടെ അവകാശവാദം പുറത്തുവന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തില്‍ താരം പ്രതികരിച്ചത്.

താന്‍ ഒരു കായികതാരമാണെന്നും വഞ്ചിക്കില്ലെന്നും യുസ്വേന്ദ്ര ചാഹല്‍ പറയുന്നുണ്ട്. 'ഞങ്ങളുടെ വിവാഹം 4.5 വര്‍ഷം നീണ്ടുനിന്നു. രണ്ട് മാസത്തിനുള്ളില്‍ വഞ്ചന നടന്നുവെങ്കില്‍ ആരാണ് അത് തുടരുക?'- എന്ന് അദ്ദേഹം ചോദിച്ചു. താന്‍ ഭൂതകാലത്തില്‍ നിന്ന് പുറത്തുവന്നു എന്നും എന്നാല്‍ ചില ആളുകള്‍ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണെന്നും 35 വയസ്സുകാരനായ താരം കൂട്ടിച്ചേര്‍ത്തു. സത്യം ഒന്നുമാത്രമാണെന്നും അറിയേണ്ടവര്‍ക്കറിയാമെന്നും താന്‍ തന്റെ ജീവിതത്തിലും കളിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ചാഹല്‍ പറഞ്ഞു. ഇനി ഒരിക്കലും ഈ അധ്യായത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ധനശ്രീയുടെ വെളിപ്പെടുത്തല്‍ 

ധനശ്രീ വര്‍മ്മ നിലവില്‍ റൈസ് ആന്‍ഡ് ഫാള്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ്. ഷോയില്‍ നടി കുബ്ര സെയ്തുമായുള്ള സംഭാഷണത്തിനിടെയാണ് വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ച് ധനശ്രീ വെളിപ്പെടുത്തിയത്. ഓഗസ്റ്റില്‍ വിവാഹനിശ്ചയവും ഡിസംബറില്‍ വിവാഹവും കഴിഞ്ഞു. പിന്നാലെ ചാഹലിനൊപ്പം യാത്ര ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ചാഹലിന്റെ പെരുമാറ്റത്തില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായെന്നും ധനശ്രീ പറയുന്നുണ്ട്. ആളുകള്‍ എന്തെങ്കിലും കാര്യങ്ങള്‍ ആഗ്രഹിക്കുമ്പോഴും അത് കിട്ടിക്കഴിയുമ്പോഴും ഉള്ള വ്യത്യാസമായിരുന്നു അത്.

ചാഹലില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നിട്ടും താന്‍ ആ ബന്ധത്തില്‍ വിശ്വാസം തുടര്‍ന്നുവെന്നും ധനശ്രീ പറയുന്നുണ്ട്. ചുറ്റുമുള്ള ആളുകള്‍ക്ക് ഒരുപാടുതവണ അവസരങ്ങള്‍ നല്‍കുന്നയാളായിരുന്നു താന്‍. തന്റെ ഭാഗത്തുനിന്ന് നൂറുശതമാനം ശ്രമിച്ചിട്ടും ഫലം കാണാതിരുന്നപ്പോള്‍ അത് മടുത്തുവെന്നും ധനശ്രീ പറയുന്നുണ്ട്. അതേസമയം ചാഹലിനോട് തനിക്കുള്ള കരുതല്‍ ഒരുനാളും ഇല്ലാതാവില്ലെന്നും ധനശ്രീ എടുത്തുപറയുന്നുണ്ട്.

ഈ വര്‍ഷം മാര്‍ച്ചില്‍ മുംബൈ കുടുംബകോടതിയാണ് ചാഹലിനും ധനശ്രീ വര്‍മയ്ക്കും വിവാഹമോചനം അനുവദിച്ചത്. 2020 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 2022 ജൂണില്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. 2025 ഫെബ്രുവരി അഞ്ചിന് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ഇരുവരും കുടുംബകോടതിയില്‍ സംയുക്ത ഹര്‍ജി നല്‍കി. 4.75 കോടി രൂപയാണ് ജീവനാംശമായി ചാഹല്‍ ധനശ്രീക്ക് നല്‍കിയത്.

Tags:    

Similar News