ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് നാളെ തുടക്കം; ഇന്ത്യയുടെ ആദ്യ അങ്കം ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; ആവേശപ്പോരിനൊരുങ്ങി അഹമ്മദാബാദ്; മത്സരക്രമം അറിയാം
കൊളംബോ: ട്വന്റി 20 ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകും. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ എട്ട് മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് വൈകിട്ട് ഏഴ് മണിക്ക് ഈ മത്സരം നടക്കുക. സൂപ്പർ എട്ടിലെ ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 26-ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ്.
അവസാന സൂപ്പർ എട്ട് പോരാട്ടത്തിൽ മാർച്ച് ഒന്നിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസുമായി ഇന്ത്യ ഏറ്റുമുട്ടും. ഈ മൂന്ന് മത്സരങ്ങളും വൈകിട്ട് ഏഴ് മണിക്കാണ് ആരംഭിക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമിഫൈനലിലേക്ക് യോഗ്യത നേടാനാകുക. സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ നാളെ വൈകിട്ട് ഏഴിന് ന്യൂസിലൻഡ് പാകിസ്ഥാനെ നേരിടും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് ശ്രീലങ്ക ഇംഗ്ലണ്ടിനെതിരെയും കളിക്കും. തിങ്കളാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയെ നേരിടും.
അതേസമയം, ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് അവസാനിക്കും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ന് കൊളംബോയിൽ ഒമാനെ നേരിടും. ശ്രീലങ്കയോടും സിംബാബ്‌വേയോടും തോറ്റ് സൂപ്പർ എട്ടിൽ എത്താതെ ഓസ്‌ട്രേലിയ നേരത്തെ പുറത്തായിരുന്നു. അയർലൻഡിനെ മാത്രമാണ് അവർക്ക് ഈ ലോകകപ്പിൽ തോൽപിക്കാൻ കഴിഞ്ഞത്. ആശ്വാസ ജയത്തോടെ ലോകകപ്പിൽ നിന്ന് മടങ്ങാനാണ് ഓസീസിന്റെ ശ്രമം. ഒമാൻ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു.
സൂപ്പർ എട്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായ അഫ്ഗാനിസ്ഥാൻ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ 82 റൺസിന് തകർത്ത് ആശ്വാസ ജയത്തോടെ മടങ്ങി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവറിൽ 200 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 56 പന്തിൽ പുറത്താവാതെ 95 റൺസ് നേടിയ ഇബ്രാഹിം സദ്രാനാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. മുഹമ്മദ് നബി നാല് വിക്കറ്റും ക്യാപ്റ്റൻ റാഷിദ് ഖാൻ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനവും നടത്തി.
