ഗ്രൂപ്പ് ജേതാക്കളെല്ലാം സൂപ്പര്‍ എട്ടിലെ ഒരേ ഗ്രൂപ്പില്‍; രണ്ട് ഗ്രൂപ്പ് ജേതാക്കള്‍ സെമി കാണാതെ പുറത്താകും; ട്വന്റി 20 ലോകകപ്പിലെ മത്സരക്രമത്തില്‍ ഐസിസിക്കെതിരേ വന്‍ വിമര്‍ശനം; കരുത്തന്മാരുടെ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം; ഇന്ത്യയുടെ മത്സരക്രമം അറിയാം

Update: 2026-02-20 09:34 GMT

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ട് ഫോര്‍മാറ്റ് മത്സര ക്രമം ഒരുക്കിയ രീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരേ വ്യാപക വിമര്‍ശനം. ഗ്രൂപ്പ് ചാമ്പ്യന്മാരെല്ലാം ഒരു ഗ്രൂപ്പില്‍ വരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സാമൂഹികമാധ്യമങ്ങളില്‍ നിരവധി ക്രിക്കറ്റ് ആരാധകര്‍ ആണ് അതൃപ്തിയുമായി രംഗത്തെത്തി. ശനിയാഴ്ചയാണ് സൂപ്പര്‍ എട്ട് റൗണ്ട് ആരംഭിക്കുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്നേ തന്നെ നോക്കൗട്ട് റൗണ്ടുകളുടെ ഫോര്‍മാറ്റ് സംബന്ധിച്ച് ഐസിസി വ്യക്തത വരുത്തിയിരുന്നു.

20 ടീമുകളെ നാല് ഗ്രൂപ്പുകളിലായാണ് തരംതിരിച്ചിട്ടുള്ളത്. നാല് ഗ്രൂപ്പുകളിലും അഞ്ച് ടീമുകള്‍ വീതമുണ്ടാകും. ഈ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുകയും ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ എട്ട് സ്റ്റേജിലേക്ക് കടക്കുകയുമാണ് ചെയ്യുക. സൂപ്പര്‍ എട്ടില്‍ ഈ ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തിരിക്കും. ഇതാണ് നിലവില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്. ഗ്രൂപ്പ് ജേതാക്കളെല്ലാം സൂപ്പര്‍ എട്ടിലെ ഒരു ഗ്രൂപ്പില്‍ ഒന്നിച്ചുവരുന്നതാണ് അതൃപ്തിക്കിടയാക്കിയിരിക്കുന്നത്.

ഇന്ത്യയടക്കം നാല് ഗ്രൂപ്പ് ജേതാക്കളും സൂപ്പര്‍ എട്ടില്‍ പരസ്പരം മത്സരിക്കും. സിംബാബ്വേ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇന്ത്യയ്‌ക്കൊപ്പം ആദ്യ ഗ്രൂപ്പിലുള്‍പ്പെട്ടിരിക്കുന്നത്. സൂപ്പര്‍ എട്ടിലെ ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ സെമിയിലേക്ക് മുന്നേറും. അതായത് പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകള്‍ സെമിക്ക് മുന്നേ പുറത്താവുമെന്നര്‍ഥം. ഇത് ശരിയായ മത്സരക്രമം അല്ലെന്നാണ് പലരും പറയുന്നത്. ഗ്രൂപ്പ് ജേതാക്കള്‍ക്ക് സാധാരണ ഗതിയില്‍ ലഭിക്കാറുള്ള മുന്‍തൂക്കം ഇവിടെ കിട്ടുന്നില്ലെന്ന് മാത്രമല്ല പോരാട്ടം കൂടുതല്‍ കടുക്കുമെന്നുറപ്പ്. ഗ്രൂപ്പില്‍ രണ്ടാമതെത്തിയവരെല്ലാം മറ്റൊരു സൂപ്പര്‍ എട്ട് ഗ്രൂപ്പില്‍ ഒന്നിച്ചുവരും.

ഐസിസി നേരത്തേ നിശ്ചയിച്ചതാണ് ഈ മത്സരക്രമം. സൂപ്പര്‍ എട്ട് ഗ്രൂപ്പുകളില്‍ യഥാക്രമം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ശ്രീലങ്ക ടീമുകള്‍ക്ക് Y1, Y2, Y3, Y4 എന്നിങ്ങനെയും, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് യഥാക്രമം X1, X2, X3, X4 എന്നിങ്ങനെയും സ്ഥാനങ്ങള്‍ നല്‍കി. ഓസ്‌ട്രേലിയ പുറത്തായതിനാല്‍ സിംബാബ്വേ പകരം ഗ്രൂപ്പില്‍ ഇടംപിടിച്ചു. ബ്രോഡ്കാസ്റ്റിങ്, ടിക്കറ്റ് വിതരണം, യാത്ര എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് ഐസിസി ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്.

അതേ സമയം സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ന്യൂസിലന്‍ഡ് വൈകിട്ട് ഏഴിന് പാകിസ്ഥാനെ നേരിടും. ഞായറാഴ്ച വൈകിട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക. അന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശ്രീലങ്ക, ഇംഗ്ലണ്ടിനേയും നേരിടും. തിങ്കളാഴ്ച്ച വൈകിട്ട് ഏഴിന് വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്ക്കെതിരെ കളിക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഈമാസം 26ന് സിംബാബ്വേയ്ക്ക് എതിരെയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ രണ്ടാം മത്സരം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. അവസാന മത്സരം മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക.

അതേസമയം, ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഓസ്ട്രേലിയ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒമാനെ നേരിടും. കൊളംബോയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ശ്രീലങ്കയോടും സിംബാബ്വേയോടും തോറ്റ ഓസ്ട്രേലിയ സൂപ്പര്‍ എട്ടില്‍ എത്താതെ പുറത്തായിരുന്നു.

അയര്‍ലന്‍ഡിനെ മാത്രമാണ് ഓസ്ട്രേലിയയ്ക്ക് തോല്‍പിക്കാന്‍ കഴിഞ്ഞത്. ആശ്വാസ ജയത്തോടെ ലോകകപ്പില്‍ നിന്ന് മടങ്ങാനാവും ഓസീസ് ഇറങ്ങുക. ഒമാന്‍ ആദ്യ മൂന്ന് കളിയിലും തോറ്റു. സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടാതിരുന്ന അഫ്ഗാനിസ്ഥാന്‍ ജയത്തോടെ മടങ്ങി. അവസാന ഗൂപ്പ് മത്സരത്തില്‍ 82 റണ്‍സിന് കാനഡയെ തോല്‍പിച്ചു. അഫ്ഗാനിസ്ഥാന്റെ 200 റണ്‍സ് പിന്തുടര്‍ന്ന കാനഡയ്ക്ക് എട്ട് വിക്കറ്റിന് 118 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് നബി നാലും ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ടും വിക്കറ്റ് നേടി. 56 പന്തില്‍ പുറത്താവാതെ 95 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

Tags:    

Similar News