'ഇൻഷാ അല്ലാഹ്.. കൂടുതൽ ട്രോഫികൾ നേടണം, കരിയറിൽ ആയിരം ഗോൾ അടിക്കണം'; പരിക്കുകളില്ലെങ്കിൽ നേട്ടം സ്വന്തമാക്കാനാകുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ

Update: 2025-12-29 17:34 GMT

ദുബായി: കരിയറിൽ ആയിരം ഗോൾ നേട്ടം കൈവരിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് പോർച്ചുഗലിന്റെ ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിൽ നടന്ന ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിൽ മികച്ച മിഡിൽ ഈസ്റ്റ് താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ്, പരിക്കുകളില്ലെങ്കിൽ ഈ നേട്ടത്തിൽ താൻ എത്തുമെന്നും അതിനായി "ഇൻഷാ അല്ലാഹ്" (ദൈവം സഹായിച്ചാൽ) എന്നും താരം പറഞ്ഞത്. നിലവിൽ 956 ഗോളുകൾ സ്വന്തമായുള്ള റൊണാൾഡോയ്ക്ക് ഈ മാന്ത്രിക സംഖ്യയിലെത്താൻ ഇനി 44 ഗോളുകൾ കൂടി മതി.

"കൂടുതൽ ട്രോഫികൾ നേടണം. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ ആ നമ്പറും എത്തിപ്പിടിക്കണം. പരിക്കുകളില്ലെങ്കിൽ, തീർച്ചയായും ആ നമ്പറിൽ ഞാൻ എത്തും, ഇൻഷാ അല്ലാഹ്," നിറഞ്ഞ കൈയടികൾക്കിടയിൽ റൊണാൾഡോ പറഞ്ഞു. ഫുട്ബോൾ ചരിത്രത്തിൽ ആരും എത്തിപ്പിടിക്കാത്ത ആയിരം ഗോൾ എന്ന ഈ നേട്ടം അധികം വൈകാതെ സ്വന്തമാക്കുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്.

സ്പെയിനിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും കളം നിറഞ്ഞശേഷം സൗദി അറേബ്യൻ മണ്ണിലെത്തിയ റൊണാൾഡോയ്ക്ക് അവിടുത്തെ ഭാഷ, മണ്ണ്, സംസ്കാരം എന്നിവയെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്റിനായി കളത്തിലിറങ്ങിയ ശേഷം സഹതാരങ്ങളെ പിന്തുടർന്ന് പ്രാർത്ഥിക്കുന്നതും അറബ് വേഷമണിയുന്നതും ഉൾപ്പെടെയുള്ള സാംസ്കാരികമായ പൊരുത്തപ്പെടലുകൾ അദ്ദേഹം നടത്തിയിരുന്നു.

അറബികളും മുസ്ലിങ്ങളും സാധാരണയായി ഉപയോഗിക്കുന്ന 'ഇൻഷാ അല്ലാഹ്' എന്ന വാക്ക് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കടന്നുവന്നതും ഈ സാംസ്കാരിക സ്വാംശീകരണത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. മധ്യപൂർവേഷ്യൻ ഫുട്ബോളിന് ഉയിർത്തെഴുന്നേൽപ്പ് നൽകിയതിനും ഫുട്ബോൾ രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്കും ഉള്ള അംഗീകാരമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗ്ലോബ് സോക്കർ പുരസ്കാരം തുടർച്ചയായ മൂന്നാം തവണയും സമ്മാനിച്ചത്.

Tags:    

Similar News