ചുവപ്പുകാര്‍ഡിനും തടയാനായില്ല പോരാട്ട വീര്യത്തെ; പത്ത് പേരായി ചുരുങ്ങിയിട്ടും ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണ്ണമണിഞ്ഞ് കേരളം; ഉത്തരാഖണ്ഡിനെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്; കേരളത്തിന്റെ സുവര്‍ണ്ണനേട്ടം 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍
ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണ്ണമണിഞ്ഞ് കേരളം
ഡെറാഡൂണ്‍: ദേശീയ ഗെയിംസ് ഫുട്ബോള്‍ സ്വര്‍ണ്ണമെന്ന കേരളത്തിന്റെ 28 വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവില്‍ വിരാമം.റെഡ്കാര്‍ഡിനും ഇത്തവണ കേരളത്തിന്റെ പോരാട്ടവീര്യത്തെ തടയാനായില്ല.75 ാം മിനുട്ടില്‍ പത്തുപേരായി ചുരുങ്ങിയിട്ടും വലയില്‍ പന്തുകയറാതെ കാത്ത് കേരളം തങ്ങളുടെ സ്വര്‍ണ്ണത്തിനായുള്ള വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു.1997ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്ബോള്‍ സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്.
എതിരില്ലാത്ത ഒരു ഗോളിന് ഉത്തരാഖണ്ഡിനെ തകര്‍ത്താണ് കേരളം സ്വര്‍ണമണിഞ്ഞത്.53ാംമിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ്് കേരളത്തിനായി വലകുലുക്കിയത്.75ാം മിനിറ്റില്‍ സഫ്വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ വലയില്‍ പന്തെത്തിക്കാന്‍ ഉത്തരാഖണ്ഡിനായില്ല.പന്തുമായി കേരളത്തിന്റെ ബോക്‌സിലേക്കു കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗള്‍ ചെയ്തതിനാണു സഫ്വാന്‍ റെഡ് കാര്‍ഡ് കിട്ടിയത്.സഫ്വാന് ആദ്യം യെല്ലോ കാര്‍ഡ് നല്‍കിയ റഫറി, പിന്നീട് ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തിയ ശേഷം ചുവപ്പു കാര്‍ഡ് ആക്കി ഉയര്‍ത്തുകയായിരുന്നു.
കേരള താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും റഫറി അംഗീകരിച്ചില്ല.27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജ്യത്തെ ഫുട്ബോള്‍ ശക്തികേന്ദ്രങ്ങളിലൊന്നായ കേരളം ദേശീയ ഗെയിംസ് സ്വര്‍ണം വിജയിക്കുന്നത്.ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉത്തരാഖണ്ഡ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു.രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്.ഉത്തരാഖണ്ഡ് ബോക്സിനകത്തു പ്രതിരോധ താരങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്ന ഗോകുലിന് ആദില്‍ പാസ് നല്‍കി.പന്തെടുത്ത ഗോകുല്‍ ഉത്തരാഖണ്ഡ് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെയാണു ലക്ഷ്യം കണ്ടത്.
പത്തു പേരായി ചുരുങ്ങിയ കേരളം അവസാന മിനിറ്റുവരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു.ഒന്‍പതു മിനിറ്റാണ് രണ്ടാം പകുതിയില്‍ അധിക സമയമായി റഫറി അനുവദിച്ചത്.മത്സരത്തിന്റെ അവസാന സെക്കന്‍ഡുകളില്‍ ലഭിച്ച കോര്‍ണര്‍ കിക്കുകളും മുതലെടുക്കാന്‍ ഉത്തരാഖണ്ഡിനു സാധിച്ചില്ല.റഫറി ഫൈനല്‍ വിസില്‍ ഉയര്‍ത്തിയപ്പോള്‍ ഗ്രൗണ്ടില്‍ കേരളത്തിന്റെ വിജയാഘോഷം.ഇതോടെ ആതിഥേയര്‍ക്കു വെള്ളി മെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
1997ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു.