ഒളിമ്പിക്സില്‍ ഇന്ത്യക്കായി മത്സരിച്ച ആദ്യ വനിതാ ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; പരിശീലകന്റെയോ ഉപദേശകന്റെയോ റോള്‍ ഏറ്റെടുക്കുമെന്ന് സൂചന നല്‍കി താരം
ദിപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യക്കായി ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ വനിതാ ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. താരത്തിന് പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. സാമൂഹിക മാധ്യമങ്ങളിലൂടെ ദിപ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. വിരമിക്കല്‍ തീരുമാനം വിശദീകരിച്ച ദിപ ഭാവിയില്‍ താന്‍ ഒരു പരിശീലകന്റെയോ ഉപദേശകന്റെയോ റോള്‍ ഏറ്റെടുക്കുമെന്ന് സൂചന നല്‍കി.
'ഒരുപാട് ആലോചിച്ചതിന് ശേഷം, ജിംനാസ്റ്റിക്സില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ തീരുമാനം എനിക്ക് എളുപ്പമായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ശരിയായ സമയമാണെന്ന് തോന്നുന്നു. ജിംനാസ്റ്റിക്സ് എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്, എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവളാണ്' ദിപ പ്രസ്താവനയില്‍ അറിയിച്ചു.
റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത താരത്തിന് മെഡല്‍ തലനാരിയഴ്ക്കാണ് നഷ്ടമായത്. ജിംനാസ്റ്റിക്സിലെ ഏറ്റവും അപകടകരമായ വെല്ലുവിളി നിറഞ്ഞ പ്രൊദുനോവ് വോള്‍ട്ട് അവതരിപ്പിച്ച ദീപ, വോള്‍ട്ട് ഫൈനലില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. വെങ്കല മെഡല്‍ വെറും 0.15 പോയിന്റിനാണ് ദിപക്ക് അന്ന് നഷ്ടമായത്. ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഹിരോഷമിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ദിപ വെങ്കലം നേടി.
സമീപ വര്‍ഷങ്ങളില്‍, പരിക്കുകളും ഉത്തേജക മരുന്ന് സസ്പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യമായ വെല്ലുവിളികളെയും ദിപ നേരിട്ടിട്ടുണ്ട്. തിരിച്ചടികള്‍ക്കിടയില്‍ ദീപ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഈ വര്‍ഷം മെയില്‍ നടന്ന ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റായി അവര്‍ മാറി.