'കാഫ' നാഷൻസ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് ചരിത്ര വിജയം; ശക്തരായ ഒമാനെ തകർത്തത് പെനാൽറ്റി ഷൂട്ടൗട്ടിൽ; ടൂർണമെന്റിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം
ഹിസോർ: 'കാഫ' നാഷൻസ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് ചരിത്ര വിജയം. ലോക റാങ്കിങ്ങിൽ മുന്നിലുള്ള ഒമാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇന്ത്യ മൂന്നാം സ്ഥാനം നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞ മത്സരമാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 3-2 എന്ന സ്കോറിനാണ് ഇന്ത്യ വിജയം കണ്ടത്. ഒമാനെ പരാജയപ്പെടുത്തിയതോടെ ടൂർണമെന്റിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം നേടാനായി.
ഫിഫ റാങ്കിങ്ങിൽ 79-ാം സ്ഥാനത്തുള്ള ഒമാനെതിരെയാണ് 133-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഈ വിജയം. മത്സരത്തിന്റെ 56-ാം മിനിറ്റിൽ ജമീൽ അൽ യഹ്മദിയിലൂടെ ഒമാൻ ലീഡ് നേടിയെങ്കിലും, 81-ാം മിനിറ്റിൽ ഉദാന്ത സിംഗ് ഇന്ത്യക്കായി ഗോൾ മടക്കി. ഷൂട്ടൗട്ടിൽ ആദ്യ രണ്ട് കിക്കുകളും ഒമാന് നഷ്ടപ്പെട്ടപ്പോൾ, ഇന്ത്യയുടെ ആദ്യ രണ്ട് കിക്കുകൾ ലക്ഷ്യത്തിലെത്തി.
മലയാളി താരം ജിതിൻ എം.എസ് നാലാം കിക്കിലൂടെ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു. അവസാന നിർണായക നിമിഷത്തിൽ ഒമാന്റെ കിക്ക് തടഞ്ഞാണ് ഗോൾകീപ്പർ ഗുർപ്രീത് സിംഗ് ഇന്ത്യയുടെ വിജയമുറപ്പിച്ചത്. ലാലിയാൻസുവാല ചാങ്തെ, രാഹുൽ ഭെകെ, ജിതിൻ എന്നിവരാണ് ഇന്ത്യക്കായി ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. പ്രധാന താരങ്ങളായ സന്ദേശ് ജിങ്കാനും ആഷിഖ് കുരുണിയനും ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മലയാളി താരം മുഹമ്മദ് ഉവൈസ് ടീമിൽ ഇടം നേടി.