ഇരട്ട ഗോളുമായി സബിത്ര ഭണ്ഡാരി; സൗഹൃദ മത്സരത്തിൽ നേപ്പാളിനോട് തോൽവി വഴങ്ങി ഇന്ത്യൻ വനിതകൾ; പരാജയപ്പെട്ടത് 2-1ന്; ആശ്വാസ ഗോൾ നേടിയത് കരിഷ്മ ഷിർവോയിക്കർ

Update: 2025-10-28 08:50 GMT

ഷില്ലോങ്: ത്രിരാഷ്ട്ര അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളിൽ നേപ്പാളിനോട് തോൽവി വഴങ്ങി ഇന്ത്യൻ വനിതാ ടീം. തിങ്കളാഴ്ച ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1നാണ് ഇന്ത്യ നേപ്പാളിനോട് പരാജയപ്പെട്ടത്. നേപ്പാളിനായി സബിത്ര ഭണ്ഡാരി ഇരട്ട ഗോളുകൾ നേടി (2', 63'). 81-ാം മിനിറ്റിൽ കാരിഷ്മ ഷിർവോയിക്കർ ഇന്ത്യക്കായി ആശ്വാസ ഗോൾ നേടി. ഇത് ഷിർവോയിക്കറുടെ ദേശീയ ടീമിനായുള്ള ആദ്യ ഗോളാണ്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നേപ്പാൾ മുന്നിലെത്തി. രണ്ടാം മിനിറ്റിൽ സബിത്ര ഭണ്ഡാരിയെടുത്ത ലോങ് ബോളിൽ ഇന്ത്യയുടെ ഗോൾകീപ്പർ ഇലാംബം പാൻതോയി ചാനുവിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഒന്നു ഗോളിന് പിന്നിലായതോടെ ഇന്ത്യ സമനിലക്കായി ശക്തമായി തിരിച്ചടിച്ചു. 15-ാം മിനിറ്റിൽ മിഡ്ഫീൽഡർ നോങ്മൈതം രത്തൻബാല ദേവി ബോക്സിന് പുറത്തുനിന്നെടുത്ത ഷോട്ട് നേപ്പാൾ ഗോൾകീപ്പർ അഞ്ജന റാണ മാഗർ തട്ടിയകറ്റി. ഇതിനുപിന്നാലെ രത്തൻബാലയുടെ ഫ്രീ കിക്ക് ഷോട്ടും സേവ് ചെയ്തു.

32-ാം മിനിറ്റിലായിരുന്നു ഇന്ത്യയ്ക്ക് ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ഗ്രേസ് ഡാംഗ്‍മേയ് വലത് വിംഗിലൂടെ മുന്നേറി നൽകിയ പാസ് ലിൻഡ കോം സെർട്ടോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. റീബൗണ്ട് ചെയ്ത പന്ത് ലഭിച്ച സംഗീത ബസ്ഫോറിന് ഗോൾവലയിലെത്തിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിലും നേപ്പാൾ ആക്രമണം തുടർന്നു. 63-ാം മിനിറ്റിൽ വീണ്ടും സബിത്ര ഭണ്ഡാരി ഇന്ത്യയുടെ പ്രതിരോധത്തെ മറികടന്ന് ഗോൾ നേടി. കളിയുടെ അവസാന നിമിഷങ്ങളിൽ ഇന്ത്യ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നേപ്പാൾ ശക്തമായി പ്രതിരോധിച്ചു. 

Tags:    

Similar News