ആൻഫീൽഡിൽ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി; നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ വിജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; ചെമ്പടയുടേത് പ്രീമിയർ ലീഗിലെ ആറാം തോൽവി; കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ മോശം പ്രകടനം തുടരുന്നു. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാരായ ലിവർപൂൾ പരാജയപ്പെട്ടത്. തുടർ തോൽവികൾ പരിശീലകൻ ആർനെ സ്ലോട്ടിന് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. തോൽവി ക്ലബ്ബിന്റെ കിരീട പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
സീൻ ഡൈച്ചിന്റെ കീഴിൽ ഇറങ്ങിയ ഫോറസ്റ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു. കളിയുടെ 33-ാം മിനിറ്റിൽ മുറില്ലോയുടെ ഗോളിലൂടെ നോട്ടിംഗ്ഹാം ഫോറസ്റ്റ് ലീഡ് നേടി. ഒരു കോർണറിൽ നിന്നുള്ള പന്ത് ലഭിച്ച മുറില്ലോയുടെ ശക്തമായ ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ ആലിസണിന് അവസരം നൽകാതെ വലയിൽ കയറി. ഇതിന് തൊട്ടുപിന്നാലെ ഇഗോർ ജീസസ് ഫോറസ്റ്റിനായി പന്ത് വലയിലെത്തിച്ചെങ്കിലും, ഹാൻഡ്ബോളിന്റെ പേരിൽ റഫറി ഗോൾ അനുവദിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നോട്ടിംഗ്ഹാം ഫോറസ്റ്റ് തങ്ങളുടെ ലീഡ് വർദ്ധിപ്പിച്ചു. 46-ാം മിനിറ്റിൽ നിക്കോളോ സവോണ അനായാസം പന്ത് വലയിലെത്തിച്ച് ലിവർപൂളിന്റെ പ്രതിരോധനിരയെ ഞെട്ടിച്ചു. മത്സരം അവസാനിക്കാൻ 13 മിനിറ്റ് ശേഷിക്കെ 77-ാം മിനിറ്റിൽ മോർഗൻ ഗിബ്സ്-വൈറ്റ് ഫോറസ്റ്റിന്റെ വിജയം ഉറപ്പിച്ചു. ഒമാരി ഹച്ചിൻസണിന്റെ ഷോട്ട് ആലിസൺ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ലഭിച്ച ഗിബ്സ്-വൈറ്റ് പിഴവുകളില്ലാതെ ഫിനിഷ് ചെയ്തു. ഈ തോൽവിയോടെ ലിവർപൂൾ പോയിന്റ് ടേബിളിൽ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീസണിലെ ആറാം തോൽവിയാണ് ലിവർപൂൾ ഏറ്റുവാങ്ങിയത്.