പ്രീമിയർ ലീഗിലെ വേഗതയേറിയ 100 ഗോൾ; റെക്കോർഡ് നേട്ടവുമായി എർലിങ് ഹാളണ്ട്; ആവേശപ്പോരിൽ ഫുൾഹാമിനെ 5-4ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി

Update: 2025-12-03 10:39 GMT

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരായ ആവേശപ്പോരിൽ 5-4ന് ജയിച്ച് മാഞ്ചസ്റ്റർ സിറ്റി. മത്സരത്തിൽ ഇരട്ടഗോൾ നേടിയ എർലിങ് ഹാളണ്ട് പ്രീമിയർ ലീഗ് ചരിത്രത്തിൽ 100 ഗോൾ നേടുന്ന ഏറ്റവും വേഗതയേറിയ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 5-1ന് മുന്നിട്ട് നിന്ന ശേഷം ഫുൾഹാമിന്റെ ശക്തമായ തിരിച്ചുവരവ് സിറ്റിയെ ഒരു ഘട്ടത്തിൽ ആശങ്കയിലാഴ്ത്തിയെങ്കിലും, ലീഡ് നിലനിർത്തി പെപ് ഗ്വാർഡിയോളയുടെ സംഘം വിജയം ഉറപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 17-ാം മിനിറ്റിൽ ഇടംകാൽ ഷോട്ട് വലയിലെത്തിച്ചാണ് ഹാളണ്ട് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഹാളണ്ടിനെ കൂടാതെ ഫിൽ ഫോഡൻ (രണ്ട് ഗോൾ), ടിജാനി റെയ്ൻഡേഴ്‌സ് എന്നിവരും സിറ്റിക്കായി വലകുലുക്കി. ഫുൾഹാം താരം സാൻഡർ ബെർഗിന്റെ ഒരു സെൽഫ് ഗോളും സിറ്റിയുടെ അക്കൗണ്ടിലെത്തി.

37-ാം മിനിറ്റിൽ റെയ്ൻഡേഴ്‌സ് സിറ്റിയുടെ ലീഡ് വർധിപ്പിച്ചപ്പോൾ, 44-ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത മനോഹരമായ ഷോട്ടിലൂടെ ഫോഡൻ ടീമിന്റെ മൂന്നാം ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എംലെ സ്മിത്ത് റോവയുടെ ഡൈവിംഗ് ഹെഡ്ഡറിലൂടെ ഫുൾഹാം ഒരു ഗോൾ മടക്കി. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48-ാം മിനിറ്റിൽ ഫോഡൻ തന്റെ രണ്ടാം ഗോളും നേടി. ആറ് മിനിറ്റിന് ശേഷം ബെർഗിന്റെ സെൽഫ് ഗോൾ കൂടി വന്നതോടെ സിറ്റി 5-1ന് മുന്നിലെത്തി.

അവിടെ ഫുൾഹാം കളി മതിയാക്കിയില്ല. 57-ാം മിനിറ്റിൽ അലക്സ് ഇവോബിയിലൂടെയും 72-ഉം 78-ഉം മിനിറ്റുകളിൽ സാമുവൽ ചുക്വൂസെ നേടിയ ഇരട്ടഗോളുകളിലൂടെയും അവർ ശക്തമായ തിരിച്ചുവരവ് നടത്തി. സിറ്റി പ്രതിരോധനിരയുടെ പോരായ്മകൾ ഈ ഗോളുകൾക്ക് കാരണമായി. ഇൻജുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ജോസ്കോ ഗ്വാർഡിയോൾ ഗോൾവരയിൽ നിന്ന് ഒരു ഷോട്ട് ക്ലിയർ ചെയ്തതോടെ സിറ്റി ആരാധകർക്ക് ആശ്വാസമായി. ഈ വിജയത്തോടെ 28 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 30 പോയിന്റുള്ള ആഴ്‌സണൽ ആണ് ഒന്നാം സ്ഥാനത്ത്

Tags:    

Similar News