ഹീറോയായി ഗോൾകീപ്പർ സാന്റിയാഗോ ലോപ്പസ്; പെനാൽറ്റി ഷൂട്ടൗട്ടിൽ മെക്സിക്കോയ്ക്ക് ജയം; അർജൻ്റീനയെ പരാജയപ്പെടുത്തി അണ്ടർ 17 ഫിഫാ ലോകകപ്പിൽ പ്രീ-ക്വാർട്ടറിൽ

Update: 2025-11-15 10:31 GMT

ദോഹ: ആസ്പയർ ടൂർണമെന്റിൽ അർജൻ്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി മെക്സിക്കോ പ്രീ-ക്വാർട്ടറിൽ കടന്നു. നിശ്ചിതസമയത്ത് ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനാൽറ്റിയിൽ അഞ്ചും ലക്ഷ്യത്തിലെത്തിച്ചാണ് മെക്സിക്കൻ സംഘം വിജയമുറപ്പിച്ചത്. മെക്സിക്കൻ ഗോൾകീപ്പർ സാന്റിയാഗോ ലോപ്പസ് മത്സരത്തിൽ ഹീറോയായി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ റാമിറോ ടൂലിയൻ (9-ാം മിനിറ്റ്) നേടിയ ഗോളിലൂടെ അർജൻ്റീന മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിച്ച മെക്സിക്കോയ്ക്കായി ലൂയിസ് ഗാംബോവ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 50 സെക്കൻഡിനുള്ളിൽ ആദ്യ ഗോളും 58-ാം മിനിറ്റിൽ രണ്ടാം ഗോളും നേടിയ ഗാംബോവ മെക്സിക്കോയ്ക്ക് മുൻതൂക്കം നൽകി. എന്നാൽ കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ അർജൻ്റീനയുടെ ഫെർണാണ്ടോ ക്ലോസ്റ്റർ സമനില ഗോൾ നേടുകയായിരുന്നു.

തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ, അർജൻ്റീനയുടെ ആദ്യ കിക്ക് എടുത്ത ഗാസ്റ്റൺ ബൗഹിറിൻ്റെ ഷോട്ട് ഗോൾകീപ്പർ സാന്റിയാഗോ ലോപ്പസ് തടഞ്ഞു. ഈ ആത്മവിശ്വാസത്തിൽ മെക്സിക്കോ വിജയമുറപ്പിക്കുകയായിരുന്നു. മത്സരത്തിൽ അർജൻ്റീന ആക്രമിച്ച് കളിച്ചെങ്കിലും മെക്സിക്കൻ പ്രതിരോധം മികച്ച പ്രകടനം കാഴ്ചവെച്ചു.

Tags:    

Similar News