ഏഷ്യൻ കരുത്തരായ ഇറാനെതിരെ അട്ടിമറി ജയം; ഇന്ത്യൻ കൗമാരപ്പട അണ്ടർ 17 ഏഷ്യാ കപ്പിലേക്ക്; യോഗ്യത നേടിയത് ഗ്രൂപ്പ് ചാമ്പ്യന്മാരായി
അഹമ്മദാബാദ്: ഏഷ്യൻ കരുത്തരായ ഇറാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് 2026-ലെ എ.എഫ്.സി അണ്ടർ 17 ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീം. അഹമ്മദാബാദിൽ നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ നേടിയ നിർണ്ണായക വിജയം, ഗ്രൂപ്പ് 'ഡി'യിൽ ഇന്ത്യയെ ഒന്നാം സ്ഥാനക്കാരാക്കി. സീനിയർ ടീം ഏഷ്യൻ കപ്പ് യോഗ്യത നേടാനാവാതെ ബംഗ്ലാദേശിനോട് പോലും തോറ്റ് നിരാശപ്പെടുത്തിയ സാഹചര്യത്തിൽ, കൗമാരപ്പടയുടെ ഈ ചരിത്രപരമായ കുതിപ്പ് ഇന്ത്യൻ ഫുട്ബോളിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്.
ഇറാൻ, ലെബനാൻ, ഫലസ്തീൻ, ചൈനീസ് തായ്പേയ് എന്നിവരുൾപ്പെട്ട ഗ്രൂപ്പ് 'ഡി'യിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു തോൽവിയും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റുകൾ നേടിയാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. അവസാന മത്സരം വരെ ഇന്ത്യയും ഇറാനും ഏഴ് പോയിന്റ് വീതം നേടി തുല്യത പാലിച്ചിരുന്നെങ്കിലും, മികച്ച ഗോൾ വ്യത്യാസത്തിന്റെ പിൻബലത്തിൽ ഇന്ത്യ ഏഷ്യാകപ്പ് ബർത്ത് ഉറപ്പിച്ചു.
അഹമ്മദാബാദിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ, കളിയുടെ 19-ാം മിനിറ്റിൽ ഗോൾ നേടി ഇറാൻ ലീഡ് നേടി. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ, കൃത്യമായി എടുത്ത പെനാൽറ്റിയിലൂടെ ഡലലാൽമൗൺ ഗാങ്തെ ഇന്ത്യയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ, 52-ാം മിനിറ്റിൽ ഗൺലിബ വാങ്ഖെർപാം നേടിയ തകർപ്പൻ ഗോളിലൂടെ ഇന്ത്യ വിജയമുറപ്പിച്ചു. ഒരു സമനില മതിയായിരുന്നിട്ടും അവസാന നിമിഷങ്ങളിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ട ഇറാനെ, ഏകോപിപ്പിച്ച ശക്തമായ പ്രതിരോധത്തിലൂടെ ഇന്ത്യൻ കൗമാരപ്പട പിടിച്ചുകെട്ടി വിജയം സ്വന്തമാക്കുകയായിരുന്നു. 2026 മേയ് മാസത്തിൽ സൗദി അറേബ്യയിലാണ് എ.എഫ്.സി അണ്ടർ 17 ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുക.