യുവേഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നോർവെയുടെ ഗോൾ മഴ; മൊൾഡോവയ്‌ക്കെതിരെ ഗോൾ വല കുലുക്കിയത് 11 തവണ; എർലിങ് ഹാലൻഡിന് അഞ്ച് ഗോൾ; ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്
മോൾഡോവ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മൊൾഡോവക്കെതിരെ നോർവേയ്ക്ക് മിന്നും വിജയം. ഒന്നിനെതിരെ 11 ഗോളുകൾക്ക് നോർവേ മൊൾഡോവയെ തകർത്തുവിട്ട മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലൻഡ് അഞ്ചു ഗോളുകൾ നേടി. ഗ്രൂപ്പ് 'ഐ' മത്സരത്തിലാണ് നോർവെയുടെ ഈ വൻവിജയം.
മത്സരത്തിന്റെ ആറാം മിനിറ്റിൽ ഫെലിക്സ് മെയ്ർ നേടിയ ഗോളിലൂടെ നോർവേയാണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ 11-ാം മിനിറ്റിൽ ഹാലൻഡ് ഗോൾ മഴക്ക് തുടക്കം കുറിച്ചു. മത്സരത്തിലുടനീളം മൊൾഡോവൻ പ്രതിരോധത്തെ നിഷ്പ്രഭരാക്കിയ ഹാലൻഡ് അഞ്ച് തവണയാണ് വലകുലുക്കിയത്. റേഞ്ചേഴ്സ് താരം തിലോ ആസ്ഗാർഡ് നാല് ഗോളുകൾ നേടി ഹാലൻഡിന് ശക്തമായ പിന്തുണ നൽകി. മാർട്ടിൻ ഒഡെഗാഡ്, ഫെലിക്സ് ഹോൺ മെയർ എന്നിവരും ഓരോ ഗോളുകൾ വീതം നേടി.
74-ാം മിനിറ്റിൽ നോർവേ താരത്തിന്റെ സെൽഫ് ഗോളിലൂടെയാണ് മൊൾഡോവ ആശ്വാസഗോൾ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പിൽ അഞ്ച് കളികളിൽ നിന്നും അഞ്ച് വിജയങ്ങൾ നേടി 15 പോയന്റോടെ നോർവേ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യത നേടാൻ സാധ്യത തെളിഞ്ഞുനിൽക്കുകയാണ് അവർ. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിക്കും മൂന്നാം സ്ഥാനത്തുള്ള ഇസ്രായേലിനും ഒമ്പത് പോയന്റ് വീതമാണുള്ളത്.
ഫിഫ മത്സരങ്ങളിൽ ഹാലൻഡ് നേടിയ അഞ്ച് ഗോളുകൾ ശ്രദ്ധേയമാണ്. ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോലും നേടാൻ കഴിയാത്ത നേട്ടമാണിത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും കൂടുതൽ ഗോളുകൾ ഒരു മത്സരത്തിൽ നാലാണ്, അത് 2019-ൽ ലിത്വാനിയക്കെതിരെയായിരുന്നു. മെസ്സി അഞ്ച് ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അത് എസ്തോണിയക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു.