ടിക്കറ്റിന് നൽകിയത് വൻ തുക; രണ്ടു മണിക്കൂർ നിശ്ചയിച്ചിരുന്ന പരിപാടി അരമണിക്കൂറിനുള്ളിൽ അവസാനിച്ചു; സാൾട്ട് ലേക്കിലെത്തിയവർ പ്രിയ താരത്തെ കണ്ടത് ഒരു മിന്നായം പോലെ; സ്റ്റേഡിയം തകർത്ത് ആരാധകർ; മെസ്സി പരിപാടിയുടെ സംഘാടകർ അറസ്റ്റിൽ; പരസ്യമായി മാപ്പ് പറഞ്ഞ് മമത
കൊൽക്കത്ത: അർജന്റീനൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി പങ്കെടുത്ത കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടി കലാശിച്ചത് സംഘർഷത്തിൽ. തിക്കിലും തിരക്കിലും വേണ്ടത്ര ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സംഘാടകർക്ക് വീഴ്ച പറ്റിയതിനെ തുടർന്ന് ആരാധകർ രോഷാകുലരാകുകയും സ്റ്റേഡിയത്തിൽ വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ പ്രധാന സംഘാടകനെ പോലീസ് അറസ്റ്റ് ചെയ്തു.
മെസ്സിയുടെ 'ഗോട്ട് (GOAT) ഇന്ത്യ ടൂർ 2025'ന്റെ ഭാഗമായി നടന്ന പരിപാടിയുടെ പ്രധാന സംഘാടകനായ ശതാദ്രു ദത്തയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മെസ്സിയോടും ആരാധകരോടും പരസ്യമായി മാപ്പു പറയുകയും ചെയ്തു. ടിക്കറ്റ് തുക തിരികെ നൽകാനുള്ള നടപടികൾ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെസ്സിയെ ഒരു നോക്കുകാണാൻ പതിനായിരക്കണക്കിന് ആരാധകരാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗനത്തിൽ എത്തിച്ചേർന്നത്. മെസ്സി സ്റ്റേഡിയത്തിൽ വെറും 10 മുതൽ 20 മിനിറ്റ് വരെ മാത്രമാണ് ചെലവഴിച്ചതെന്നും, ഈ സമയം രാഷ്ട്രീയക്കാരും വിഐപികളും താരത്തെ വളഞ്ഞ് നിന്നതിനാൽ ഭൂരിഭാഗം ആരാധകർക്കും മെസ്സിയെ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നുമാണ് റിപ്പോർട്ടുകൾ. 4000 മുതൽ 25,000 രൂപവരെയാണ് ടിക്കറ്റിന് നൽകിയത്. എന്നാൽ, രണ്ടു മണിക്കൂർ നീണ്ടുനിൽക്കുമെന്ന പരിപാടി അരമണിക്കൂർ പോലും നടത്താതെ അവസാനിപ്പിച്ചു.
ഇതിൽ ക്ഷുഭിതരായ ആരാധകർ കുപ്പികളും കസേരകളും ഉൾപ്പെടെയുള്ള വസ്തുക്കൾ ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും സ്റ്റേഡിയത്തിലെ വേദി നശിപ്പിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. സംഘാടകരുടെ സുരക്ഷാ വീഴ്ചയാണ് അക്രമത്തിലേക്ക് നയിച്ചതെന്നും, ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് സംഘാടകർ രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ടെന്നും പശ്ചിമ ബംഗാൾ ഡിജിപി രാജീവ് കുമാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ജസ്റ്റിസ് (റിട്ട.) അഷിം കുമാർ റേയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മെസ്സിയുടെ ആദ്യ പരിപാടിയായിരുന്നു കൊൽക്കത്തയിലേത്. ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലും മെസ്സിക്ക് പരിപാടികളുണ്ട്. സമൂഹമാധ്യമങ്ങളിൽ രൂക്ഷമായാണ് ആരാധകർ പ്രതികരിച്ചത്.