കുവൈത്തിനോടും നേപ്പാളിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ; ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി പാക്കിസ്ഥാന്‍; ഫൈനലില്‍ പരാജയപ്പെടുത്തിയത് കുവൈത്തിനെ
ഹോങ്കോങ്: ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി പാക്കിസ്ഥാന്‍. ആവേശകരമായ ഫൈനലില്‍ കുവൈത്തിനെ 43 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ആറ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍, കുവൈത്തിന് 5.1 ഓവറില്‍ വെറും 92 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഫൈനലില്‍ 52 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദിയാണ് കളിയിലെ താരവും ടൂര്‍ണമെന്റിലെ താരവും. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ ഒരു റണ്ണിനാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിനെ 37 റണ്‍സിന് തോല്‍പ്പിച്ചാണ് കുവൈത്ത് ഫൈനലില്‍ എത്തിയത്. അതേസമയം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു.
ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും പിന്നീട് കുവൈത്ത്, യുഎഇ, നേപ്പാള്‍, ശ്രീലങ്ക ടീമുകളോട് പരാജയപ്പെട്ടു. ശനിയാഴ്ച നടന്ന മത്സരത്തിൽ 27 റൺസിനായിരുന്നു കുവൈത്തിനോട് തോറ്റത്. ഇതോടെ ഗ്രൂപ്പ് റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായി ബൗൾ ഫൈനൽസിലേക്ക് തള്ളപ്പെട്ടു. ഇവിടെ മൂന്ന് കളിയിലും തോൽക്കാനായിരുന്നു വിധി. ആദ്യ യു.എ.ഇയോട് നാല് വിക്കറ്റ് തോൽവി. രണ്ടാം അങ്കത്തിൽ നേപ്പാൾ 92 റൺസിന് ഇന്ത്യയെ തരിപ്പണമാക്കി.
ആദ്യം ബാറ്റു ചെയ്ത നേപ്പാൾ ആറ് ഓവറിൽ 137 റൺസെടുത്തു. ഇന്ത്യ 45 റൺസിന് ഓൾഔട്ടായി. ഞായറാഴ്ച രാവിലെ നടന്ന അവസാന മത്സരത്തിൽ ശ്രീലങ്കക്കെതിരെ 48 റൺസിനായിരുന്നു തോൽവി. ആദ്യം ബാറ്റു ചെയ്ത ലങ്ക ലഹിരു സമരകൂൻ (52), ലഹിരു മധുശങ്ക (52) എന്നിവരും മികവിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കായി റോബിൻ ഉത്തപ്പ (13), ഭാരത് ചിപ്ലി (41), പ്രിയങ്ക് പഞ്ചാൽ (2), അഭിമന്യൂ മിഥുൻ (5), സ്റ്റുവർട്ട് ബിന്നി (24) എന്നിവർക് 90 റൺസിലെത്താനേ കഴിഞ്ഞുള്ളൂ.