ലോകകപ്പിൽ 'ലെവൻഗോൾസ്‌കി' മാജിക്കില്ല; സ്വീഡനോട് തോറ്റ് പോളണ്ട് പുറത്ത്; ഖത്തർ വേദിയിൽ ഗോളടിയന്ത്രത്തിന്റെ അഭാവം ഫുട്‌ബോൾ ലോകത്തിന് തീരാനഷ്ടം

Update: 2026-04-05 10:24 GMT

സ്റ്റോക്‌ഹോം: ചില കളിക്കാരുണ്ട്, അവരുടെ സാന്നിധ്യം കൊണ്ട് മാത്രം മൈതാനങ്ങൾ പ്രകാശിക്കും. പോളിഷ് നായകൻ റോബർട്ട് ലെവൻഡോവ്സ്കി അത്തരത്തിലൊരാളാണ്. എന്നാൽ, ആധുനിക ഫുട്ബോളിലെ ആ 'ക്ലാസിക്' സ്ട്രൈക്കറുടെ മികവ് കാണാനാവില്ലെന്നത് വരാനിരിക്കുന്ന ലോകകപ്പിന്റെ വലിയ നഷ്ടങ്ങളിലൊന്നായി മാറും. സ്റ്റോക്‌ഹോമിൽ നടന്ന പ്ലേ ഓഫ് പോരാട്ടത്തിൽ സ്വീഡനോട് 3-2ന് തോറ്റു പുറത്തായതോടെ, ലോകകപ്പ് വേദിയോട് ഗംഭീരമായി വിടവാങ്ങാമെന്ന മുപ്പത്തിയെട്ടുകാരനായ ലെവന്റെ സ്വപ്നങ്ങൾ കണ്ണീരിൽ കുതിർന്നു.

സെന്റർ ഫോർവേഡും പ്രിസിഷൻ സ്‌ട്രൈക്കറുമായി ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച താരമാണ് ലെവൻഡോവ്സ്കി. പോളണ്ടിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് അദ്ദേഹത്തിന് സ്വന്തം. ചാമ്പ്യൻസ് ലീഗിൽ മെസ്സിക്കും റൊണാൾഡോയ്ക്കും പിന്നിലായി 107 ഗോളുകളുമായി അദ്ദേഹം മൂന്നാം സ്ഥാനത്തുണ്ട്. രാജ്യാന്തര ഫുട്ബോളിൽ റൊണാൾഡോയ്ക്കും ലുക്കാക്കുവിനും പിന്നിലായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ യൂറോപ്യൻ താരം (89) കൂടിയാണ് ഈ പോളിഷ് കരുത്തൻ.

കളിച്ച ക്ലബ്ബുകളെയെല്ലാം കിരീടങ്ങളിലേക്ക് നയിച്ച അമൂല്യ താരമാണ് അദ്ദേഹം. ബുണ്ടസ് ലിഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനായും ബയേൺ മ്യൂണിക്കിനായും മിന്നിയ താരം ഇപ്പോൾ ബാഴ്സലോണയുടെ നട്ടെല്ലാണ്. മൂന്ന് ക്ലബ്ബുകൾക്കുമായി 100 വീതം ഗോളുകൾ നേടിയ അത്യപൂർവ്വ നേട്ടം അദ്ദേഹത്തിന്റെ പേരിലുണ്ട്. ക്ലോപ്പ്, ഗാർഡിയോള, ആഞ്ചലോട്ടി, സാവി തുടങ്ങിയ ലോകപ്രശസ്തരായ പരിശീലകർക്ക് കീഴിൽ കളിച്ചിട്ടും തന്റെ പ്രകടനം കൊണ്ട് അവരെയൊന്നും നിരാശപ്പെടുത്തിയില്ല എന്നതായിരുന്നു ആ 'ഓൾ വെതർ പ്ലെയറുടെ' കരുത്ത്.

എതിരാളികളുടെ പ്രതിരോധക്കോട്ടകളിൽ വിള്ളലുണ്ടാക്കാനും നിമിഷാർദ്ധം കൊണ്ട് തീരുമാനമെടുത്ത് പന്ത് വലയിലെത്തിക്കാനുമുള്ള അദ്ദേഹത്തിന്റെ പാടവമാണ് അദ്ദേഹത്തിന് 'ഏറ്റവും മൂർച്ചയേറിയ വേട്ടക്കാരൻ' എന്ന ഖ്യാതി നൽകിയത്. മധ്യനിരയിൽ കളി നിയന്ത്രിച്ചും പ്രതിരോധത്തിന് കരുത്തുപകരുന്ന ശാരീരികക്ഷമതയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെയാണ് ആരാധകർ അദ്ദേഹത്തെ 'ലെവൻഗോൾസ്‌കി' എന്ന് വിളിക്കുന്നതും.

"ഞാൻ തന്നെയാണ് ഏറ്റവും മികച്ചവൻ എന്ന് എല്ലാവർക്കും കാട്ടിക്കൊടുക്കാനാണ് ഞാൻ പൊരുതുന്നത്" എന്ന് ഒരിക്കൽ ലെവൻ പറഞ്ഞു. അത് അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കരിയർ. മെസ്സി-റൊണാൾഡോ യുഗത്തിനിടയിലും തന്റെ ഐതിഹാസിക സിംഹാസനം ലെവൻ ഉറപ്പിച്ചു. എന്നാൽ കരിയറിന്റെ അവസാനഘട്ടത്തിൽ, കണ്ണീരോടെ വിടവാങ്ങേണ്ടി വന്നത് ആ ഇതിഹാസത്തിന് അർഹിച്ച ഒന്നായിരുന്നില്ല.

Tags:    

Similar News