സിഇഒ നിയമനം സുതാര്യം, രഘുറാമാണ് ഒന്നാമതായത്: അനാവശ്യവിവാദം ഉണ്ടാക്കുന്നു; പി.ടി ഉഷ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്റെ സിഇഒ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദം പുകയുകയാണ്. ഐഒഎ പ്രസിഡന്റ് പിടി ഉഷയും ഭരണ സമിതിയിലെ അംഗങ്ങളും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. രഘുറാം അയ്യരുടെ സിഇഒ നിയമനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ഐഒഎയില്‍ ഭിന്നത സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സിഇഒ നിയമനമായിരുന്നു അജണ്ടയെങ്കിലും ഇതില്‍ തീരുമാനമുണ്ടായില്ല.
നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് രഘുറാമിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചെയ്തിട്ടുള്ളത്. രണ്ട് മാസത്തിനുള്ളില്‍ സിഇഎയെ നിയമിക്കണമെന്നാണ് നിയമം. 10 വര്‍ഷം അനുഭവസമ്പത്തുള്ളവരേയും 25 കോടിയിലധികം ആസ്തിയുള്ള കമ്പനിയില്‍ പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ളവരേയും വേണം ഈ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതാണ് നിയമം. ഇതിനായി പരസ്യം ചെയ്തെങ്കിലും അധികം ആളുകളെ ലഭിച്ചില്ല. മൂന്ന് പേര്‍ മാത്രമാണ് ഇതിനായി എത്തിയത്. വീണ്ടും പരസ്യം ചെയ്യണമെങ്കില്‍ നിയമപരമായ മാറ്റം വരുത്തണം. ഇത് എളുപ്പമല്ല. മാസങ്ങളോളം കടന്ന് പോയിട്ടും നിയമനം നടത്താന്‍ സാധിക്കാതെ പോയി.
ഇതിനിടെയാണ് ഒളിംപിക്സ് വരുന്നത്. പ്രധാന മന്ത്രിയടക്കം സിഇഒ നിയമം വൈകുന്നതില്‍ ഇടപെട്ടു. ഇതിന് ശേഷമാണ് വീണ്ടും പരസ്യം നല്‍കിയത്. ഇത് ഞാന്‍ ഒറ്റക്കല്ല തീരുമാനിച്ചത്. നിത അംബാനി, മേരി കോം ഉള്‍പ്പെടെയുള്ള നോമിനേഷന്‍ കമ്മിറ്റിയാണ് ഇത് തീരുമാനിച്ചത്. 11 ആപ്ലിക്കേഷനില്‍ 7 എണ്ണമാണ് പൂര്‍ണ്ണമായുണ്ടായിരുന്നത്. ഇതില്‍ നിന്ന് സുതാര്യമായ ഷോര്‍ട്ട് ലിസ്റ്റിലൂടെ രണ്ട് പേരെ അഭിമുഖത്തിന് വിളിച്ചു. ഇതില്‍ നിന്നാണ് രഘുറാമിനെ തിരഞ്ഞെടുത്തത്.
സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍ ഉള്‍പ്പെടെ 12 പേര്‍ രഘുറാമിന്റെ നിയമനത്തെ എതിര്‍ത്തു. ഇതോടെ യോഗ നടപടികള്‍ അലങ്കോലപ്പെടുകയും അരമണിക്കൂറിനുള്ളില്‍ തീരുമാനമാകാതെ യോഗം അവസാനിപ്പിക്കുകയും ചെയ്തു. പിടി ഉഷയും ഭരണ സമിതിയിലെ ഒരു വിഭാഗവും തമ്മില്‍ വാക്കേറ്റ മുണ്ടാവുകയും ചെയ്തു. എതിര്‍ വിഭാഗം ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വെച്ചെങ്കിലും ഉഷ ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് വാക്കേറ്റത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. സിഇഒയുടെ നിയമത്തിനായാണ് ഇപ്പോള്‍ ഭരണസമിതി യോഗം ചേര്‍ന്നതെന്നായിരുന്നു ഉഷയുടെ നിലപാട്. എന്നാല്‍ അവരുടെ അജണ്ട അംഗീകരിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലേക്ക് എതിര്‍ പക്ഷം എത്തിയതോടെയാണ് യോഗം അലസിപ്പിരിഞ്ഞത്.
രഘുറാമിന്റെ നിയമനം അംഗീകരിക്കാനാവില്ലെന്നായിരുന്നു എതിര്‍ വിഭാഗത്തിന്റെ ആവശ്യം. പുതിയ അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി സിഇഒയെ നിയമിക്കണമെന്നാണ് എതിര്‍ വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഉഷ അംഗീകരിച്ചില്ല. 3 കോടി രൂപ വാര്‍ഷിക വരുമാനമെന്ന കരാറിലാണ് രഘുറാമിനെ നിയമിച്ചത്. ഇതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ വലിയ ഭിന്നതയായി വളര്‍ന്നിരിക്കുന്നത്. ഭരണ സമിതിയിലെ 15 അംഗങ്ങളില്‍ 12 പേരും ഉഷക്ക് എതിരാണ്. ഈ സ്ഥാനത്ത് നിയമ പ്രകാരം നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവരെ കണ്ടെത്തുക പ്രയാസമാണെന്നും അതുകൊണ്ടുതന്നെ ആദ്യം മുതല്‍ പരസ്യം നല്‍കി പിന്നീട് അഭിമുഖം നടത്തി സിഇഒയെ കണ്ടെത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ആദ്യം മുതല്‍ ഈ പ്രവര്‍ത്തി നടത്തണമെന്ന് ഒരു വിഭാഗത്തിന് വാശിയാണെന്നും ഉഷ വിമര്‍ശിച്ചു.
കല്യാണ്‍ ചൗബെക്ക് നോട്ടീസ് നല്‍കി കൂടാതെ ഐഒഎ ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബെ തയ്ക്വാന്‍ഡോ അസോസിയേഷന് അംഗീകാരം നല്‍കിയിരുന്നു. ഭരണ സമിതിയുടെ അംഗീകാരമില്ലാതെയാണ് കല്യാണ്‍ ചൗബെ ഇത്തരമൊരു നീക്കം നടത്തിയതെന്ന കാരണത്താല്‍ പിടി ഉഷ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ചട്ട വിരുദ്ധമായ നീക്കമാണ് കല്യാണ്‍ ചൗബെ നടത്തിയതെന്നാണ് കത്തില്‍ ഉഷ പറഞ്ഞിരിക്കുന്നത്. 2022ല്‍ സുപ്രീം കോടതി റദ്ദാക്കിയ അംഗീകാരമാണ് ചൗബെ പുനസ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പേരും ഭരണ സമിതിക്കുള്ളില്‍ ചേരിതിരിവാണുള്ളത്. താന്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്നും ചിലര്‍ മനപ്പൂര്‍വ്വം വിവാദത്തിന് ശ്രമിക്കുകയാണെന്നും യോഗത്തിലെ ചില കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി തെറ്റുകാരിയാക്കാന്‍ ശ്രമിക്കുകയാണെന്നും ഉഷ ആരോപിച്ചു.