റോയല്‍സ് നിലനിര്‍ത്തുന്ന താരങ്ങളില്‍ സഞ്ജു മുതല്‍ സന്ദീപ് വരെ; സഞ്ജുവിനും, ജയ്‌സ്വാളിനും 18 കോടി: ബട്‌ലര്‍ക്ക് 14 കോടി; റിപ്പോര്‍ട്ട്

Update: 2024-10-15 05:18 GMT

മെഗാ ലേലത്തിന് മുമ്പ് റിറ്റന്‍ഷനിലൂടെ താരങ്ങളെ നിലനിര്‍ത്തി ആദ്യഘട്ടത്തില്‍ തന്നെ ടീം ബാലന്‍സ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് ഐപിഎല്‍ ടീമുകള്‍. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും വമ്പന്‍ പദ്ധതികളാണ് റീറ്റെന്‍ഷനില്‍ പദ്ധതിയിട്ടിരിക്കുന്നത്. രാജസ്ഥാന്റെ റിറ്റന്‍ഷന്‍ നീക്കങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോര്‍ പുറത്ത് വന്നിരിക്കുന്നത്.

സഞ്ജുവിനെ റോയല്‍സ് കൈവിടുമെന്നും താരം സിഎസ്‌കെയിലേക്ക് കൂടുമാറാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് നേരത്തെ ചില റൂമറുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് പ്രഥമ പരിഗണന നല്‍കുന്നത് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തന്നെയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് 18 കോടി നല്‍കി ടീമില്‍ നിലനിര്‍ത്താനാണ് ടീമിന്റെ തീരുമാനമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ടീമിനെ ഒരു സീസണില്‍ ഫൈനലിലേക്കും ഒരു തവണ പ്ലേ ഓഫിലേക്കും നയിച്ചു. ഒരു സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് നഷ്ടമായ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും സഞ്ജുവിനുള്ള ആരാധക പിന്തുണയും രാജസ്ഥാന് മുതല്‍ക്കൂട്ടാണ്.

ഓപ്പണര്‍ യശ്വസി ജയസ്വാളിനെയാണ് ടീമില്‍ നില നിര്‍ത്തുന്ന മറ്റൊരു താരമെന്നാണ് റിപ്പോര്‍ട്ട്. താരത്തിനും 18 കോടി നല്‍കും. സഞ്ജുവിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രാജസ്ഥാന്‍ പരിഗണിക്കുന്നതും ജയസ്വാളിനെയാണ്. മറ്റ് രണ്ട് താരങ്ങളാണ് ജോസ് ബട്‌ലറും, റിയാന്‍ പരാഗും. ബട്‌ലിറനെ 14 കോടിക്കും, പരാഗിനെ 11 കോടിക്കും റോയല്‍സ് നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

അണ്‍കാപ്ഡ് ഇന്ത്യന്‍ താരമായി പേസര്‍ സന്ദീപ് ശര്‍മയെയും രാജസ്ഥാന്‍ നിലനിര്‍ത്തും. നാല് കോടിയാണ് സന്ദീപിനായി റോയല്‍സ് മുടക്കുക. ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍, ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോര്‍ട്ട്, വിന്‍ഡീസ് ബാറ്റര്‍ ഷിംറോന്‍ ഹെറ്റ്മിയര്‍ എന്നിവരെയും ടീമിനൊപ്പം നിര്‍ത്താന്‍ മാനേജ്‌മെന്റിന് താല്‍പര്യമുണ്ട്. ഇവര്‍ക്കായി ആര്‍ടിഎം അവസരം രാജസ്ഥാന്‍ ഉപയോഗിച്ചേക്കും.

Tags:    

Similar News