'25 വർഷം ഫുട്ബോളിനായി എല്ലാം നൽകി, അടുത്ത വർഷം 41 വയസ്സാകും, അതാകും ശരിയായ സമയം'; 2026ലേത് അവസാന ലോകകപ്പ്'; ഒന്നോ രണ്ടോ വർഷം കൂടി കളി തുടരുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ

Update: 2025-11-12 07:26 GMT

റിയാദ്: റിയാദ്: ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഫുട്ബോളിൽ നിന്നും\ പൂർണ്ണമായി വിരമിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026-ൽ നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. റിയാദിൽ നടന്ന 'ടൂറിസ്' (TOURISE) ഫോറത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 25 വർഷത്തോളമായി ഫുട്ബോളിന് വേണ്ടി തന്റെ സർവ്വവും സമർപ്പിച്ചിട്ടുണ്ടെന്ന് റൊണാൾഡോ പറഞ്ഞു.

നിലവിലെ സമയത്തെക്കുറിച്ചും കളിയെക്കുറിച്ചുമുള്ള തൻ്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. എന്നിരുന്നാലും, വരുന്ന ലോകകപ്പ് മത്സരങ്ങളോടെ തന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴുമെന്നും അദ്ദേഹം വ്യക്തമാക്കി. 'അടുത്ത വർഷം എനിക്ക് 41 വയസ്സാകും. അതാകും ശരിയായ സമയം,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച വിരമിക്കുമെന്ന് താരം പറഞ്ഞിരുന്നു. 'സത്യസന്ധമായി പറഞ്ഞാൽ, ഉടനടി എന്ന് പറയുമ്പോൾ, ഒന്നോ രണ്ടോ വർഷം കൂടി ഞാൻ കളിക്കളത്തിൽ ഉണ്ടാകും,' താരം വ്യക്തമാക്കി.

2026 ലോകകപ്പിന് പോർച്ചുഗൽ ഇതുവരെ യോഗ്യത നേടിയിട്ടില്ലെങ്കിലും, വ്യാഴാഴ്ച അയർലൻഡിനെതിരെ വിജയിച്ചാൽ അവർക്ക് യോഗ്യത ഉറപ്പാക്കാം. 2022-ന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം 2023-ൽ സൗദി അറേബ്യയിലെ അൽ നാസറിൽ റൊണാൾഡോ ചേർന്നിരുന്നു. അഞ്ചു തവണ ബാലൺ ഡി'ഓർ പുരസ്കാരം നേടിയ റൊണാൾഡോയ്ക്ക് വരാനിരിക്കുന്നത് ആറാമത്തെ ലോകകപ്പ് ആണ്. 

Tags:    

Similar News