പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം; തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നു; ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു; നിരോധിച്ചവയില്‍ നിരവധി പാക് യുട്യൂബ് ചാനലുകളും

Update: 2025-04-28 08:48 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനില്‍നിന്നുള്ള നിരവധി യുട്യൂബ് ചാനലുകള്‍ക്കെതിരെ ഇന്ത്യ കര്‍ശന നടപടി സ്വീകരിച്ചു. മുന്‍ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ @ShoaibAkhtar100mph എന്ന ഔദ്യോഗിക യുട്യൂബ് ചാനലും നിരോധിത ചാനലുകളുടെ പട്ടികയില്‍ ഇടം പിടിച്ചു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും സൈന്യവും സുരക്ഷാ ഏജന്‍സികളും വിമര്‍ശിക്കുന്നതോടെ ദേശസുരക്ഷക്കും പൊതു ശാന്തിക്കും ഭീഷണിയായുള്ള പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് അടിസ്ഥായിയാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇത്രയധികം പാക്കിസ്ഥാനി ചാനലുകള്‍ നിരോധിച്ചത്.

ഡോണ്‍ ന്യൂസ്, എആര്‍വൈ ന്യൂസ്, ജിയോ ന്യൂസ്, സമാ ടിവി അടക്കമുള്ള പ്രമുഖ പാകിസ്താനി വാര്‍ത്താ ചാനലുകളും ഈ നിരോധന നടപടിയിലുണ്ട്. ചില കായിക ചാനലുകളും അതിനൊപ്പം തന്നെ നിരോധിച്ചു.

നിലവില്‍ ഇന്ത്യയില്‍ ഈ ചാനലുകള്‍ തുറക്കുമ്പോള്‍, 'ദേശീയ സുരക്ഷയുമായോ പൊതു ക്രമസമാധാനവുമായോ ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ ഉള്ളടക്കം ഇന്ത്യയില്‍ ലഭ്യമല്ല' എന്ന സന്ദേശം മാത്രം കാണാന്‍ കഴിയുന്ന അവസ്ഥയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗൂഗിളിന്റെ ട്രാന്‍സ്പാരന്‍സി റിപ്പോര്‍ട്ട് (transparencyreport.google.com) സന്ദര്‍ശിക്കണമെന്ന് ഉപദേശം നല്‍കിയിരിക്കുന്നു.

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസാരണ്‍ വാലിയില്‍ ഭീകരാക്രമണമുണ്ടായത്. 25 തദ്ദേശീയ വിനോദ സഞ്ചാരികളും ഒരു കശ്മീരി സ്വദേശിയും ഉള്‍പ്പെടെ 26 പേരാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. നാല് ഭീകരര്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News