സംസ്ഥാന സ്കൂൾ കായികമേള; മലപ്പുറം ജില്ലക്ക് കന്നി കിരീടം; സ്കൂൾ മീറ്റിൽ തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാർ

Update: 2024-11-11 12:00 GMT

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ മലപ്പുറം ജില്ലക്ക് കന്നി കിരീടം. 242 പോയിന്റ നേടിയാണ് മലപ്പുറം ചാംപ്യൻമാരായത്. 22 സ്വർണം, 32 വെള്ളി, 24 വെങ്കലം എന്നിവയുടെ പിൻബലത്തിലായിരുന്നു മലപ്പുറത്തിന്റെ കിരീട നേട്ടം. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് മലപ്പുറം ജില്ലയേക്കാൾ 29 പോയിന്റുകൾക്ക് പിന്നിലാണ്. പാലക്കാടിന് 213 പോയിന്റുകളാണുള്ളത്. 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവുമാണ് പാലക്കാടിൻറെ സമ്പാത്യം.

സ്കൂൾ മീറ്റിൽ തിരുവനന്തപുരം നേരത്തെ ചാംപ്യൻഷിപ്പ് ഉറപ്പിച്ചിരുന്നു. 1935 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാരായത്. 144 സ്വർണ്ണത്തോടെയായായിരുന്നു ഗെയിംസിൽ തിരുവനന്തപുരത്തിന്റെ ആധിപത്യം. ആദ്യമായി ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. സ്കൂളുകളിൽ ചാംപ്യൻമാരായിരിക്കുന്നത് ഐഡിയൽ സ്കൂളാണ്.

ഒന്നാം സ്ഥാനം നേടിയിരിക്കുന്ന കടകശ്ശേരി ഐഡിയൽ സ്കൂളിന് 80 പോയിന്റാണുള്ളത്. 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുളള കോതമം​ഗലം മാർ ബേസിലിന് ലഭിച്ചിരിക്കുന്നത് 43 പോയിന്റാണ്.

ഒളിംമ്പിക് മാതൃകയില്‍ നടത്തിയ ആദ്യ സംസ്ഥാന സ്‌കൂള്‍ കായിക മേള ദേശീയ, അന്തർദേശീയ തലത്തിൽ കായിക രംഗത്ത് ഒരു പുത്തൻ മാറ്റത്തിന്റെ തുടക്കമാണ്. വൈകിട്ട് നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചീഫ് മിനിസ്‌റ്റേഴ്‌സ് എവര്‍റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. മന്ത്രി വി.ശിവന്‍കുട്ടി യോഗത്തിന് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.

സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായിക താരങ്ങള്‍ക്കായി നടത്തിയ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ്, ഗള്‍ഫ് മേഖലയിലെ സൂളുകളില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ ഇത്തവണത്തെ കായികമേളയുടെ പ്രത്യേകതയായിരുന്നു.

Tags:    

Similar News