ഗവര്‍ണര്‍ മാറിയാലും നയം മാറില്ല! കേരളാ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വഴിയില്‍ പുതിയ ഗവര്‍ണറും; സര്‍വകലാശാലാ ഭേദഗതി ബില്ലില്‍ ഒപ്പിടില്ല; ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലെന്ന് വിലയിരുത്തല്‍; ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടേക്കും

ഗവര്‍ണര്‍ മാറിയാലും നയം മാറില്ല! കേരളാ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ വഴിയില്‍ പുതിയ ഗവര്‍ണറും

Update: 2025-05-28 02:21 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവണര്‍ണര്‍ മാറിയാലും കേരള സര്‍ക്കാറിനോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റമില്ല. ആരിഫ് മുഹമ്മദ് ഖാനേക്കാള്‍ വാക്കുകളില്‍ സൗമ്യനാണ് രാജേന്ദ്ര അര്‍ലേക്കര്‍ എങ്കിലും ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ വിട്ടുവീഴ്ച്ചകള്‍ക്കില്ല. നിയമസഭ പാസാക്കി രാജ്ഭവനിലേക്ക് അയച്ച സര്‍വകലാശാലാ ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒപ്പിടില്ല. ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുകയും അത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കു കൈമാറുകയും ചെയ്യുന്നതാണു ബില്ലുകളെന്നാണു വിലയിരുത്തല്‍. ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശവും ഇതു ശരിവയ്ക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗവര്‍ണര്‍ സര്‍ക്കാരിനു തിരിച്ചയയ്ക്കുകയാണ് മറ്റൊരു മാര്‍ഗം. എന്നാല്‍, ഇതേ ബില്‍ സര്‍ക്കാര്‍ വീണ്ടും സമര്‍പ്പിച്ചാല്‍ ഗവര്‍ണര്‍ അംഗീകരിക്കേണ്ടി വരും. അതുകൊണ്ടാണ് ബില്‍ രാഷ്ട്രപതിക്ക് വിടാന്‍ ഒരുങ്ങുന്നത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, സംസ്‌കൃത, കുസാറ്റ്, സാങ്കേതിക സര്‍വകലാശാലകളിലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലുകളാണു നിയമസഭ പാസാക്കിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഈ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.

അന്നു ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണു രാജ്ഭവന്റെ നിലപാട്. അതേസമയം, ഇതേ ബില്ലുകള്‍ക്കൊപ്പം അയച്ച സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കും. ഗവര്‍ണറെ മറികടന്ന്, സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദീകരണം തേടാന്‍ ബില്ലുകള്‍ മന്ത്രിക്ക് അധികാരം നല്‍കുന്നുണ്ട്.

മന്ത്രി നല്‍കുന്ന നിര്‍ദേശം സര്‍വകലാശാല പാലിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന നിയമങ്ങള്‍ക്കെതിരെ സര്‍വകലാശാലാ ജീവനക്കാര്‍ സമരം ചെയ്യരുതെന്ന നിര്‍ദേശമുണ്ടെ ങ്കിലും കേന്ദ്രനിയമത്തിനെതിരെ പാടില്ലെന്നു വ്യവസ്ഥ ചെയ്തി ട്ടില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജേന്ദ്ര അര്‍ലേക്കര്‍ ഗവര്‍ണറായി എത്തിയശേഷം ആദ്യമായാണു ബില്ലിന്റെ പേരില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത്.

ഇപ്പോഴത്തെ ഗവര്‍ണര്‍ പക്വമതിയാണെന്നും സര്‍ക്കാരുമായി ഊഷ്മള ബന്ധമാണെന്നും അടുത്തിടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചിരുന്നു. രാജ്ഭവനില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്റെ പ്രഭാഷണം സംഘടിപ്പിച്ചപ്പോഴും മൗനം പാലിച്ച സര്‍ക്കാര്‍ ഇനിയും മൃദുസമീപനം തുടരുമോ എന്നു വ്യക്തമല്ല.

അതേസമയം താല്‍ക്കാലിക വി.സി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്നു വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍, ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തല്‍ക്കാലം തീരുമാനമെടുക്കില്ല. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ നിയമനത്തിലാണ് കോടതി ഉത്തരവുണ്ടായത്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സര്‍ക്കാര്‍ ഇരുസര്‍വകലാശാലകളിലേക്കുമുള്ള പാനല്‍ ഗവര്‍ണര്‍ക്കു നല്‍കിയിരുന്നു. ഗവര്‍ണറും കെടിയു വി.സി ഡോ.കെ.ശിവപ്രസാദ്, ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ.സിസ തോമസ് എന്നിവരും നല്‍കിയ അപ്പീല്‍ വെള്ളിയാഴ്ച കോടതി പരിഗണിക്കും.

Tags:    

Similar News