ടൂറിസം വകുപ്പിന്റെ പ്രമോഷന് ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിത് മുന്‍കൂട്ടി പരിശോധന നടത്തിയിട്ടോ? ഏതുസാഹചര്യത്തിലാണ് അവര്‍ വ്‌ളോഗര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചതെന്ന് അന്വേഷിച്ച് കേന്ദ്ര ഏജന്‍സികള്‍; മുഹമ്മദ് റിയാസ് വിശദീകരിക്കണമെന്ന് ജാവദേക്കര്‍; ദേശീയതലത്തില്‍ വിവാദമാക്കി ബിജെപി

ടൂറിസം വകുപ്പിന്റെ പ്രമോഷന് ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിത് മുന്‍കൂട്ടി പരിശോധന നടത്തിയിട്ടോ?

Update: 2025-07-07 13:45 GMT

തിരുവനന്തപുരം: പാക് ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം കേരളത്തില്‍ എത്തിയതില്‍ അന്വേഷണവുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഉള്‍പ്പെടുത്തുന്ന ആളുകളെക്കുറിച്ച് മുന്‍കൂട്ടി പരിശോധന നടത്തിയിട്ടുണ്ടോയെന്നും ഏത് സാഹചര്യത്തിലാണ് ഇവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 2023 മുതല്‍ ജ്യോതിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്സ് പട്ടികയില്‍ ജ്യോതിയെ ഉള്‍പ്പെടുത്തിയത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ടൂറിസം വകുപ്പ് വ്യക്തമാക്കിയത്. ടൂറിസം വകുപ്പ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയുമുണ്ടായിരുന്നു കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ ജ്യോതി മല്‍ഹോത്ര കേരള സര്‍ക്കാരിന്റെ ചെലവിലാണ് യാത്ര ചെയ്തത്.

2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രൊമോഷന്‍ നടത്തിയ വ്‌ലോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്. 33കാരിയായ ജ്യോതി മുമ്പ് പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായി തെളിഞ്ഞിരുന്നു. പാകിസ്ഥാനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധം പുലര്‍ത്തിയതായും വിവരം ലഭിച്ചു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനുമായും ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്തിരുന്നു. 'ട്രാവല്‍ വിത്ത് ജോ' എന്നതാണ് ജ്യോതിയുടെ യൂട്യൂബ് ചാനല്‍. ജ്യോതിയുടെ വീഡിയോകളില്‍ ഏറെയും പാകിസ്ഥാനില്‍ നിന്നുള്ളതാണ്. ആകെ 487 വീഡിയോ 'ട്രാവല്‍ വിത്ത് ജോ' എന്ന ചാനലിലുണ്ട്. മിക്ക വീഡിയോയും പാകിസ്ഥാന്‍, തായ്ലാന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കാഴ്ചകളാണ്. കേരള സാരി അണിഞ്ഞ് കണ്ണൂരിലെത്തിയ ജ്യോതി തെയ്യം കാണുന്നതിന്റെ വീഡിയോ നേരത്തേ വൈറലായിരുന്നു.

ദേശീയതലത്തില്‍ വിവാദമാക്കി ബിജെപി

അതേസമയം, ജ്യോതി മല്‍ഹോത്രയെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയത് ദേശീയതലത്തില്‍ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ബിജെപി. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറിയതിന് അറസ്റ്റിലായ വ്‌ളോഗര്‍ ഹരിയാന സ്വദേശി ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിശദീകരിക്കണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം ചെലവാക്കിയതിനാല്‍ പൊതു സമൂഹത്തിന് മുമ്പില്‍ വിശദീകരിക്കാന്‍ റിയാസിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവിരുദ്ധര്‍ക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. മുഹമ്മദ് റിയാസിന്റെ ക്ഷണപ്രകാരമാണ് അവര്‍ കേരളത്തില്‍ എത്തിയത്. എന്തുകൊണ്ട് ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചു എന്നതിന് മുഹമ്മദ് റിയാസ് നിര്‍ബന്ധമായും മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക് ചാരയെ ഇടത് സര്‍ക്കാര്‍ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പുനെവാലയും ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി കൃത്യമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പായിരുന്നു. ടൂറിസത്തിന്റെ പുനരുജീവനത്തിനായി വ്ളോഗര്‍മാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തുന്നതിന് വേണ്ടി 'എന്റെ കേരളം എത്ര സുന്ദരം' ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ ടൂറിസം വകുപ്പ് നടത്തിയിരുന്നു. ഇതിനായി 41 പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിച്ചത്. ഇവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടെന്ന് വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനായി ടൂറിസം വകുപ്പ് പണം നല്‍കി. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പാണ്.

കണ്ണൂര്‍ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്ര ഉത്സവത്തിന്റെ വീഡിയോ ജ്യോതി പോസ്റ്റ് ചെയ്തിരുന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും എത്തിയിരുന്നതായും സൂചനയുണ്ട്. ടൂറിസം പ്രചാരണത്തിനായാണ് എത്തിച്ചതെങ്കില്‍ കേരളത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളുള്ള മേഖലയിലേക്ക് യാത്ര നടത്താത്തതും തെയ്യം നടക്കുന്ന പറശ്ശിനിക്കടവ് ഉള്ളപ്പോള്‍ കണ്ണൂരിലെ വനശാസ്താക്ഷേത്രം എന്തിന് തെരഞ്ഞെടുത്തു എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Tags:    

Similar News