കോട്ടയം: ആറ്റിൽ ചാടി കൊല്ലം സ്വദേശികളായ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പെൺകുട്ടികൾക്ക് മറ്റാരും അറിയാത്ത എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. കൂടാതെ 13 ന് വീടു വിട്ട പെൺകുട്ടികൾ അന്ന് രാത്രിയിൽ എവിടെയാണ് തങ്ങിയത് എന്നും മറ്റാരെങ്കിലും പെൺകുട്ടികളം വീടു വിട്ടു പോകാൻ സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോട്ടയം മുതൽ വൈക്കം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. പെൺകുട്ടികളുടെ വീടുകളുടെ അടുത്തുള്ളതും ആയൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്തെയും സിസിടിവികളും പരിശോധിക്കുന്നുണ്ട്. കൊല്ലം റൂറൽ എസ്‌പിയും കോട്ടയം എസ്‌പിയും തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്.

വൈക്കം പൊലീസാണ് അന്വേഷണം കോട്ടയത്ത് നടത്തുന്നത്. കോട്ടയം എസ്‌പി ജയദേവ് ജി ഐപിഎസ് അന്വേഷണം ഊർജ്ജിതമാക്കാൻ വൈക്കം എസ്.എച്ച്.ഓ എസ്.പ്രദീപിന് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി പരിശോധനകൾ ആരംഭിച്ചിരിക്കുന്നത്. പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനായി ചാടിയ മുറിഞ്ഞപുഴയിൽ അടുത്തെങ്ങും സിസിടിവികളില്ല. വൈക്കം ടൗണിൽ മാത്രമേ സിസിടിവികളുള്ളൂ. ബസ് സ്റ്റാന്റിന് സമീപത്തെ സിസിടിവികളാണ് പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നത്. കൂടാകെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്തെയും ദൃശ്യങ്ങളും പരിശോധിക്കും. പെൺകുട്ടികളുടെ മൊബൈൽ ഫോണുകളിലെ അവസാന കോൾ ലിസ്റ്റുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടു കൂടി ലഭിച്ചതിന് ശേഷം മറ്റെന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് അറിയാൻ കഴിയൂ.

നാലു ദിവസം മുൻപു കാണാതായ ആയൂർ സ്വദേശിനികളായ പെൺകുട്ടികളുടെ മൃതദേഹം വൈക്കത്തിനു സമീപത്തെ കായലിൽ നിന്ന് ഇന്നലെയാണു കണ്ടെത്തിയത്. ആയൂർ കീഴാറ്റൂർ അഞ്ജു ഭവനിൽ അശോക് കുമാറിന്റെ മകൾ ആര്യാ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടിൽ അനിശിവദാസിന്റെ മകൾ അമൃത അനിൽ (21) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.

ഇവർ അഞ്ചലിലെ സ്വകാര്യ കോളജിൽ നിന്ന് ബിഎ ഹിസ്റ്ററി പഠനം പൂർത്തിയാക്കിയിരുന്നു. ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര. 13നു രാവിലെ 10ന് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും പോകുന്നതായി പറഞ്ഞാണു വീട്ടിൽ നിന്ന് ഇറങ്ങിയത്. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉൾപ്പെടെ കൊണ്ടുപോയതായി പറയുന്നു. ഉച്ചയ്ക്ക് 12നു ആര്യയുടെ മൊബൈൽ ഫോണിൽ വിളിച്ചു വീട്ടുകാർ സംസാരിച്ചിരുന്നു. ഇരുവരും വീട്ടിൽ എത്താഞ്ഞതിനെ തുടർന്നു വൈകിട്ടു വിളിച്ചപ്പോൾ മുതൽ ഫോൺ സ്വിച്ച് ഓഫാണ്. തുടർന്ന് ഇവരെ കാണാനില്ലെന്നു കാട്ടി ഇരു വീട്ടുകാരും അഞ്ചൽ, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ മൊബൈൽ ഫോൺ 13 നു ഉച്ചയ്ക്കു 1.30ന് തിരുവല്ല ഭാഗത്തെ ടവറിന്റെ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ രണ്ടു യുവതികൾ വൈക്കം മൂവാറ്റുപുഴ ആറ്റിൽ ചാടിയ വാർത്ത പ്രചരിച്ചിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ രാത്രി തന്നെ വൈക്കത്തെത്തുകയും ചെയ്തു. വൈക്കത്തു നിന്നും ലഭിച്ച ചെരുപ്പും തൂവാലയും ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ ആറ്റിൽ ചാടിയത് അമൃതയും ആര്യയുമാണെന്ന് തിരിച്ചറിയുകയായിരുന്നു. തിരച്ചിൽ തുടരുന്നതിനിടെ പൂച്ചാക്കലിൽ ഇന്നലെ രാവിലെ തീരത്തോട് ചേർന്ന് ആദ്യം അമൃതയുടെ മൃതദേഹവും പെരുമ്പളം സൗത്തിൽ നിന്ന് ആര്യയുടെ മൃതദേഹവും കണ്ടെത്തി.

പുഴയിലേക്ക് ആരോ ചാടിയെന്ന സംശയത്തെത്തുടർന്നു സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ വൈക്കം പൊലീസ് പാലത്തിൽ നിന്നു ചെരിപ്പും തൂവാലയും കണ്ടെടുത്തതു കോളജ് വിദ്യാർത്ഥിനികളായ അമൃതയുടെയും ആര്യയുടെയും മരണം സംബന്ധിച്ച അന്വേഷണത്തിൽ നിർണായകമായി. മുറിഞ്ഞപുഴ പാലത്തിനു സമീപം താമസിക്കുന്ന കാവിൽ പുത്തൻപുരയിൽ ശാരംഗധരന്റെ മകൾ സീതാലക്ഷ്മിയാണ് ആറ്റിൽ എന്തോ വീഴുന്ന ശബ്ദം ആദ്യം കേട്ടത്. '' മാലിന്യം എറിഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. തൊട്ടുപിന്നാലെ നിലവിളിയും കേട്ടതോടെയാണ് ആരോ ആറ്റിൽ ചാടിയെന്ന സംശയം ഉണ്ടായത്'' എന്നു സീതാലക്ഷ്മി പറഞ്ഞു. തുടർന്നു നാട്ടുകാരെ വിളിച്ചുകൂട്ടി, പൊലീസിൽ അറിയിച്ചു. വൈക്കം പൊലീസ് പാലത്തിൽ നിന്നു ചെരിപ്പും തൂവാലയും കണ്ടെടുത്തതു യുവതികളുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണു കേസിനു വഴിത്തിരിവായത്.

ഒരേ ക്ലാസിൽ പഠിച്ചിരുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര. ഇണപിരിയാത്ത കൂട്ടുകാർ. ഒരാൾ ക്ലാസ്സിൽ വന്നില്ലെങ്കിൽ മറ്റേ ആളും വരില്ല. എവിടെ പോയാലും ഒന്നിച്ച്. ഇതിന് പലപ്പോഴും സഹപാഠികൾ കളിയാക്കിയിട്ടുമുണ്ട്. ഇരുവരുടെയും സൗഹൃദം എല്ലാവർക്കും അത്ഭുതമായിരുന്നു. ഡിഗ്രി പഠനം പൂർത്തിയായപ്പോൾ അമൃതയുടെ വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങി. പക്ഷേ വിവാഹം വേണ്ട എന്ന നിലപാടിലായിരുന്നു അമൃത. ഇപ്പോൾ വിവാഹം വേണ്ട എന്നും ഇനിയും പഠിക്കണം എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാൽ വീട്ടുകാർ വിവാഹ ആലോചനകളുമായി മുന്നോട്ട് പോയി. ഇതോടെ ഇരുവരും ഏറെ ധർമ്മസങ്കടത്തിലായി. വിവാഹം കഴിച്ചാൽ പിന്നെ തങ്ങളുടെ ബന്ധം തുടരുവാൻ കഴിയില്ല എന്നോർത്ത് ഏറെ ദുഃഖിതരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 14 ദിവസം അമൃതയും മാതാവും ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ക്വാറന്റൈൻ കാലാവധി കഴിഞ്ഞതോടെ അമൃതയുടെ മാതാപിതാക്കൾ വിവാഹ ആലോചനകളുമായി മുന്നോട്ടുപോവുകയും വിവാഹം നിശ്ചയിക്കുകയുമായിരുന്നു. അതേ സമയം പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ആയൂരിൽ നിന്നും വൈക്കം വരെ എത്തിപ്പെട്ടത് എങ്ങനെയെന്നും മറ്റാരെങ്കിലും അപായപ്പെടുത്തിയതാവാമെന്നുമാണ് അവർ പറയുന്നത്.