ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിനെ 30 ദിവസം കഴിഞ്ഞിട്ടും ആരും അന്വേഷിച്ചു വന്നില്ല; ഒരു കുഞ്ഞിനെ രാത്രിയും ഒരു കുഞ്ഞിനെ പകലുമാണ് ലഭിച്ചത്; ദത്ത് നിയമപ്രകാരമെന്ന് മന്ത്രി വീണാ ജോർജ്ജ്; ദുരഭിമാന കുറ്റകൃത്യമെന്ന് പ്രതിപക്ഷം; കെ കെ രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതിൽ സഭയിൽ ബഹളം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ വിവാദ വിഷയം നിയമസഭയിലും. അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ദത്ത് നൽകിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ചെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ശിശുക്ഷേമ സമിതിയിൽ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കിൽ ദത്ത് നൽകാവുന്നതാണ്. ഇത് പ്രകാരമുള്ള നടജടി ക്രമങ്ങൾ പാലിച്ചെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കിട്ടിയവിവരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ നിയമപരമായാണ് ചെയ്തത്. ഒക്ടോബർ 23ന് രണ്ട് കുഞ്ഞുങ്ങളെ ലഭിച്ചു. അത് കൃത്യമായി ശിശുക്ഷേമസമിതി രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിച്ച് മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കിൽ ദത്ത് നൽകാവുന്നതാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ദത്ത് നൽകിയത്. ഒരു കുഞ്ഞിനെ രാത്രിയും ഒരു കുഞ്ഞിനെ പകലുമാണ് ലഭിച്ചത്.
ഒക്ടോബർ 23ന് ലഭിച്ച ഒരു കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിൽ അത് അനുപമയുടെ കുഞ്ഞ് അല്ലെന്ന് തെളിഞ്ഞു. മറ്റൊരുകുഞ്ഞിനെയാണ് നടപടികമ്രങ്ങൾ പാലിച്ച് ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയത്. ഈ കുഞ്ഞ് ഇപ്പോഴും അനുപമയുടെതാണോയെന്ന് അറിയില്ല. അമ്മ തന്നെ കൊണ്ടുവന്നില്ലെങ്കിൽ ഉപേക്ഷിച്ചതായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാശിശുക്ഷേമ സമിതി സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കേസ് നടപടികൾ കോടതിയിൽ പുരോഗമിക്കുകയാണെന്നും അതുുകൊണ്ട് തന്നെ ഈ വിഷയം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
കെവിൻ കേസിന് സമാനമെന്ന് കെകെ രമ, സഭയിൽ ബഹളം
അതേസമയം ഇത് കേരളം കണ്ട ഏറ്റവും ഹീനകരമായ കുറ്റകൃത്യമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെകെ രമ പറഞ്ഞു. കെവിന്റെ കേസിന് സമാനമായ ദുരഭിമാനക്കേസാണിത്. കുഞ്ഞിനെ അമ്മയിൽ നിന്ന് എടുത്തുമാറ്റി. ആറ് മാസം കഴിഞ്ഞിട്ടും കേസ് എടുത്തില്ല. കുറ്റവാളി എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി ഇഷ്ടം പോലെ വിഹരിക്കുന്നു. അവരുടെ രാഷ്ട്രീയ സംവിധാനത്തിൽ ഭരണസംവിധാനം നട്ടെല്ല് വളഞ്ഞുനിൽക്കുന്നു. ആറ് മാസം കഴിഞ്ഞിട്ടും കേസിൽ എഫ്ഐആർ പോലും ഇട്ടിട്ടില്ല. എന്നിട്ട് സർക്കാർ ഇപ്പോൾ അമ്മയ്ക്കൊപ്പം നിൽക്കുന്നുവെന്നാണ് പറയുന്നത്. ഇവിടെ സാധാരാണക്കാരന് എങ്ങനെ നീതി ലഭിക്കുമെന്നും കെകെ രമ ചോദിച്ചു.
അടിയന്തപ്രമേയം അവതരിപ്പിക്കാൻ പത്ത് മിനിറ്റ് സമയമാണ് സ്പീക്കർ അനുവദിച്ചത്. അവതരണം പതിനൊന്ന് മിനിറ്റ് ആയപ്പോൾ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. ഇതേ തുടർന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇത് സങ്കീർണമായ നിയമപ്രശ്നങ്ങളും വൈകാരിക പ്രശ്നങ്ങളുമടങ്ങിയ വിഷയമായതുകൊണ്ട് സഭാതലത്തിൽ ചർച്ചചെയ്യുന്നത് ഉചിതമായിരിക്കില്ലെന്ന ആമുഖത്തോടെയാണ് സ്പീക്കർ നോട്ടീസിന് അനുമതി നൽകിയത്. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
മറുനാടന് മലയാളി ബ്യൂറോ