പത്തനംതിട്ട: കോവിഡ് ബാധിതയായ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കട്ടെ 108 ആംബുലൻസ് മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിച്ചു. വാഹനം കണ്ടീഷനാണെന്നും ജിപിഎസ് ട്രാക്കിങ് ഫലപ്രദമായി പ്രവർത്തിക്കുന്നതാണെന്നും കണ്ടെത്തി. വാഹനത്തിന്റെ കണ്ടിഷൻ, ജിപിഎസ് സംവിധാനത്തിലെ അപാകത എന്നിവ ചൂണ്ടിക്കാട്ടി പ്രതി നൗഫൽ രക്ഷപ്പെട്ടു പോകാനുള്ള പഴുത് അടയ്ക്കുന്നതിന് വേണ്ടിയാണ് പൊലീസ് മോട്ടോർ വാഹനവകുപ്പിന്റെ സഹായം തേടിയത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിചയസമ്പന്നരായ രണ്ട് ആംബുലൻസ് ഡ്രൈവർമാരും ചേർന്നാണ് പന്തളം സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനം പരിശോധിച്ചത്.

വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി, റണ്ണിങ് കണ്ടിഷൻ, പിൻസീറ്റിൽ എത്ര പേർക്ക് യാത്ര ചെയ്യാം, ഏതൊക്കെ വേഗതയിൽ വാഹനം ഓടിക്കാം തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. മോട്ടോർ വാഹനവകുപ്പ് നിർദ്ദേശ പ്രകാരം വാഹനങ്ങളിൽ സ്ഥാപിക്കുന്ന ജിപിഎസ് ബന്ധിപ്പിച്ചിരിക്കുന്നത് ഗതാഗത വകുപ്പിന്റെ സർവറുമായിട്ടാണ്. ഇത്തരം വാഹനങ്ങളിൽ പാനിക് ബട്ടൺ ഘടിപ്പിച്ചിട്ടുണ്ടാകും. നിർഭയ പീഡനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രാവാഹനങ്ങളിൽ ജിപിഎസും പാനിക് ബട്ടണും നിർബന്ധമാക്കിയത്. യാത്രക്കാർക്ക് മനസിലാകുന്ന വിധത്തിലാകണം പാനിക് ബട്ടൺ സ്ഥാപിക്കേണ്ടത്. ഈ ബട്ടൺ അമർത്തുമ്പോൾ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷൻ, ഫയർ ഫോഴ്സ്, റവന്യൂ വകുപ്പ്, ദുരന്ത നിവാരണം, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിലേക്ക് അലെർട്ട് ലഭിക്കും.

എന്നാൽ, ജിപിഎസും പാനിക് ബട്ടണും ആംബുലൻസുകൾക്ക് നിർബന്ധമില്ല. ഇവിടെ 108 ആംബുലൻസ് കമ്പനിയുടെ സെർവറുമായിട്ടാണ് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നതെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു കുട്ടൻ പിള്ള പറഞ്ഞു. വാഹനം ആവശ്യമില്ലാതെ യാത്ര നടത്തുന്നുണ്ടോ?, ആംബുലൻസ് ആവശ്യപ്പെടുന്നവർക്ക് തൊട്ടടുത്ത് എവിടെയാണ് വാഹനമുള്ളത്? സമയക്രമം പാലിക്കാതെ വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് ഇതിൽ പരിശോധിക്കപ്പെടുന്നത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിതീഷ്, റെജി, മനോജ്, പന്തളം പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ എന്നിവരാണ് വാഹനം പരിശോധിക്കാനുണ്ടായിരുന്നത്. അതിനിടെ പ്രതി നൗഫലിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അന്നാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

കോവിഡ് പോസിറ്റീവായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നൗഫൽ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നും സ്വകാര്യ ഭാഗങ്ങളിൽ ക്ഷതമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു. ശാരീരികമായും മാനസികമായും അവശയായ പെൺകുട്ടി മൊഴി നൽകാവുന്ന സ്ഥിതിയിലല്ലെന്നും പൊലീസ് അറിയിച്ചു. ആംബുലൻസിന്റെ ഗ്ലോബൽ പൊസിഷൻ സംവിധാനം (ജിപിഎസ്) പ്രവർത്തിച്ചിരുന്നില്ലെന്ന മോട്ടർ വാഹന വകുപ്പിന്റെ വാദം ശരിയല്ലെന്നും പൊലീസ് പറയുന്നു. ആംബുലൻസ് ഡ്രൈവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരിൽ നിന്ന് ആംബുലൻസിൽ കയറ്റിയ പെൺകുട്ടിയെ അടുത്തുള്ള പരിശോധനാ കേന്ദ്രത്തിൽ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയിൽ വരുന്നത്. കോഴഞ്ചേരിയിലേക്ക് വേഗത്തിൽ ഓടിച്ചെത്തിയ ആംബുലൻസ് അവിടെ നിന്നും മടങ്ങുമ്പോൾ വേഗം കുറച്ചാണ് സഞ്ചരിച്ചത്. യാത്രയിലുടനീളം പെൺകുട്ടിയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു.

വിമാനത്താവളത്തിനായി നേരത്തെ എടുത്ത സ്ഥലത്തേക്ക് ആംബുലൻസ് ഓടിച്ചു കയറ്റിയ ശേഷം പ്രതി പുറത്തിറങ്ങി, പിൻവശത്തെ വാതിൽ തുറന്ന് പെൺകുട്ടിയുടെ അടുത്തേക്ക് എത്തി. പിന്നിലെ ഡോറിലൂടെ ഉള്ളിൽ കടന്ന പ്രതി അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടു. ഇത് കണ്ടതോടെ പെൺകുട്ടി ഭയപ്പെട്ട് നിലവിളിച്ചു. ഉപദ്രവിക്കുന്നതിനിടയിൽ നടന്ന പിടിവലിയിലാണ് പെൺകുട്ടി മുട്ടിടിച്ചു നിലത്തു വീണത്. ആംബുലിൻസിലെ ജിപിഎസിലെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചതായി ജില്ലാ പൊലീസ് മേധാവി കെജി സൈമൺ പറഞ്ഞു.

എന്നാൽ ആംബുലൻസുകൾക്ക് ജിപിഎസ് നിർബന്ധമില്ലെന്നും പെർമിറ്റ് വാഹനത്തിനു മാത്രം മതിയെന്നാണ് നിയമമെന്നും പത്തനംതിട്ട ആർടിഒ ജിജി ജോർജ് പറഞ്ഞു. സംഭവം നടന്ന ആംബുലൻസ് മോട്ടർ വാഹന വകുപ്പ് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടാൽ വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 108 ആംബുലൻസിന്റെ നടത്തിപ്പ് കമ്പനി പ്രതിനിധികൾ നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ പൊലീസിനു കൈമാറി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടിട്ടും നൗഫൽ ഹാജരാക്കിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം

പത്തൊമ്പതുകാരി വീട്ടിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചപ്പോഴാണ് ബന്ധുവീട്ടിലേക്ക് മാറിയത്. അവിടെ വച്ച് ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഇതോടെ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലൻസ് അധികൃതർ ഏർപ്പെടുത്തി. 108 ആംബുലൻസിൽ കരാർ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. ഒരു ആംബുലൻസിൽ ഡ്രൈവറും ഒരു ആരോഗ്യ പ്രവർത്തകനോ വോളന്റിയറോ ഉണ്ടാകും. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കോവിഡ് ട്രീറ്റ് മെന്റ് സെന്ററിലേക്കും 42 വയസുള്ള മറ്റൊരു സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും മാറ്റാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു. ഇതിൻ പ്രകാരം ഇരുവരെയും നേരത്തേ വന്ന ആംബുലൻസിൽ തന്നെ അയയ്ക്കാൻ തീരുമാനിച്ചു.

ഇതിൻ പ്രകാരം യാത്ര പുറപ്പെടാൻ തുടങ്ങുമ്പോഴാണ് ആംബുലൻസിൽ ഇന്ധനമില്ലെന്ന് ഡ്രൈവർക്ക് മനസിലായത്. അയാൾ തന്നെയാണ് നൗഫൽ ഓടിക്കുന്ന ആംബുലൻസ് വിളിച്ചു വരുത്തി രോഗികളെ അതിൽ കയറ്റി വിട്ടത്. ഇതിൽ ഒരു വോളന്റിയർ കൂടി ഉണ്ടാകുമെന്നാണ് ആദ്യത്തെ ആംബുലൻസിന്റെ ഡ്രൈവർ കരുതിയിരുന്നത്. അങ്ങനെയായിരുന്നില്ലെന്ന വിവരം അയാൾ അറിഞ്ഞിരുന്നുമില്ല. ആംബുലൻസ് മാറിയാണ് രോഗികൾ പോയതെന്ന വിവരം ആശുപത്രിയിലെ ആരോഗ്യ വകുപ്പ് അധികൃതരും അറിഞ്ഞില്ല.

രോഗികളുമായി പോയ വാഹനം തിരികെ വരാൻ വൈകിയതിനെ തുടർന്ന് ആദ്യത്തെ ആംബുലൻസ് ഡ്രൈവറെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മാറിയാണ് പോയതെന്ന് മനസിലായത്. പോകുന്ന വഴി നൗഫൽ പെൺകുട്ടിയെ പരിചയപ്പെടുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. ആസൂത്രിതമായി പീഡിപ്പിച്ച ശേഷം നൗഫൽ പെൺകുട്ടിയെ വിളിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പീഡനം നടന്ന വിവരം അന്വേഷിച്ച പൊലീസ് മറ്റൊരു ഓട്ടത്തിന് പോകാനെന്ന് പറഞ്ഞ് നൗഫലിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു.

അതിന് മുൻപായി ഇയാൾ പോയ സ്ഥലം ജിപിഎസ് ട്രാക്കിങ് നടത്തുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽ എടുത്തപ്പോൾ നൗഫൽ പറഞ്ഞത് പെൺകുട്ടി പറയുന്നത് മുഴുവൻ കളവാണെന്നും കുട്ടിക്ക് മാനസിക നില ശരിയല്ലെന്നുമായിരുന്നു. ഫോണിൽ വിളിച്ചാണ് പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തത്. അപ്പോഴാണ് നൗഫൽ മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്ന് പെൺകുട്ടി പറഞ്ഞത്. കഴിഞ്ഞ വർഷം കായംകുളം പൊലീസ് ചാർജ് ചെയ്ത 2185/19 കേസിലെ പ്രതിയാണ് നൗഫൽ. 308-ാം വകുപ്പാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.