- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓഫർ ചെയ്തത് ആറു ഫ്ളാറ്റുകളും വ്യാപാരസമുച്ചയത്തിൽ സ്ഥലവും; നിർമ്മാണം കഴിഞ്ഞപ്പോൾ ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്ത് നൽകാതെ നടത്തുന്നത് കള്ളക്കളി; വ്യാപാര സമുച്ചയത്തിൽ നൽകിയത് കരാറിൽ പറഞ്ഞതിലും കുറവ് സ്ഥലവും; പാറ്റൂരിലെ ആർടെക്ക് എമ്പയർ നിർമ്മാണം കഴിഞ്ഞിട്ടും ലോണും ക്ലോസ് ചെയ്തിട്ടില്ല; ബിൽഡർ ലോൺ അടവ് മുടക്കിയാൽ വരുന്നത് ഫ്ളാറ്റ് സമുച്ചയം ബാങ്കുകൾ ഏറ്റെടുക്കുന്ന അവസ്ഥയും; ആർടെക്ക് അശോകന്റെ വഞ്ചനയ്ക്കെതിരെ നീതിതേടി സ്ഥലമുടമ കോടതിയിൽ
തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ ആർടെക്ക് അശോകന് സ്ഥലം കൊടുത്ത ഭൂവുടമ നീതി തേടി വഞ്ചിയൂർ കോടതിയെ സമീപിച്ചു. പാറ്റൂരിലെ ഫ്ളാറ്റ് ആർടെക്ക് എമ്പയർ നിർമ്മിക്കാൻ സ്ഥലം നൽകിയപ്പോൾ ഉടമ്പടിയിൽ പറഞ്ഞ ഫ്ളാറ്റുകളും വ്യാപാര സമുച്ചയത്തിലെ സ്ഥലവും നൽകാതെ വഞ്ചിച്ചു എന്നാണു പരാതിയിൽ പറയുന്നത്. പാറ്റൂർ നിവാസിയായ രാജേന്ദ്രനാണ് കേരളത്തിലെ വൻകിട ഫ്ളാറ്റ് ഉടമയിൽ നിന്നും നേരിട്ട ചതി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ആറു ഫ്ളാറ്റുകളും കമേഴ്സ്യൽ സ്ഥലവും അൺഡിവൈഡഡ് ഷെയറുകളും സെറ്റ് ബാക്കും നൽകാമെന്നാണ് അശോകൻ സ്ഥലം നൽകുമ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഫ്ളാറ്റ് നിർമ്മാണം കഴിഞ്ഞപ്പോൾ ഫ്ളാറ്റുകളും വ്യാപാര സമുച്ചയവും നൽകാതെ വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
ആറ് ഫ്ളാറ്റുകളും വ്യാപാരസമുച്ചയത്തിലെ സ്ഥലവും നൽകാമെന്നാണ് പറഞ്ഞത്. ഫ്ളാറ്റുകൾ ഇതുവരെ പോക്ക്വരവ് നടത്തി തന്നിട്ടില്ല. വ്യാപാരസമുച്ചയത്തിലെ സ്ഥലം നൽകിയപ്പോൾ ഉടമ്പടിയിൽ നിന്നും വിഭിന്നമായി നൽകിയത് കുറച്ച് സ്ഥലവും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് രാജേന്ദ്രൻ പരാതി നൽകിയത്. ഫ്ളാറ്റുടമകൾക്ക് മുഴുവൻ സ്ഥലത്തിനും ആനുപാതികമായി അൺഡിവൈഡഡ് ഷെയറുകൾ നൽകേണ്ടതുണ്ട്. ഇത് ആർടെക് അശോകൻ ഒരു ഫ്ളാറ്റ് ഉടമയ്ക്കും നൽകിയിട്ടില്ല. ഫ്ളാറ്റ് ഉടമകൾക്ക് ഒന്നേകാൽ സെന്റ് സ്ഥലം നൽകണം. എന്നാൽ വ്യാപാരസമുച്ചയം നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ ഫ്ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ട സ്ഥലം സമുച്ചയത്തിനായി നൽകി. ഇത് രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയപ്പോൾ നൽകാമെന്ന ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്ത് നൽകാതെ വഞ്ചിക്കുകയാണ് ചെയ്തത്.
വഞ്ചന തിരിച്ചറിഞ്ഞാണ് നീതി തേടി രാജേന്ദ്രൻ കോടതിയെ സമീപിച്ചത്. ഫ്ളാറ്റുകൾ വിൽപ്പന നടത്തിയിട്ടും ബാങ്ക് ലോണുകൾ അശോകൻ ക്ലോസ് ചെയ്തിട്ടില്ല. അതിനാൽ ലോൺ അടവുകൾ മുടങ്ങിയാൽ ഹീരയുടെ ശാസ്തമംഗലത്തെ സ്വിസ് ടൗൺ പ്രോജക്ടിന് കെഎഫ്സിയിൽ നിന്നും നേരിടേണ്ടി വന്ന റവന്യൂ റിക്കവറി നടപടികൾ പാറ്റൂർ ഫ്ളാറ്റിനും നേരിടേണ്ടി വരുമെന്നാണ് ഫ്ളാറ്റ് ഉടമകൾ ഭയക്കുന്നത്. ഇതെല്ലാം മനസിലാക്കിയാണ് ഫ്ളാറ്റ് ഉടമകളിൽ ഒരാളായ രാജേന്ദ്രൻ കോടതിയെ സമീപിച്ചത്. ഫ്ളാറ്റ് സമുച്ചയം നിർമ്മിച്ച് ഫ്ളാറ്റുകൾ വിറ്റഴിച്ച സ്ഥിതിക്ക് ഫ്ളാറ്റിന്റെ ലോൺ തീർത്ത് അവകാശം അസോസിയേഷനു പൂർണമായി കൈമാറണം എന്നാണ് രാജേന്ദ്രൻ അടക്കമുള്ള ഫ്ളാറ്റ് ഉടമകൾ ആവശ്യപ്പെടുന്നത്.
ഫ്ളാറ്റ് ഉടമകൾക്ക് അർഹതപ്പെട്ട 62 സെന്റോളം സ്ഥലമാണ് അശോകൻ മാൾ നിർമ്മിക്കാൻ നൽകിയത്. ഫ്ളാറ്റുകൾ നൽകാം. ഫ്ളാറ്റുകളുടെ സ്ഥലം അർഹതപ്പെട്ടത് നൽകാൻ കഴിയില്ലെന്നാണ് അശോകൻ പറഞ്ഞത്-രാജേന്ദ്രൻ മറുനാടനോട് പറഞ്ഞു. അൺഡിവൈഡഡ് ഷെയറുകൾ, കാർ പാർക്കിങ് സ്ഥലം, സെറ്റ് ബാക്ക് എല്ലാം പാറ്റൂർ ഫ്ളാറ്റ് നിവാസികൾക്ക് നഷ്ടമായിട്ടുണ്ട്. മാൾ വന്നതോടെ എല്ലാം നഷ്ടമായി. ഈ മാൾ ഇപ്പോൾ വിറ്റൊഴിക്കാനാണ് അശോകൻ ശ്രമിക്കുന്നത്. ഫ്ളാറ്റുകൾ വിറ്റഴിക്കാനുള്ള അനുമതിയുടെ ഭാഗമായി സെൻട്രൽ മാളിന്റെ പട്ടയം അശോകൻ കരസ്ഥമാക്കിയിട്ടുണ്ട്. മാൾ മറ്റൊരാളുടെ കൈവശം വന്നാൽ പാറ്റൂർ ഫ്ളാറ്റ് നിവാസികൾക്ക് സെറ്റ്ബാക്ക് പൂർണമായി നഷ്ടമാകും. ഫ്ളാറ്റിന്റെ സെറ്റ് ബാക്ക് വിറ്റഴിക്കൽ സൗകര്യം നോക്കി സെൻട്രൽ മാളിനാണ് അശോകൻ നൽകിയത്. സെൻട്രൽ മാൾ വിൽക്കാൻ ശ്രമിക്കുന്നതിന്നെതിരെ രാജേന്ദ്രൻ ഇൻഞ്ചക്ഷൻ ഓർഡർ നേടിയെങ്കിലും പട്ടയം ലഭിച്ചതിനാൽ ആർടെക്കിനു ഈ മാൾ സമുച്ചയം വിറ്റഴിക്കാൻ കഴിയും. ഇതാണ് രാജേന്ദ്രൻ അടക്കമുള്ള ഫ്ളാറ്റ് ഉടമകളെ ആശങ്കാകുലരാക്കുന്നത്.
നിലവിലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചാണ് ഫ്ളാറ്റ് സമുച്ചയം കെട്ടിപ്പൊക്കിയിരിക്കുന്നത്. ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്തു നൽകിയിട്ടുമില്ല. ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ആനുപാതികമായ അൺഡിവൈഡഡ് ഷെയറുകൾ നൽകിയിട്ടുമില്ല. ഫ്ളാറ്റുകൾക്ക് സെറ്റ്ബാക്ക് സ്ഥലവുമില്ല. ഇതെല്ലാം പാറ്റൂർ ഫ്ളാറ്റ് ഉടമകളുടെ ആശങ്ക കൂട്ടുന്നുവന്നു ഉടമകൾ പറയുന്നു. അതൊന്നും കൂടാതെയാണ് ഫ്ളാറ്റ് സമുച്ചയം പണയപ്പെടുത്തി അശോകൻ ലോൺ എടുത്തിട്ടുള്ളത്. ഈ ലോണുകൾ ക്ലോസ് ചെയ്തിട്ടുമില്ല. ലോൺ അടവ് മുടങ്ങിയാൽ ഫ്ളാറ്റ് ബാങ്കുകൾ അറ്റാച്ച് ചെയ്യും. ഇതുകൊണ്ടൊക്കെ തന്നെ വലിയ കുടുക്കിലാണ് തങ്ങൾ പെട്ടത് എന്നാണ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.
പതിനാറ് സെന്റ് സർക്കാർ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്ന് ആരോപണം നിലനിൽക്കുന്ന ഫ്ളാറ്റ് കൂടിയാണിത്. ആർടെക്ക് അശോകന്റെ കാഞ്ഞബുദ്ധി മനസിലാക്കിയത് വൈകിപ്പോയതിനാലാണ് അശോകനെ തളയ്ക്കാൻ നിയമത്തിന്റെ പരിരക്ഷ തന്നെ സ്ഥലം നൽകിയ ഉടമകളിൽ ഒരാളായ രാജേന്ദ്രൻ ആയുധമാക്കിയത്. അൺഡിവൈഡഡ് ഷെയർ നൽകുന്നതിൽ പിശുക്ക് കാട്ടിയും സെറ്റ് ബാക്ക് നൽകാതെയും ഫയർ പാസ്സേജിനുള്ള സ്ഥലം ഒഴിച്ചിടാതെയും മിച്ചം വെച്ച ഫ്ളാറ്റുടമകളുടെ സ്ഥലത്ത് സെൻട്രൽ മാൾ കെട്ടിപ്പൊക്കുകയാണ് ആർടെക്ക് ചെയ്തത്. ഈ മാൾ വിറ്റഴിക്കാൻ വേണ്ടിയാണ് ഇപ്പോൾ പട്ടയം സമ്പാദിച്ചിട്ടുള്ളത്. ഇത് മാൾ ഉടമകളെ ആശങ്കപ്പെടുത്തുന്നുണ്ട്. സ്ഥലമില്ലാതെ നട്ടം തിരിയുന്ന അവസ്ഥ ഫ്ളാറ്റ് നിവാസികൾക്ക് മുന്നിൽ വരും.ഇതാണ് ആശങ്കയ്ക്ക് ഉള്ള കാരണം.
കേരളത്തിലെ എല്ലാ ഫ്ളാറ്റ് ഉടമകളും പിന്തുടരുന്ന തട്ടിപ്പ് പരിപാടികൾ തന്നെയാണ് പാറ്റൂരിൽ അശോകനും പിന്തുടർന്നത്. ഫ്ളാറ്റ് ഉടമകൾക്ക് നൽകാനുള്ള അൺഡിവൈഡഡ് ഷെയർ കുറയ്ക്കുക, ഫയർ പാസ്സേജ് ഒഴിച്ചിടാതിരിക്കുക, സെറ്റ് ബാക്ക് ന ൽകാതിരിക്കുക. ഇതൊന്നും ശ്രദ്ധിക്കാതെ ഉടമ്പടിയിൽ ഒപ്പിട്ട ഫ്ളാറ്റ് ഉടമകൾ അവസാനമാണ് പാറ്റൂരിലെ ചതി തിരിച്ചറിയുന്നത്. ഫ്ളാറ്റ് നിർമ്മിക്കുമ്പോൾ കുറച്ച് സ്ഥലം ഒഴിച്ചിടും. ഈ സ്ഥലം ഓപ്പൺ സ്പെയിസ് ആയി നിലനിൽക്കും. ഈ രീതിയിൽ ഉള്ള ഓപ്പൺ സ്പെയിസ് തന്നെയാണ് സെറ്റ് ബാക്ക്. ഫയർ പാസേജിനും സ്ഥലം ഒഴിച്ചിടണം. ഒപ്പം ഫ്ളാറ്റിന്റെ സ്ഥലം അൺഡിവൈഡഡ് ആയി ഫ്ളാറ്റ് ഉടമകൾക്ക് നൽകണം. പാറ്റൂരിൽ അശോകൻ ചെയ്തത് ഈ രീതിയിൽ ഒഴിച്ചിടെണ്ട സ്ഥലത്ത് മാൾകെട്ടിപ്പൊക്കുകയാണ്.
ഈ രീതിയിൽ പാറ്റൂരിൽ വന്നതാണ് പാറ്റൂർ ഫ്ളാറ്റിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെയുള്ള സെൻട്രൽ മാൾ. ഫ്ളാറ്റ് ഉടമകൾക്ക് നൽകേണ്ട അര സെന്റ് മുതൽ ഒരു സെന്റ് വരെ പിടിച്ച് വെയ്ക്കുകയാണ് ആർടെക്ക് അശോകൻ ചെയ്തത്. ഫ്ളാറ്റ് ഉടമകൾക്ക് 98 സെന്റ് കൊടുക്കും എന്നാണു ആർടെക്ക് പറയുന്നത്. സാധാരണ ഗതിയിൽ 158 സെന്റ് ആണ് കൊടുക്കേണ്ടത് എന്നാണു ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ 60 സെന്റ് പിടിച്ചു വെച്ചിട്ടാണ് സെൻട്രൽ മാൾ പണി തീർത്തിരിക്കുന്നത്. ഇപ്പോൾ സെൻട്രൽ മാൾ 100 കോടിക്ക് അടുത്ത തുകയ്ക്ക് ഒറ്റയ്ക്ക് അശോകൻ വിറ്റൊഴിവാക്കാൻ ശ്രമിക്കുകയാണ്. ഇതോടെയാണ് പാറ്റൂർ ഫ്ളാറ്റിന്റെ സ്ഥലമുടമയും ഫ്ളാറ്റൂർ ഫ്ളാറ്റിന്റെ ഉടമകളിൽ ഒരാളുമായ രാജേന്ദ്രൻ കോടതിയെ സമീപിച്ചത്.
സെൻട്രൽ മാൾ അശോകൻ ഒറ്റയ്ക്ക് വിറ്റൊഴിച്ചാൽ നിലവിലെ പാറ്റൂർ ഫ്ളാറ്റിലെ 124 സ്ഥലമുടമകളും കുടുങ്ങും. കാരണം ഫ്ളാറ്റ് സമുച്ചയത്തിലെ മാൾ ആണ് വിറ്റൊഴിക്കാൻ ശ്രമിക്കുന്നത്. ഫ്ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ട സ്ഥലത്താണ് മാൾ നിൽക്കുന്നത്. ഈ മാൾ നിലവിൽ ഒരൊറ്റ ഉടമസ്ഥന്റെ കൈയിലാണ്. അതിനാൽ ഒരൊറ്റ ഫയർ പാസേജ് മാത്രമേ നിലവിലുള്ളൂ. ഒരു ഉടമസ്ഥന്റെ കീഴിലായാൽ ഒരു ഫയർ പാസ്സേജ് മതി. കാരണം ഈ സ്ഥലം അങ്ങിനെ കിടക്കും. മറ്റൊരു ഉടമസ്ഥന്റെ കൈവശമാകുമ്പോൾ ഫയർ പാസ്സേജ് രണ്ടെണ്ണമാകും. കാരണം സ്ഥലം മാൾ വാങ്ങുന്ന ആളുടെ കയ്യിലാകും. ഇതോടെ ഫയർ പാസ്സേജ് നഷ്ടമാകും. ഇപ്പോഴുള്ള ഫ്ളാറ്റ് സമുച്ചയം രണ്ടു ഉടമകളുടെ കയ്യിൽ വരും. ഓരോന്നിനും ഫയർപാസ്സേജ് വേണ്ടി വരും. ഒരു ദുരന്തമുണ്ടായാൽ ഫയർ ഫോഴ്സിന് വരാൻ കഴിയണം. രക്ഷാ പ്രവർത്തനത്തിനുള്ള സ്ഥലം വേണം. ഫയർ പാസ്സേജ് ഇല്ലാത്ത കെട്ടിടത്തിൽ ആളുകൾക്ക് താമസിക്കാൻ സർക്കാർ അനുമതി നൽകില്ല. ഫയർഫോഴ്സ് ഈ കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയാൽ ഫ്ളാറ്റ് ഉടമകൾ ഫ്ളാറ്റ് ഒഴിയേണ്ടി വരും. മറുനാടനോട് പറഞ്ഞത് പ്രകാരം ഫ്ളാറ്റ് ഉടമകൾക്ക് ആർടെക്ക് ഗ്രൂപ്പ് നൽകിയിരിക്കുന്നത്/
അര സെന്റും, മുക്കാൽ സെന്റും വച്ചാണ്. ഇതും രജിസ്റ്റർ ചെയ്ത് നൽകിയിട്ടില്ല. മുക്കാൽ സെന്റ് നൽകിയിരിക്കുന്നത് മൂന്നു ബെഡ് റൂം ഫ്ളാറ്റ് ഉള്ളവർക്ക് നൽകിയിരിക്കുന്നത് മുക്കാൽ സെന്റാണ്. യഥാർത്ഥത്തിൽ ഒന്നേ കാലിനും ഒന്നരയ്ക്കും ഇടയിൽ സ്ഥലം ഇവർക്ക് നൽകേണ്ടതുണ്ട്. അത് നൽകിയിട്ടില്ല. 124 ഫ്ളാറ്റുകാർക്ക് ആണ് ഇങ്ങിനെ സ്ഥലം നൽകേണ്ടത്. ഇതിൽ പിശുക്ക് വരുത്തുമ്പോൾ സ്ഥലം ബാക്കിയാകും. ഇങ്ങിനെ സ്ഥലം ബാക്കി നിർത്തിയാണ് ഈ സ്ഥലത്ത് മാൾ കെട്ടിയത്. യഥാർത്ഥത്തിൽ മാൾ ഇരിക്കുന്ന സ്ഥലം ഫ്ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ടതാണ്. ആ സ്ഥലത്ത് മാൾ കെട്ടിയുയർത്തി ആ മാൾ നൂറു കോടിക്കടുത്ത തുകയ്ക്ക് വിറ്റൊഴിക്കാനാണ് അശോകൻ ശ്രമിക്കുന്നത്. ഇതോടെ ഫ്ളാറ്റ് ഉടമകൾ പെടും. തങ്ങൾക്ക് സ്ഥലമില്ലാത്ത അവസ്ഥ വരുന്നതോടൊപ്പം ഫയർ പാസ്സേജ് കൂടി നഷ്ടമാകും. ഇതുവരെ ഫ്ളാറ്റിൽ കോർപ്പറേഷൻ വാട്ടർ കണക്ഷൻ നൽകിയിട്ടില്ല.
വെള്ളം ടാങ്കറിൽ അടിക്കുകയാണ്. കുഴൽക്കിണറും ഇല്ല. 124 ഫ്ളാറ്റുകൾ ആണ് ആർടെക്കിന്റെ പാറ്റൂരിലെ എംപറർ ഫ്ളാറ്റ് സമുച്ചയത്തിൽ ഉള്ളത്. നാല് ബ്ലോക്കുകളായാണ് ഫ്ളാറ്റ് ഉള്ളത്. ഇതിൽ അനുപമ, നവീന ആർക്കേഡ്, ബാങ്കിനും കൊമേഴ്സ്യൽ സ്ഥാപനങ്ങളും വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഫ്ളാറ്റിനു ഉപയോഗിക്കാനുള്ള സ്ഥലത്താണ് നവീന ആർക്കേഡും, നാല് നിലയുള്ള അനുപമ ബില്ഡിംഗും ഉള്ളത്. ഇവരുടെ സ്ഥലത്തു തന്നെയാണ് സെൻട്രൽ മാളും വന്നിരിക്കുന്നത്. ഇതോടെയാണ് ചൂഷണം ചൂണ്ടിക്കാട്ടി ഇവർ സംഘടിക്കാൻ തുടങ്ങിയത്. മാളിന് നിലവിൽ 50 ലക്ഷത്തോളം മാസവാടക ലഭിക്കുന്നുണ്ടെന്നു ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഫ്ളാറ്റും മാളും എല്ലാം വരുമ്പോൾ അത് മതിൽ കെട്ടി വേറെ വേറെയാക്കി തിരിച്ചിട്ടു വേണം നൽകാൻ. എന്നാൽ മാളിനും ഫ്ളാറ്റിനും ഒരൊറ്റ എൻട്രൻസാണ്. മാൾ വിറ്റുകഴിഞ്ഞാൽ എല്ലാം അവതാളത്തിലാകും.രണ്ടു ഉടമകൾ, രണ്ടു കെട്ടിടം. രണ്ടു ഫയർ പാസ്സേജ്. രണ്ടു കെട്ടിടത്തിനും രണ്ടു ഫയർ പാസ്സേജ് ആവശ്യമായി വരും. ഫയർഫോഴ്സും ഇത് ചൂണ്ടിക്കാട്ടും. അപ്പോൾ സ്ഥലമെവിടെ? ഇതാണ് ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.
കോടികൾ മുടക്കി തങ്ങൾ സ്വന്തമാക്കിയ ഫ്ളാറ്റിൽ നിന്ന് കൂടൊഴിഞ്ഞു പോകേണ്ടി വരും. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ യാതൊരു ദാക്ഷിണ്യവും കാട്ടാതെ മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഫയർ പാസ്സെജും സെറ്റ് ബാക്കുമില്ലാതെ ഒരു ഫ്ളാറ്റ് സമുച്ചയം എന്നത് സുപ്രീംകോടതിക്ക് മുന്നിൽ വന്നാൽ മരടിലെ ഗതി തന്നെയാകും പാറ്റൂർ ഫ്ളാറ്റിനും എന്നാണ് ഫ്ളാറ്റ്
ഉടമകൾ ഭയക്കുന്നത്.
ആർടെക്ക് അശോകനെതിരെ കോടതിയെ സമീപിച്ച രാജേന്ദ്രൻ നൽകുന്ന വിശദീകരണം
പാറ്റൂർ ഫ്ളാറ്റ് എന്നാൽ ഞങ്ങൾ നാല് പേരുടെ സ്ഥലമാണ്. ഈ സ്ഥലം ആർടെക്ക് ഗ്രൂപ്പിന് മുൻപ് കൈമാറിയതാണ്. ആർടെക് അശോകന്റെ പേരിൽ എഴുതി വാങ്ങി. പവർ ഓഫ് അറ്റോർണിയാണ് നൽകിയത്. 2010 ൽ അഗ്രിമെന്റ് ആണ്. 2013ൽ പൂർത്തിയാക്കേണ്ട പ്രോജക്റ്റ് വിവാദങ്ങൾ കാരണം 2017ലാണ് പൂർത്തിയായത്. 124ഫ്ളാറ്റുകൾ ആണ് ഈ സമുച്ചയത്തിലുള്ളത്. ഒരൊറ്റ പെർമിറ്റ് ആക്കിയാണ് നിർമ്മാണത്തിനു ലൈസൻസ് സമ്പാദിച്ചത്. നാല് ബ്ലോക്കുകളായാണ് ഫ്ളാറ്റ് ഉള്ളത്. അനുപമ, നവീന ആർക്കേഡ് ബാങ്കിനും കൊമേഴ്സ്യൽ സ്ഥാപനങ്ങളും വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഫ്ളാറ്റിനു ഉപയോഗിക്കാനുള്ള സ്ഥലത്താണ് ഇവയുള്ളത്. ഇതേ സ്ഥലത്ത് തന്നെയാണ് ആർക്കേഡും മാളും വന്നിരിക്കുന്നത്. ഇത് മൂന്നെണ്ണം കെട്ടാനായി 195 സെന്റ് സ്ഥലം വേണം. ഫ്ളാറ്റ് തന്നെ 2,76,000 സ്ക്വയർ ഫീറ്റാണ്.
ഫ്ളാറ്റ് കെട്ടാൻ തന്നെ 159 സെന്റ് സ്ഥലം വേണം. ഒരൊറ്റ പെർമിറ്റ് എന്ന് പറഞ്ഞു സെറ്റ് ബാക്ക്, ഫയൽ പാസ്സേജ് പോലുമില്ലാതെയാണ് മാൾ കെട്ടിപ്പൊക്കിയത്. എല്ലാം ആർടെക്ക് വക എന്ന് കാണിച്ചാണ് 1,10,000 സ്ക്വയർ ഫീറ്റുള്ള മാൾ കെട്ടിപ്പൊക്കിയത്. സെറ്റ് ബാക്ക്, ഫയർ പാസ്സേജ്, ഓപ്പൺ സ്പെയ്സ് എല്ലാം എടുത്താണ് മാൾ കെട്ടിപ്പൊക്കിയത്. സ്ഥലം മുഴുവൻ 110 പേർക്ക് നൽകിയിട്ടുണ്ട്. മാൾ ഒരാളുടെത് ആണെങ്കിൽ ഒരൊറ്റ ഫയൽ പാസ്സേജ് മതി, ഒരൊറ്റ സെറ്റ് ബാക്ക് മതി. ഫ്ളാറ്റുടമകൾക്ക് അര സെന്റും, മുക്കാൽ സെന്ടുമാണ് നൽകിയിരിക്കുന്നത്. മുക്കാൽ സെന്റ് നൽകിയിരിക്കുന്നത് മൂന്നു ബെഡ് റൂം ഉള്ളവർക്കാണ്. ഒന്നേ കാലിനും ഒന്നരയ്ക്കും ഇടയിൽ സ്ഥലം ഇവർക്ക് നൽകണം. അത് നൽകിയിട്ടില്ല. എല്ലാവര്ക്കും അൺഡിവൈഡഡ് ഷെയർ നൽകണം. അത് നൽകിയിട്ടില്ല. നൽകിയതിൽ പൊരുത്തക്കേടുമുണ്ട്. എഴുപതോളം ഫ്ളാറ്റുകൾ ഇനിയും ഉടമസ്ഥർക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടില്ല. 124 ഫ്ളാറ്റുകാർക്ക് ഉള്ള സ്ഥലമാണ് എടുത്ത് മാൾ കെട്ടിയത്. മാൾ കെട്ടി 50 ലക്ഷത്തോളം മാസവാടകയ്ക്കാണ് നൽകിയത്. ഫയർ പാസ്സെജും സെറ്റ് ബാക്കും എടുത്ത് വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലം 9 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് നൽകിയിട്ടുണ്ട്.ഫ്ളാറ്റും മാളും എല്ലാം വരുമ്പോൾ അത് മതിൽ കെട്ടി വേറെ വേറെയാക്കി തിരിച്ചിട്ടു വേണം നൽകാൻ. മാൾ വിറ്റ് കഴിഞ്ഞാൽ സെറ്റ് ബാക്ക്, ഫയർ പാസ്സേജ് എല്ലാം പോകും. ഫ്ളാറ്റിനു സുരക്ഷാഭീഷണി വരും. ഫയർ ഇല്ലാതെ ബിൽഡിംഗിന് അനുമതി നിഷേധം വരും. ഓപ്പൺ സ്പെയ്സ് ഇല്ല. കുറെ ആളുകൾ പണം നൽകിയിട്ടും ഫ്ളാറ്റ് സ്വന്തമാക്കി വാങ്ങിയിട്ടില്ല. ഓപ്പൺ സ്പെയിസും സെറ്റ് ബാക്കും ഇല്ലാത്തതിന്റെ പേരിലാണിത്. സെൻട്രൽ മാൾ വേറെ ഒരാൾക്ക് നൽകുമ്പോൾ രണ്ടു സെറ്റ് ബാക്ക് വേണം. രണ്ടു ഫയർ പാസ്സേജ് വേണം. ഇവിടെ എല്ലാം ഒന്ന് മാത്രമേയുള്ളൂ. പ്രശ്നം വന്നാൽ എല്ലാവരും ഫ്ളാറ്റ് ഒഴിയേണ്ടി വരും-രാജേന്ദ്രൻ പറയുന്നു.
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് മുതലക്കൂപ്പ് കൂത്തിയ ഫ്ളാറ്റ് നിർമ്മാണമായിരുന്നു പാറ്റൂരിലേത്. പാറ്റൂർ ഫ്ളാറ്റ് നിർമ്മാണം ചട്ടങ്ങൾ ലംഘിച്ചാണെന്ന് സിഎജി റിപ്പോർട്ടുമുണ്ടായിരുന്നു. 14.40 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയാണ് ഫ്ളാറ്റ് നിർമ്മിച്ചതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടത്. ഇങ്ങിനെ നിർമ്മാണം പൂർത്തിയാക്കിയ ഫ്ളാറ്റാണ് ഇപ്പോൾ വീണ്ടും നിയമക്കുരുക്കിലേക്ക് നീങ്ങുന്നത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.