- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം മുമ്പ് ഭർത്താവ് മരിച്ചെങ്കിലും കുടുംബത്തോട് ഉണ്ടായിരുന്നത് പ്രത്യേക കരുതൽ; മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവും ആത്മഹത്യക്ക് ഇടയാക്കിയെന്ന് സഹപ്രവർത്തകർ; ആത്മഹത്യാ കുറിപ്പിലും ആരെയും പേരെടുത്തു കുറ്റപ്പെടുത്തലില്ല; സ്വപ്നയുടെ വിടപറയലിൽ അനാഥരായി രണ്ട് മക്കൾ
കണ്ണൂർ: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സ്വപ്നയുടെ വേർപാട് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും നൊമ്പരമായി. എന്തിനാണ് സ്വപ്ന ജീവനൊടുക്കിയത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എല്ലാവരോടും നല്ലരീതിയിൽ പെരുമാറുന്ന സ്വപ്ന കടുംകൈ ചെയ്തതോടെ രണ്ട് കുട്ടികളാണ് അനാഥരായത്. ഒരു വർഷം മുൻപ് ഭർത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തിൽ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിർമലഗിരിയിൽ താമസിക്കുമ്പോൾ ഇടയ്ക്ക് അമ്മയെത്തി കുറച്ചു നാൾ കൂട്ടിരുന്നാണു മടങ്ങാറുള്ളത്.
ഭർത്താവിനു പിറകെ സ്വപ്നയുടെ വിയോഗം, രണ്ടു മക്കളെ അനാഥമാക്കിയ വേദനയിലും നഷ്ടബോധത്തിലുമാണ് കുടുംബം. ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവുമാണ് സ്വപ്നയുടെ പ്രവൃത്തിക്കു പിന്നിലെന്ന് ബന്ധുക്കളും സഹപ്രവർത്തകരും കരുതുന്നു.
സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ജോലിയിൽ ശോഭിക്കാനായില്ലെന്ന് മാത്രമാണ് ആത്മഹത്യാ കുറിപ്പിൽ എടുത്തു പറയുന്ന കാര്യം. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ രാവിലെയാണു സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു.
കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവർ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയിൽ എത്തിയത്. ര
കണ്ണൂർ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജർ കെ എസ് സ്വപ്ന ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് തല അന്വേഷണം വേണമെന്ന് കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ ആവശ്യപ്പെട്ടു. വിധവയായ, രണ്ട് കൊച്ചു കുട്ടികളുടെ അമ്മയായ, ശാഖാ മാനേജരാണ് ബാങ്കിനുള്ളിൽ ജീവിതം അവസാനിപ്പിച്ചത്. ജോലി സമ്മർദ്ദമാണ് മരണകാരണം എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ബാങ്ക്തല അന്വേഷണം ഉടനെ നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ബാങ്ക് അധികാരികൾ സ്വീകരിക്കണമെന്നും കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സെക്രട്ടറി എൻ സനിൽ ബാബുവും സിൻഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ സെക്രട്ടറി പരമേശ്വർ കുമാറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂർണ്ണരൂപം:
വർദ്ധിച്ചു വരുന്ന ജോലി സമ്മർദ്ദം
ഒരു ബാങ്കിൽ ഓഫീസർ, മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മർദ്ദങ്ങളെ സംബന്ധിച്ച് പല ഘട്ടങ്ങളിലും നാം ചർച്ച ചെയ്തതാണ്. അശാസ്ത്രീയമായ ബാങ്കിങ് പരിഷ്കാരങ്ങളുടെ ഫലമായി ശാഖയിലെ ജീവനക്കാർ ഓരോരുത്തരും, കൗണ്ടറിൽ ഇരിക്കുന്നയാൾ മുതൽ ഉയർന്ന തസ്തികയിലുള്ളവരെല്ലാം ജോലി സമ്മർദ്ദത്തിന്റെ ഏറ്റവും തീക്ഷ്ണമായ തലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, യുക്തിസഹമല്ലാത്ത ടാർജറ്റുകളും, മുകൾതട്ടിൽ നിന്നുള്ള അനാവശ്യമായ ഇടപെടലുകളും, ഭീഷണിയുമൊക്കെ ഇപ്പോൾ കാനറാ ബാങ്കിൽ നിത്യസംഭവങ്ങളാണ്.
കേന്ദ്ര സർക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതികളുടെ ഭാരത്തിനു പുറമേ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, മ്യൂച്ചൽഫണ്ട്, ഫാസ്റ്റാഗ്, തുടങ്ങി എന്തും ഏതും വിൽപ്പന നടത്തുന്ന കേന്ദ്രങ്ങളായി നമ്മുടെ ബാങ്കിന്റെ ശാഖകൾ മാറിയിരിക്കുന്നു. അശാസ്ത്രീയമായ, അംഗീകരിക്കാൻ സാധിക്കാത്ത ലക്ഷ്യങ്ങൾ നൽകി ശാഖകളെ സമ്മർദ്ദത്തിലാക്കുന്നതും സ്ഥിരം കാഴ്ചയാണ്. നിഷ്ക്രിയ ആസ്തി (എൻ.പി.എ.) വർദ്ധിക്കാതിരിക്കാൻ വഴിവിട്ട വായ്പാ പുനഃക്രമീകരണങ്ങൾക്കായി (Restructuring) നിർബന്ധിക്കുന്നതും, അതിന് തയ്യാറാകാത്ത ശാഖകളിലെ ഓഫീസർമാരെ റീജ്യണൽ ഓഫീസിൽ വിളിച്ചു വരുത്തി നിർബന്ധമായി ഇത് ചെയ്യിക്കുന്നതുമൊക്കെ എത്രമാത്രം ആശാസ്യമാണ് എന്നത് എല്ലാവരും ആലോചിക്കുന്നത് നന്ന്.
നോമിനേഷൻ എന്ന ദുർവാശി
എല്ലാ അക്കൗണ്ടുകൾക്കും നോമിനേഷൻ നിർബന്ധമായും വാങ്ങണം, അത് ഉടനടി പൂർത്തീകരിക്കണം എന്ന ഉത്തരവ് നൽകിയിട്ട് ഏതാനം ആഴ്ചകളേ ആയിട്ടുള്ളു. അതിനായി ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലുമൊക്കെ ശാഖകൾ തുറന്നു പ്രവർത്തിക്കുന്നതും നാം കണ്ടതാണ്. എന്തിനു വേണ്ടിയാണ് ഇത്ര ധൃതി പിടിച്ച് നോമിനേഷനായി മുറവിളി കൂട്ടുന്നത്? യഥാർത്ഥത്തിൽ നോമിനേഷൻ നൽകണോ വേണ്ടയോ എന്നത് ഇടപാടുകാരന്റെ അവകാശമല്ലേ! അതിനായി നിർബന്ധിച്ച് ശാഖയിൽ വിളിച്ചു വരുത്തി അവരെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമുണ്ടോ? ശാഖകൾ വർഷാവസാന ടാർജറ്റുകൾക്കായി ബുദ്ധിമുട്ടുമ്പോഴാണ് നോമിനേഷന്റെ പേരിൽ ഈ പ്രഹസനം. ബാങ്കിന്റെ തലപ്പത്തിലുള്ള ഏതോ ഉന്നത ഉദ്യോഗസ്ഥന് തോന്നുന്ന ഇത്തരത്തിലുള്ള ഉട്ടോപ്യൻ ചിന്തകൾ ജീവനക്കാരുടെ തലയിൽ അടിച്ചേൽപിക്കുന്നതിനും അതിനായി മുറവിളി കൂട്ടി ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നതിനും അധികാരികൾക്ക് യാതൊരു മടിയുമുണ്ടാകുന്നില്ല എന്നത് പരിശോധനക്ക് വിധേയമക്കണം.
ബാങ്കിനെ വെടക്കാക്കുന്ന കണക്റ്റിവിറ്റി പ്രശ്നങ്ങൾ
ലയനത്തിനു ശേഷമുള്ള കണക്റ്റിവിറ്റി, ടെക്നോളജി പ്രശ്നങ്ങൾ അതി സങ്കീർണ്ണമായി തുടരുകയാണ്. ഇടപാടുകാരോട് മുഖാമുഖം കാണേണ്ട ജീവനക്കാർ വില്ലന്മാരായി ചിത്രീകരിക്കപ്പെടുന്നു. കണക്ഷൻ ലഭിക്കുന്നില്ല, സിസ്റ്റം വളരെ സ്ലോ ആണ് തുടങ്ങിയ സ്ഥിരം മറുപടികൾ മാത്രമാണ് ജീവനക്കാരുടെ പക്കലുള്ളത്. ATM, മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് ഒന്നും കാര്യക്ഷമമായി, കുറ്റമറ്റതായി പ്രവർത്തിക്കുന്നില്ല. ഇടപാടുകാർക്ക് SMS ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായി ലഭിക്കുന്നു. എന്നാൽ SMS നായുള്ള സർവ്വീസ് ചാർജ് വാങ്ങുന്നതിൽ ഒരു പിശുക്കും ബാങ്കിനില്ല! സേവിങ്ങ്സ് അക്കൗണ്ടിലും, കറന്റ് അക്കൗണ്ടിലും, ലോൺ അക്കൗണ്ടിലും കഴുത്തറപ്പൻ സർവ്വീസ് ചാർജ്ജ് വാങ്ങുന്നവർ എന്ന പേരും നമ്മുടെ ബാങ്കിന് ചാർത്തിക്കിട്ടിയിരിക്കുന്നു.
ശാഖകൾ അടച്ചു പൂട്ടാനും സമ്മർദ്ദം
ബാങ്ക് ലയനങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുയാണ്. ഒരു വർഷം മുമ്പ് നടന്ന സിൻഡിക്കേറ്റ് ബാങ്കുമായുള്ള ലയനത്തിനു ശേഷം രാജ്യവ്യാപകമായി ശാഖകൾ അടച്ചു പൂട്ടുന്ന പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ഇടപാടുകാർക്ക് വേണ്ട മുന്നറിയിപ്പ് നൽകാതെ, RBI അനുശാസിക്കുന്ന നോട്ടീസ് നൽകാതെ, ശാഖകൾ അടച്ചുപൂട്ടാൻ തീരുമാനിക്കുകയും, ജീവനക്കാർക്ക് ഇരിപ്പിടങ്ങളോ, ഇടപാടുകാർക്ക് സ്ഥലസൗകര്യങ്ങളോ പോലും ഇല്ലാത്ത മറ്റൊരു ശാഖയിലേക്ക് പ്രവർത്തനങ്ങൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്യുന്നതോടെ ഇരു ശാഖകളിലേയും ജീവനക്കാർ കടുത്ത സമ്മർദ്ദത്തിലാകുകയാണ്. തുടർന്ന് ജീവനക്കാരും ഇടപാടുകാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് മനസ്സിലാക്കാനോ അവ പരിഹരിക്കുന്നതിന് വേണ്ട സത്വര നടപടികൾ സ്വീകരിക്കാനോ തയ്യാറാകാത്ത നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്. ആത്മാഹുതി ചെയ്ത വനിതാ മാനേജരുടെ ശാഖയും അടച്ചുപൂട്ടാൻ വേണ്ടി തീരുമാനിക്കപ്പെട്ട ശാഖയാണ് എന്നത് ഈ ദിശയിലേക്ക് കൂടുതൽ സമഗ്രമായ ഇടപെടലുകൾ ആവശ്യമുണ്ട് എന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ്. ശാഖയിലെ ജീവനക്കാർ അനുഭവിക്കുന്ന പിരിമുറുക്കത്തിന്റെ കൂടി ഭാഗമായിട്ടാവണം ഇത്തരം ദാരുണ സംഭവങ്ങൾ നടക്കുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ, ധൃതിപിടിച്ചുള്ള പരിഷ്കാരങ്ങൾ അടിയന്തിരമായി നിർത്തിവച്ച് ജീവനക്കാരെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ട് പ്രവർത്തിക്കാൻ ബാങ്ക് മാനേജ്മെന്റ് തയ്യാറാവേണ്ടതുണ്ട്.
ഓരോ ബാങ്ക് ജീവനക്കാരനും ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവ്വതവും പേറിയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. വലിയ ദാരുണമായ അപകടങ്ങൾ ഉണ്ടാകാവുന്ന കേന്ദ്രങ്ങളായി ബാങ്ക് ശാഖകൾ മാറുകയാണ്. തൊക്കിലങ്ങാടി സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു പുനർവിചിന്തനം നടത്താൻ അധികാരികൾ തയ്യാറാകണം. സമഗ്രമായ ഒരു അന്വേഷണം നടത്താൻ അടിയന്തിരമായി ഉത്തരവിടണം. ഇത്തരത്തിലുള്ള പഠനങ്ങൾ നടത്താൻ കനറാ ബാങ്കിലെ സംഘടനകളും തയ്യാറാകണം. മുമ്പ് സ്വകാര്യ ബാങ്കുകളിൽ കൂടുതലായി കണ്ടു വന്നിരുന്ന ഇത്തരം ദുഷ്പ്രവണതകൾ ഇപ്പോൾ പൊതുമേഖലാ ബാങ്കുകളിലേക്കും വ്യാപിക്കുന്നത് പരിശോധിക്കപ്പെടണം. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സമ്പൂർണ്ണ സ്വകാര്യവൽക്കരണ നയവുമായി ഇത്തരം സംഭവങ്ങൾ ചേർത്തു വായിക്കണം. ആത്മാഭിമാനത്തോടെ പണിയെടുക്കാൻ കഴിയുന്ന തൊഴിലിടങ്ങളായി ബാങ്ക് ശാഖകൾ മാറേണ്ടതുണ്ട്. ഒരു ജീവൻ കൂടി പൊലിയാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെയും മുഴുവൻ ജീവനക്കാരുടെയും ഓഫീസർമാരുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും പ്രസതാവനയിൽ അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ