- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാപ്പു പറഞ്ഞും കാത്തിരുന്നത് 'സഖാവ്' വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത 'സഖാവിനോട്' പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!
കണ്ണൂർ: സിപിഎം വിഭാഗീയതയിൽ വി എസ് പക്ഷം ചേർന്നു പ്രവർത്തിച്ച ബർലിൻ കുഞ്ഞനന്തൻ നായരുടെ അവസാന കാലത്തെ ആഗ്രഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു മാപ്പു പറയണമെന്നതായിരുന്നു. വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പാർട്ടിയിൽ തിരിച്ചെത്തി വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന ബർലിൻ, എപ്പോഴെങ്കിലും പിണറായി വിജയൻ നാറാത്തെ വീട്ടിലേക്കു കടന്നു വരുമെന്നു കരുതിയിരുന്നു. പക്ഷേ, ആ ആഗ്രഹം നടന്നില്ല. കുഞ്ഞനന്തൻ നായർ തന്റെ ആഗ്രഹം പ്രകടിപ്പിച്ച ശേഷം പലതവണ പിണറായി വിജയൻ കണ്ണൂരിൽ വന്നെങ്കിലും ബർലിനെ കാണാൻ പോയിരുന്നില്ല. അതാണ് പിണറായി. സിപിഎം നേതാക്കൾ പോലും പിണറായി പോകുമെന്നാണ് കരുതിയത്. പക്ഷേ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ ബർലിന് പിണറായി മാപ്പു നൽകിയിരുന്നില്ല.
മരണ ശേഷം ബർലിന് വേണ്ടി പിണറായി അനുശോചന കുറിപ്പ് എഴുതിയിരുന്നു. അതിൽ പോലും ബർലിനെ കമ്യൂണിസ്റ്റ് നേതാവായോ മുൻ നേതാവായോ പിണറായി ചിത്രീകരിക്കുന്നില്ല. സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കിഴക്കൻ ജർമ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു-ഇത്രയും മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ അനുശോചനം. ടിപി ചന്ദ്രശേഖരൻ വധത്തിന് ശേഷം കുലംകുത്തിയെന്നായിരുന്നു ഒഞ്ചിയത്തെ നേതാവിനെ പിണറായി വിളിച്ചത്. അത്രയവും വലിയ ആക്രമണം ഉണ്ടായില്ലെന്ന് മാത്രം. വി എസ് അച്യുതാനന്ദന്റെ അടുത്ത സുഹൃത്തായിരുന്നു ബർലിൻ. എന്നാൽ നൂറ് വയസ്സിനോട് അടുക്കുന്ന വി എസ് രോഗകിടക്കയിലാണ്. അതുകൊണ്ട് തന്നെ സുഹൃത്തിന്റെ വിയോഗം വിഎസിനെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. ഫെയ്സ് ബുക്കിൽ പോലും വിഎസിന്റെ അനുശോചനം വന്നിട്ടില്ല.
എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ ബർലിനെ അനുസ്മരിച്ചത് വിശദമായാണ്. ആദ്യകാല കമ്മ്യൂണിസ്റ്റും മുതിർന്ന പത്രപ്രവർത്തകനുമായ സഖാവ് ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാർവ്വദേശീയതലത്തിൽ മാധ്യമപ്രവർത്തനം നടത്തിയ കുഞ്ഞനന്തൻ നായർ രാജ്യത്തിന്റെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ട്. 1938ൽ കല്യാശേരിയിൽ രൂപംകൊണ്ട ബാലസംഘത്തിന്റെ ആദ്യരൂപമായ ബാലഭാരതസംഘത്തിന്റെ പ്രഥമസെക്രട്ടറിയായാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1943ൽ ബോംബെയിൽ ചേർന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഒന്നാം കോൺഗ്രസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായിരുന്ന അദ്ദേഹം 1943ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തു. എന്നോടും കുടുംബത്തോടും എല്ലാകാലത്തും അടുത്ത ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നത്. ബർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു-കോടിയേരി വിശദീകരിക്കുന്നത്.
ദേശാഭിമാനിയും ബർലിനെ ആദരിക്കുന്നുണ്ട്. ദേശാഭിമാനി ഓൺലൈനിൽ കെടി ശശിയെഴുതിയ ലേഖനം ഇതിന് തെളിവാണ്. കുഞ്ഞനന്തൻനായരുടെ ജീവിതകഥയുടെപേര് 'പൊളിച്ചെഴുത്തെ'ന്നാണ്. നാടുവാഴിത്തം അരങ്ങുവാണ കാലത്ത് കുടിയാന്മാരെ ദ്രോഹിക്കാനും ഭൂമി പിടിച്ചെടുക്കാനും ആവിഷ്കരിച്ച അന്യായ ഏർപ്പാടിനെ, ആ സാമൂഹ്യഘടനയെ പൊളിച്ചെഴുതാൻ നിസ്തുല സംഭാവന നൽകിയ വ്യക്തിത്വമെന്ന നിലയിലാകും അദ്ദേഹം ചരിത്രത്തിൽ ഇടംനേടുക. കേരളത്തിന്റെ പെരുമ ലോകത്തോളമുയർത്തിയ മാധ്യമപ്രവർത്തകനപ്പുറം നാടിന്റെ കുതിപ്പിന് ഊർജംപകർന്ന കമ്യൂണിസ്റ്റായിരുന്നു കുഞ്ഞനന്തൻ നായർ.
കുഞ്ഞനന്തനെ വക്കീലോ ജഡ്ജിയോ ആക്കാനായിരുന്നു അച്ഛനമ്മമാരുടെ ആഗ്രഹം. അവനാകട്ടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുമാണ് നടന്നുകയറിയത്. 1942ൽ ചിറക്കൽ രാജാസിൽ പഠിക്കവെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് പുറത്താക്കപ്പെട്ടു. പി കൃഷ്ണപിള്ളയുമായുള്ള അടുപ്പം ജീവിതം മാറ്റിമറിച്ചു. സോവിയറ്റ് യൂണിയനിലെ ബാലസംഘടന, 'യങ് പയനിറി'ന്റെ പ്രവർത്തനം വിവരിച്ച് സ്വാതന്ത്ര്യസമരത്തിൽ കുട്ടികൾ ചേരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ബോധ്യപ്പെടുത്തി. 1938 ഡിസംബർ 28ന് കല്യാശേരിയിൽ ബാലഭാരതസംഘത്തിന്റെ പിറവിയിലേക്ക്നയിച്ചത് ആ ഇടപെടലാണ്. കുഞ്ഞനന്തൻ സെക്രട്ടറി. നായനാർ പ്രസിഡന്റും.
1939ൽ ബക്കളത്തുചേർന്ന പത്താം കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിൽ വളന്റിയറായി. 1942ൽ പാർട്ടി അംഗത്വം. അടുത്ത വർഷം മുംബൈയിൽ നടന്ന ഒന്നാംകോൺഗ്രസിലെ പ്രായംകുറഞ്ഞ പ്രതിനിധിയായി. ബാലഭാരതസംഘത്തെക്കുറിച്ച് റിപ്പോർട്ടും അവതരിപ്പിച്ചു. കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം പട്ടാളത്തിൽ ചേർന്നെങ്കിലും കമ്യൂണിസ്റ്റാണെന്ന് കണ്ടെത്തിയതോടെ പുറത്ത്. രണ്ടുവർഷത്തോളം മുംബൈ കമ്യൂണിൽ. നാട്ടിലെത്തിയശേഷം പാർട്ടി നിർദ്ദേശപ്രകാരം കേന്ദ്ര ഓഫീസിലേക്ക്. മുഖപത്രമായ ന്യൂ ഏജ് പത്രാധിപസമിതി അംഗമായി.
ഇന്ത്യയിലെയും ലോകത്തിലെയും കമ്യൂണിസ്റ്റ് നേതാക്കളുമായി ഇത്ര ആത്മബന്ധംപുലർത്തിയ മറ്റൊരാൾ കേരളത്തിലില്ല. കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും എം എൻ ഗോവിന്ദൻ നായരും മുതൽ അജയഘോഷും സുന്ദരയ്യയും വരെയുള്ളവരുമായി ഉണ്ടായ അടുപ്പം ബ്രഷ്നേവും ഹോനേക്കറും ഉൾപ്പെടെയുള്ളവരുമായും ഉണ്ടായി.'കമ്യൂണിസത്തിനും പാർട്ടിക്കും സമർപ്പിച്ചതാണ് എന്റെ ജീവിതം. കമ്യൂണിസ്റ്റായി മരിക്കണം'' അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു-കെടി ശശി വിശദീകരിക്കുന്നു.
ദേശാഭിമാനിയിലെ മറ്റൊരു ലേഖനവും ബർലിന്റെ പോരാട്ടത്തെ എടുത്തു കാട്ടുന്നു. മുംബൈയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത 12 പേരിൽ ഒരാളായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ എന്ന കുഞ്ഞനന്തൻ. അന്ന് വെറും 18 വയസ്. 1943 മെയ് 25 മുതൽ ജൂൺ ഒന്ന് വരെ മുംബൈയിലെ കാംകാർ മൈതാനത്തിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു കുഞ്ഞനന്തൻ നായർ. 1938ൽ കല്യാശേരിയിൽ പി കൃഷ്ണപിള്ളയുടെയും കെ പി ആർ ഗോപാലന്റെയും നേതൃത്വത്തിൽ രൂപംകൊണ്ട ബാലസംഘത്തിന്റെ സെക്രട്ടറിയെന്ന നിലയിലാണ് കുഞ്ഞനന്തൻ നായർ പാർട്ടി കോൺഗ്രസ് പ്രതിനിധിയാവുന്നത്.
23ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന വേളയിൽ ആദ്യ പാർട്ടി കോൺഗ്രസ് അനുഭവങ്ങൾ 'ദേശാഭിമാനി'യോട് പങ്കുവച്ചതിങ്ങനെയാണ്- ''കൃഷ്ണപിള്ളയാണ് എന്നോട് പറഞ്ഞത് ബോംബെയിൽ പോകുമ്പോൾ ചെരുപ്പ് ഇടണമെന്ന്. എന്നിട്ട് കാലണയും തന്നു. കുറച്ച് പൈസകൂടി ചേർത്ത് കോഴിക്കോട്ട്ന്ന് ഞാൻ ഒരു രൂപയ്ക്ക് ചെരുപ്പ് വാങ്ങി. പിറകിൽ ബെൽറ്റ് പോലുള്ള ചെരുപ്പ്. ബോംബയ്ക്ക് പോവാൻ കൂട്ടുകാരായ നീണ്ടൻ മുകുന്ദന്റെയും ടി കൃഷ്ണന്റെയും കൈയിൽനിന്ന് രണ്ട് ജോഡി ഹാഫ് ട്രൗസറും അരക്കൈയൻ ഷർട്ടും വാങ്ങി. അമ്മ എനിക്ക് സോപ്പും ഒരു മാങ്ങാടൻ തോർത്തും തന്നു.
യാത്രയുടെ തലേദിവസം കോഴിക്കോട് പാർട്ടിക്കാർ താമസിക്കുന്ന കമ്യൂണുകളിലേക്കാണ് ആദ്യം പോയത്. അവിടെ ഇരുന്നാണ് കൃഷ്ണപിള്ള തന്ന ഒരു നോട്ട് ബുക്കിൽ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട ബാലസംഘം റിപ്പോർട്ട് എഴുതിയത്-- '' ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കോഴിക്കോട്ടുനിന്ന് ട്രെയിൻ കയറിയ പതിനെട്ടുകാരന്റെ അതേ ആവേശമായിരുന്നു അവസാന നാളുകളിൽ വീട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും സഖാവിന്. ഇ എം എസ്, കൃഷ്ണപിള്ള, പി നാരായണൻ നായർ, സി ഉണ്ണിരാജ, കെ കെ വാര്യർ, പി ടി പുന്നൂസ്, പി യശോദ തുടങ്ങിയവരോടൊപ്പമായിരുന്നു മുംബൈയിലേക്ക് പോയത്.-ഇങ്ങനെയാണ് ആ കഥ ദേശാഭിമാനി പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ