പാട്‌ന: അതിശക്തമായ മത്സരമാണ് ബീഹാറിൽ നടന്നത്. അതുകൊണ്ട് തന്നെ ഓരോ വോട്ടും നിർണ്ണായകമായി. ഒരു മുന്നണിയിലും നിൽക്കാത്ത ചെറുപാർട്ടികൾ അതുകൊണ്ട് തന്നെ എത്ര വോട്ട് പിടിക്കുമെന്നതും നിർണ്ണായകമായിരുന്നു. ഒവൈസിയുടെ മുസ്ലിം പാർട്ടിയെന്ന് ഏവരും വിളിക്കുന്ന എഐഎംഐഎം നേടുന്ന ഓരോ വോട്ടും അതിനിർണ്ണായകമായിരുന്നു. മൂന്ന് സീറ്റിലാണ് ഈ പാർട്ടി ജയിക്കുന്നതെങ്കിലും എല്ലാ സീറ്റിലും ചെറുതെങ്കിലും നിർണ്ണായകമായ വോട്ട് പിടിച്ചു. ഇത് ബിജെപി വിരുദ്ധ വോട്ടുകളാണ്. ഒവൈസിയുടെ പാർട്ടി ഇല്ലെങ്കിൽ മഹാസഖ്യം ഉറപ്പായി പിടിക്കേണ്ടവ. അങ്ങനെ ബിജെപിയെ എതിർക്കുന്ന ഒവൈസി ബീഹാറിലും മോദിക്ക് തുണയാകുകയാണ്.

മഹാരാഷ്ട്രയിലും യുപിയിലും എല്ലാം ഒവൈസിയുടെ വോട്ടുകൾ ബിജെപിയെ ജയിപ്പിച്ചിരുന്നു. ഒരു ശതമാനത്തിൽ താഴെ വോട്ടുകളാണ് ഒവൈസി നേടിയത്. എന്നാൽ ഇത് ബിജെപിക്ക് ജയമൊരുക്കുന്നതിൽ പലയിടത്തും നിർണ്ണായകമായി. മായാവതിയുടെ ബിഎസ്‌പിയും ബിജെപിക്ക് എതിരാണ്. എന്നാൽ മായവതിയും മുന്നണിക്ക് പുറത്ത് മത്സരിച്ച് വോട്ടു നേടുമ്പോൾ അതും ബിജെപി വിരുദ്ധ വോട്ടുകളുടെ ഭിന്നതയിലേക്ക് കാര്യങ്ങളെത്തുന്നു. ചെറിയ മാർജിനിലെ വിജയങ്ങളെ ഇത് സ്വാധീനിക്കും. ബീഹാറിൽ അതിശക്തമായിരുന്നു മത്സരം. അതുകൊണ്ട് തന്നെ ജയിക്കാത്ത പാർട്ടികളുടെ വോട്ടു പോലും ജയത്തിൽ നിർണ്ണായകമായി. വോട്ട് ഭിന്നതയുടെ രാഷ്ട്രീയം അവതരിപ്പിച്ചത് അമിത് ഷായായിരുന്നു. ഇത് ബീഹാറിൽ വീണ്ടും കാണുകയാണ്.

ബിജെപിക്കൊപ്പമായിരുന്നു രാംവിലാസ് പാസ്വാൻ. എന്നാൽ മകൻ ചിരാഗ് പാസ്വാൻ ബിജെപിക്ക് പുറത്തു പോയി. നിതീഷ് കുമാറിനെതിരെ നിലപാട് എടുത്തായിരുന്നു അത്. രാവിലാസ് പാസ്വാന്റെ മകന് കാര്യമായ സീറ്റ് നേടാൻ കഴിഞ്ഞില്ല. പക്ഷേ ആറു ശതമാനത്തിൽ മുകളിൽ വോട്ട് നേടി. ഇത് നിതീഷ് കുമാറിനെതിരായ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുന്ന വോട്ടുകളായിരുന്നു. ഈ വോട്ടുകളാണ് എൽജെപി ബീഹാറിൽ ഉടനീളം നേടിയത്. ഈ വോട്ടുകൾ കൂടി സമാഹരിക്കാൻ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നുവെങ്കിൽ തേജസ്വിനിക്ക് മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്നു. തേജസ്വിനിയും ചിരാഗും അടുത്ത സുഹൃത്തുക്കളാണ്. എന്നിട്ടും ചാരഗിനെ കൂടെ നിർത്താൻ അവർക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത.

243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. ഇരു മുന്നണികളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യം ലീഡ് ചെയ്‌തെങ്കിലും പിന്നീട് ബിജെപി ജെഡിയു സഖ്യത്തിന്റെ എൻഡിഎ മുന്നേറ്റം നടത്തുകയായിരുന്നു. എൻഡിഎ സഖ്യത്തിൽ ജെഡിയുവിന് പിന്നിലായിരുന്നു ബിജെപി. ഈ തിരഞ്ഞെടുപ്പിൽ ജെഡിയുവിനും തിരിച്ചടി നേരിട്ടു. ഇടതുപക്ഷത്തിനും മുന്നേറ്റമുണ്ട്. മഹാസഖ്യം ഭരണം പിടിക്കുമെന്നായിരുന്നു ഭൂരിപക്ഷം എക്‌സിറ്റ്‌പോൾ ഫലങ്ങളും പ്രവചിച്ചത്. അതിന് കാരണം ചിരാഗ് പാസ്വാന്റെ സാന്നിധ്യമായിരുന്നു. പരിവാർ വോട്ടുകൾ ചിരാഗ് പിളർത്തുമെന്ന് ഏവരും കരുതി. എന്നാൽ അതു സംഭവിച്ചില്ലെന്നതാണ് വസ്തുത.

ബീഹാർ രാഷ്ട്രീയം പരിശോധിച്ചാൽ ഓരോ പതിനഞ്ച് വർഷം കൂടുന്തോറും പ്രതിപക്ഷം അധികാരത്തിൽ വരുന്ന കാഴ്ചയാണ് മൂന്ന് ദശാബ്ദമായി കണ്ടുവരുന്നത്. ലാലു - റാബ്രി സർക്കാരിന്റെ പതിനഞ്ച് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് നിതീഷ് കുമാർ 2005ൽ അധികാരത്തിൽ വന്നത്. പിന്നീട് നീണ്ട മൂന്ന് തിരഞ്ഞെടുപ്പിലും കരുത്തുറ്റ പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. ഈ മൂന്നു പതിറ്റാണ്ടെത്തെ ഭരണക്കഥ മാറുകയാണ്. വീണ്ടും നിതീഷ് തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. ആധുനിക കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത വൃദ്ധനായി നിതീഷ് കുമാർ മാറിയെന്ന പ്രതിപക്ഷത്തിന്റെ പ്രചരണങ്ങളും ചർച്ചയായി. ഇതിനെ മോദി പ്രഭാവം കൊണ്ട് ബിജെപി നേരിട്ടു.

ബീഹാറിന്റെ ജനകീയ മുഖമായി കഴിഞ്ഞ 15 വർഷമായി എൻ ഡി എ ഉയർത്തിക്കാട്ടുന്ന നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. എൻ ഡി എ അധികാരത്തിലെത്തിയാലും ജെ ഡി യുവിന് മുഖ്യമന്ത്രി കസേരയടക്കം പ്രമുഖ സ്ഥാനത്തേയ്ക്ക് വിലപേശാൻ കഴിയില്ല. എന്നാലും നിതീഷിനെ തന്നെ തൽകാലം മുഖ്യമന്ത്രിയാക്കാനാണ് ബിജെപി തീരുമാനം.