പട്‌ന: ബീഹാറിൽ വീണ്ടും നിതീഷ് ഭരണം. 15 വർഷം കൂടുമ്പോൾ ഭരണം മാറുകയെന്ന പതിവ് ഇക്കുറി ബീഹാറിൽ തെറ്റുകയാണ്. 243 അംഗ നിയമസഭയിൽ 125 സീറ്റുമായി ബിജെപിയുടെ നേതൃത്വത്തിലെ സഖ്യം അധികാരം ഉറപ്പിച്ചു. എൻഡിഎയിലെ ഏറ്റവും വലിയ കക്ഷി ബിജെപിയാണെങ്കിലും ഘടകകക്ഷിയായ ജനതാദൾ യുണൈറ്റഡിന് മുഖ്യമന്ത്രി കസേര നൽകും. അങ്ങനെ വീണ്ടും നിതീഷ് ബീഹാറിനെ ഭരിക്കാൻ ഒരുങ്ങുകയാണ്.

ബീഹാറിൽ ബിജെപിയുടെ പ്രകടനമാണ് എൻഡിഎയ്ക്ക് തുണയായത്. 110 സീറ്റിൽ മത്സരിച്ച ബിജെപി 74 സീറ്റിൽ ജയിച്ചു. 67 ശതമാനായിരുന്നു അവരുടെ വിജയ ശതമാനം. 115 സീറ്റിൽ മത്സരിച്ച നിതീഷിന്റെ പാർട്ടിക്ക് ജയിക്കാനായത് 43 സീറ്റിലും. ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി നയിച്ച ആർജെഡിക്ക് 75 സീറ്റുണ്ട്. അങ്ങനെ അവർ നിയമസഭയിലെ വലിയ കക്ഷിയായി. പക്ഷേ കഴിഞ്ഞ തവണത്തെക്കാൾ അഞ്ച് സീറ്റുകൾ അവർക്ക് കുറഞ്ഞു. ബിജെപിക്ക് 21 സീറ്റ് കൂടിയപ്പോൾ നിതീഷിന് 28 സീറ്റുകൾ കുറഞ്ഞുവെന്നതാണ് മറ്റൊരു വശം. എൻഡിഎയിലെ രണ്ട് ഘടകക്ഷികളാണ് ഹിന്ദുസ്ഥാനി അവാം മോർച്ചയും വികഷീൽ ഇൻസാൻ പാർട്ടി നാലു സീറ്റും നേടി. അങ്ങനെ എൻഡിഎയ്ക്ക് വേണ്ടി അവരും മികച്ച പ്രകടനം കാട്ടി.

ഇടതു പാർട്ടികളുടെ പ്രകടനവും അതിനിർണ്ണായകമായി. സിപിഐഎംഎൽ 12 സീറ്റിൽ ജയിച്ചു. സിപിഐയ്ക്കും സിപിഎമ്മിനും രണ്ട് സീറ്റ് വീതവും. മഹാസഖ്യത്തിൽ തീർത്തും നിരാശരാക്കിയത് കോൺഗ്രസാണ്. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് കിട്ടിയത് 19 സീറ്റുകൾ മാത്രം. ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിയാത്തതാണ് മഹാസഖ്യത്തിന് ഭരണം നഷ്ടമാക്കുന്നത്. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റാൻ കാരണവും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കൂട്ട തോൽവിയാണ്. നിതീഷ് കുമാറിനെ തേജ്വസിയുടെ ആർജെഡി വരിഞ്ഞു കെട്ടിയെങ്കിലും ബിജെപിയെ പലയിടത്തും തളയ്ക്കാൻ കോൺഗ്രസിനായില്ല. ഇതോടെ ജയം എൻഡിഎയ്ക്കായി. ഏറ്റവും വലിയ ഒറ്റപാർട്ടിയെന്ന സമാധാനം മാത്രം ആർജെഡിക്ക്.

ഒവൈസിയുടെ എഐഎംഇഎം അഞ്ച് സീറ്റ് നേടി. അവർ എല്ലായിടത്തും വോട്ട് പിടിച്ചു. മഹാസഖ്യത്തിന്റെ വോട്ടുകളാണ് അവർ പെട്ടിയിലാക്കിയത്. ഇതും ബിജെപി വിജയത്തിൽ നിർണ്ണായകമായി. എന്നാൽ രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് നയിച്ച എൽജിപിക്ക് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. പക്ഷേ പലയിടത്തും നിതീഷിന്റെ പാർട്ടി തോറ്റത് എൽജെപികാണമാണ്. ഒരു സ്വതന്ത്രനും ജയിച്ചു. ബിഎസ്‌പിക്കും നിയമസഭയിൽ ഒരു സീറ്റുമായി അക്കൗണ്ട് തുറക്കാനായി.

എൻഡിഎ സഖ്യത്തിന് 125 പേരാണ് ജയിച്ചതെങ്കിലും സ്വതന്ത്രന്റേയും എൽജെപിയുടേയും പിന്തുണ ലഭിച്ചേക്കും. അങ്ങനെ 127 പേരുടെ പിന്തുണ ബീഹാർ നിയമസഭയിൽ അവർക്കുണ്ട്. 2015ലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാലും എൻഡിഎയ്ക്ക് 125 പേരുടെ പിന്തുണയേ ഉണ്ടായിരുന്നുള്ളൂ. അത് അവർ ഇത്തവണയും നിർത്തി. മഹാസഖ്യത്തിനും കഴിഞ്ഞ തവണത്തെ 110 സീറ്റ് കിട്ടി. എൽജെപി മുന്നണി വിട്ട് മത്സരിച്ചപ്പോൾ സീറ്റിൽ ഒന്നു കുറഞ്ഞു. ബീഹാറിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും നിതീഷിന്റെ പാർട്ടി ജയിച്ചു.

നിതീഷ് മുഖ്യമന്ത്രിയാകും ചാട്ടം പിഴച്ചത് മോദിയുടെ ഹനുമാന്!

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുറത്തു നിന്നുള്ള പാർട്ടികളുടെ പിന്തുണ ഇല്ലാതെ എൻഡിഎ അധികാരത്തിൽ എത്തുമെന്ന സൂചനയാണ് ബിഹാറിൽ നിന്നു ലഭിക്കുന്നത്. നീതീഷ് കുമാറിനെ മുഖ്യമന്ത്രിയായി കാട്ടിയാണ് എൻഡിഎ തെരഞ്ഞെടുപ്പിൽ മത്സരിച്ചതും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ സമയത്ത് തന്നെ വ്യക്തമാക്കിയ കാര്യമാണ്, ബിജെപിക്കാണ് സീറ്റ് കൂടുതൽ എങ്കിലും നിതീഷ് ആകും എൻഡിഎയുടെ മുഖ്യമന്ത്രി എന്നത്. വലിയ അട്ടിമറികൾ നടന്നില്ലെങ്കിൽ അവസാനഫലത്തിനു ശേഷം സഖ്യമര്യാദയും വാക്കും പാലിച്ച് നിതീഷിനെ തന്നെ മുഖ്യമന്ത്രി ആക്കുമെന്ന് ബിജെപി വാഗ്ദാനം തന്നെ ബിഹാറിൽ യാഥാർഥ്യമാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മന്ത്രിസ്ഥാനങ്ങളിൽ ഭൂരിപക്ഷവും ബിജെപി തീരുമാനിക്കുമെങ്കിലും മുഖ്യമന്ത്രിയായി നിതീഷ് തന്നെ എത്തുമെന്നാണ് റിപ്പോർട്ട്.

തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ലീഡ് നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞു. നരേന്ദ്ര മോദിയുടെ ഹനുമാൻ എന്ന് സ്വയം വിശേഷിപ്പിച്ച എൽജെപി നേതാവ് ചിരാഗ് പാസ്വാനും സംഘവും ഒരു സീറ്റിലേക്ക് ഒതുങ്ങി.

നിറം മങ്ങിയത് നിതീഷ്, ഓടിക്കയറിയത് ഇടതുപക്ഷം

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യം മുന്നിട്ടുനിന്നത് മഹാസഖ്യമാണ്. എൻഡിഎയെ 20ലധികം സീറ്റുകളിൽ പിന്നിലാക്കി 50 കടന്ന മഹാസഖ്യം വിജയത്തിലേക്കെന്ന പ്രതീതി ജനിപ്പിച്ചു. എന്നാൽ തൊട്ടുപിന്നാലെ ബിജെപി മുന്നേറ്റത്തോടെ എൻഡിഎയ്ക്ക് അനുകൂലമായ ഫലസൂചനകൾ വന്നു. കേവലഭൂരിപക്ഷവും കടന്ന് എൻഡിഎയുടെ ലീഡ് നില കുതിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണം നിലനിർത്തുമ്പോഴും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരഞ്ഞെടുപ്പിൽ നിറംമങ്ങി. 43 സീറ്റുകൾ മാത്രമാണ് ജെഡിയുവിന് നേടാനായത്. നിതീഷിനോട് ഇടഞ്ഞ് എൻഡിഎ വിട്ട് 137 സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽജെപി ഒറ്റ സീറ്റിൽ ഒതുങ്ങി. മഹാസഖ്യത്തിൽ ഇടതുപാർട്ടികൾ മികച്ച മുന്നേറ്റം നടത്തിയപ്പോൾ കോൺഗ്രസിന് അടിതെറ്റി.

അസദുദ്ദീൻ ഉവൈസിയുടെ എംഐഎംഐഎം നടത്തിയ മുന്നേറ്റം മറ്റൊരുതരത്തിൽ മഹാസഖ്യത്തിന് തിരിച്ചടിയായി. സീമാഞ്ചൽ മേഖലയിൽ എംഐഎംഐഎം 5 മണ്ഡലങ്ങളിൽ വിജയിച്ചു. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ ഭാഗമായി 24 സീറ്റുകളിലാണ് എംഐഎംഐഎം മത്സരിച്ചത്. പതിനാലും സീമാഞ്ചലിലായിരുന്നു.

പുലർച്ചെ മൂന്നു മണിയോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്തിമഫലം പുറത്തുവന്നത്. രാവിലെ എട്ടു മണിക്ക് തുടങ്ങിയ വോട്ടെണ്ണൽ അർധരാത്രി പിന്നിട്ടതോടെ വോട്ടെണ്ണൽ ഫലം അധികം വൈകാതെ തന്നെ പുറത്തുവരുമെന്ന ഉറപ്പുമായി രാത്രി ഒരു മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്താസമ്മേളനവും പ്രത്യേകതയായി. ഇതിനിടെ മഹാസഖ്യത്തിലെ 119 പേർ ജയിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അത് അംഗീകരിക്കുന്നില്ലെന്നും ആരോപിച്ച് ആർജെഡി നേതാക്കൾ രംഗത്തെത്തിയതും വാർത്തകളിൽ ഇടം നേടി.

എക്‌സിറ്റ് പോളുകൾ പാളി

ബിഹാർ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരുമ്പോൾ പാളുന്നത് വിവിധ കേന്ദ്രങ്ങൾ നടത്തിയ എക്‌സിറ്റ് പോൾ ഫലങ്ങളും. ചിരാഗ് പസ്വാൻ മികച്ച മുന്നേറ്റം നടത്തുമെന്ന് വിവിധ സർവേകൾ പറഞ്ഞെങ്കിലും ഒറ്റ സീറ്റു മാത്രം നേടി ഒതുങ്ങാനാണ് ചിരാഗിന്റെ എൽജെപിക്ക് ആയത്. നിതീഷിന്റെ ജെഡിയു പിന്നോട്ടു പോകുമെങ്കിലും ബിജെപി നേട്ടമുണ്ടാക്കുമെന്ന് ചില സർവേകൾ പ്രവചിച്ചതു മാത്രമാണ് അൽപമെങ്കിലും ശരിയായത്.

തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പും അവസാനിച്ചതിനു പിന്നാലെ വന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിപക്ഷവും തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യത്തെ തുണയ്ക്കുന്നതായിരുന്നു. സിഎൻഎൻ ന്യൂസ് 18 ടുഡേസ് ചാണക്യ സർവേയിൽ മഹാസഖ്യത്തിന് 180 സീറ്റുകൾ വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകൾ വേണ്ടപ്പോൾ 44 ശതമാനം വോട്ടുവിഹിതത്തോടെ വൻ മുന്നേറ്റം മഹാസഖ്യം നടത്തുമെന്നായിരുന്നു ഇവരുടെ സർവേഫലം. അതേസമയം ജെഡിയു ബിജെപി സഖ്യം നയിക്കുന്ന എൻഡിഎ 55 സീറ്റുകളിൽ ഒതുങ്ങുമെന്നും എൽജെപി ബിഎസ്‌പി തുടങ്ങിയ മറ്റുള്ളവയ്ക്ക് 8 സീറ്റ് ലഭിക്കുമെന്നുമായിരുന്നു പ്രവചനം.

2015ൽ എക്‌സിറ്റ് പോളുകളുടെ പ്രവചനം പോലെ മഹാഗഡ്ബന്ധൻ സഖ്യം തന്നെ അധികാരത്തിൽ ഏറിയിരുന്നു. അന്ന് രണ്ട് എക്‌സിറ്റ് പോളുകൾ ഒഴികെ ബാക്കിയെല്ലാം മഹാസഖ്യത്തിനാണ് വിജയം പ്രവചിച്ചിരുന്നത്. മൂന്ന് എക്‌സിറ്റ് പോളുകൾ മഹാസഖ്യം കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ ഏറുമെന്നും പ്രവചിച്ചിരുന്നു.